കൊച്ചി: കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം കീഴടക്കാന്‍ വിദേശ സംരംഭകരും. പ്രവര്‍ത്തന മികവ് തെളിയിച്ച വിദേശ സംരംഭകര്‍ക്കും ഏജന്‍സികള്‍ക്കും ഇനി കേരളത്തില്‍ ഇന്‍ക്യുബേറ്ററുകളും ആക്‌സിലറേറ്ററുകളും തുടങ്ങാനാകും. ഇതു സംബന്ധിച്ച പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ വിദേശ സംരംഭകരുമായി ചര്‍ച്ചകള്‍ തുടങ്ങി.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിദേശ സംരംഭകരുടെയും ഏജന്‍സികളുടെയും സാന്നിധ്യം കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ഉണര്‍വാകും. കേരളത്തിലെ സംരംഭകര്‍ക്ക് വിദേശ വിപണികളില്‍ സാന്നിധ്യമുറപ്പിക്കാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച ഏജന്‍സികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥ് പറഞ്ഞു. കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ചൈന, സിങ്കപ്പുര്‍ എന്നീ രാജ്യങ്ങളിലെ സംരംഭകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ ഇന്‍ക്യുബേറ്ററുകള്‍, ആക്‌സിലറേറ്ററുകള്‍, അന്താരാഷ്ട്ര സര്‍വകലാശാലകള്‍ എന്നിവയുമായെല്ലാം സഹകരണം ലക്ഷ്യമിടുന്നുണ്ട്. താത്പര്യം പ്രകടിപ്പിക്കുന്നവരുമായി സര്‍ക്കാര്‍ ധാരണയിലെത്തും. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായാണ് സഹകരിക്കുക.

പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലം ഉള്‍പ്പെടെയുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കും. സര്‍ക്കാരിന്റെ കീഴില്‍ നിലവിലുള്ള പാര്‍ക്കുകളില്‍ പ്രവര്‍ത്തന സൗകര്യം ഒരുക്കും. 5,000 മുതല്‍ 25,000 ചതുരശ്രയടി വരെ സ്ഥലമാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യ വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ പ്രവര്‍ത്തന പിന്തുണയും വാഗ്ദാനങ്ങളിലുണ്ട്.
 
ലക്ഷ്യം നിക്ഷേപം, വിദേശ വിപണി
 
വിദേശ വിപണിയും വന്‍തോതിലുള്ള നിക്ഷേപവും ലക്ഷ്യമിട്ടാണ് കേരളത്തിന്റെ പുതിയ നീക്കം. കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണികളില്‍ വേണ്ടത്ര സ്വാധീനം നേടാനായിട്ടില്ല. ഇതിനുള്ള മാറ്റമാണ് ലക്ഷ്യങ്ങളിലൊന്ന്. വിദേശ വിപണികളില്‍ സാന്നിധ്യമുറപ്പിച്ചിട്ടുള്ള സംരംഭകരെയാണ് പ്രധാനമായും നോട്ടമിടുന്നത്. ചൈന, യൂറോപ്പ് തുടങ്ങിയ വിപണികളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ഈ സ്ഥലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കമ്പനികളുമായി സഹകരിച്ച് ഇത് സാധ്യമാക്കും. നിക്ഷേപത്തിന്റെ സന്നദ്ധതയും പ്രധാന ഘടകമാണ്.

വിദേശ വിപണികളില്‍ ശ്രദ്ധ നേടാവുന്ന തരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ കേരളത്തില്‍നിന്നുണ്ടാകുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധ നേടാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. വിദേശ സംരംഭകരുമായുള്ള സഹകരണം വഴി കൂടുതല്‍ മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ കേരളത്തില്‍നിന്നുണ്ടാകും. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണികളിലേക്കുള്ള വഴിയും തുറക്കും.

ഇന്‍ക്യുബേറ്റര്‍

ആശയവുമായി എത്തിയാല്‍ മതി. പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ബാക്കിയെല്ലാം ഇന്‍ക്യുബേറ്ററുകളില്‍ ലഭിക്കും. 'പ്ലഗ് ആന്‍ഡ് പ്ലേ' വര്‍ക് സ്റ്റേഷന്‍ എന്നും വിശേഷിപ്പിക്കാം ഇത്തരം സംവിധാനത്തെ. സര്‍ക്കാര്‍ പിന്തുണയുള്ള ഇന്‍ക്യുബേറ്ററുകളുമുണ്ട്.

ആക്‌സിലറേറ്റര്‍

ഇന്‍ക്യുബേറ്ററുകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ആക്‌സിലറേറ്ററുകളും. എന്നാല്‍ നിക്ഷേപം എന്ന ഘടകം കൂടി ഇതില്‍ കടന്നുവരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനമെന്ന നിലയില്‍ ഇവ ഒരു നിശ്ചിത തുക നീക്കിവയ്ക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലക്ഷക്കണക്കിനു രൂപ വാഗ്ദാനം ചെയ്യുന്ന ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകള്‍ രാജ്യത്തുണ്ട്.