തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്നനിലയ്ക്ക് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ അധ്യാപകര്‍ക്ക് രണ്ടുവര്‍ഷം ശമ്പളത്തോടെ അവധി നല്‍കും. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റേതാണ് ഉത്തരവ്.

സ്റ്റാര്‍ട്ടപ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് ഉള്‍പ്പെടുന്ന അഞ്ചംഗ വിദഗ്ധസമിതി അധ്യാപകരെ തിരഞ്ഞെടുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലം പത്ത് അധ്യാപകരെ തിരഞ്ഞെടുക്കും. വിദ്യാര്‍ഥികളുമായി ചേര്‍ന്നോ സ്വന്തംനിലയ്‌ക്കോ അധ്യാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം. സ്ഥിരം അധ്യാപകര്‍ക്കായിരിക്കും അവധിക്കര്‍ഹത. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ നിയമങ്ങള്‍ക്കു വിധേയമായിട്ടാണ് അവധി. ശമ്പളമില്ലാതെയാണ് അവധിയെടുക്കുന്നതെങ്കില്‍ 50,000 രൂപ, അല്ലെങ്കില്‍ വാങ്ങുന്ന ശമ്പളം എന്നിവയിലേതാണോ കുറഞ്ഞത് അത് സര്‍ക്കാര്‍ നല്‍കും. അവധി കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന ഉറപ്പ് അധ്യാപകര്‍ ജോലിചെയ്യുന്ന സ്ഥാപനം സര്‍ക്കാരിനു നല്‍കണം.
       
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗവേഷണ-വികസന ഗ്രാന്റ്, ഉത്പന്ന നിര്‍മാണ-പരിവര്‍ത്തന ഗ്രാന്റ്, സീഡ് ഫണ്ട്, രാജ്യാന്തര വിനിമയ പരിപാടികള്‍, ബിസിനസ് സന്ദര്‍ശനങ്ങള്‍, പരിശീലനം, മെന്ററിങ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങള്‍ക്കും ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അര്‍ഹതയുണ്ടാകും. ആശയങ്ങള്‍ക്കുള്ള സാധ്യത വ്യക്തമാക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ട് അല്ലെങ്കില്‍ ഉത്പന്നത്തിന്റെ ആദ്യ പ്രവര്‍ത്തന മാതൃക എന്നിവ പരിശോധിച്ചായിരിക്കും അര്‍ഹത നിശ്ചയിക്കുക.

സംസ്ഥാന സാങ്കേതിക സര്‍വകലാശാല, കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല, എ.ഐ.സി.ടി.ഇ. എന്നിവയുടെ പ്രതിനിധികള്‍, വ്യവസായമേഖലയുടെ പ്രതിനിധിയായി കൊച്ചി ടി.സി.എസിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എന്നിവരായിരിക്കും വിദഗ്ധസമിതിയിലെ മറ്റംഗങ്ങള്‍.
 
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഒരു സംസ്ഥാനം നടപ്പാക്കുന്നതെന്ന് ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. അധ്യാപകരുടെ പങ്കാളിത്തത്തിലൂടെ അനുഭവജ്ഞാനവും ഉത്തരവാദിത്വവും സ്റ്റാര്‍ട്ടപ്പുകളില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുവേണ്ടിയാണ് നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ഡോ. സജി ഗോപിനാഥ് അറിയിച്ചു.