കൊച്ചി: സംരംഭകത്വ വികസനത്തിനായി വ്യത്യസ്തമായ വഴികള്‍ ആസൂത്രണം ചെയ്ത് സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഇതിന്റെ ഭാഗമായി തോറ്റവരില്‍ നിന്നു കേട്ടുപഠിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ അവസരമൊരുക്കുന്നു.പുതിയതായി തുടങ്ങുന്ന സംരംഭങ്ങളില്‍ ഒറ്റയടിക്ക് തന്നെ വിജയിക്കുന്നത് വിരലില്‍ എണ്ണാവുന്നവ മാത്രമായിരിക്കും. തോല്‍വികളില്‍ മനം മടുത്ത് പലരും പാതിവഴിയില്‍ ഉപേക്ഷിക്കും. തോല്‍വികളില്‍ ഭയന്ന് പിന്‍മാേറണ്ട എന്ന ഉപദേശവുമായി രംഗത്തെത്തുകയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍.

പരാജയപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലെ ആദ്യ സെഷന്‍ ഡിസംബര്‍ എട്ടിന് കൊച്ചിയില്‍ നടക്കും. പുതിയതായി തുടങ്ങുന്ന സംരംഭങ്ങളില്‍ 70 ശതമാനവും പരാജയപ്പെടുന്നുവെന്ന കണക്കുകളാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷനെ പ്രേരിപ്പിച്ചത്.

പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ സംരംഭകര്‍ തന്നെ വിശകലനം ചെയ്യുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. അഭിമുഖീകരിച്ച പ്രതിസന്ധികള്‍, അവ തരണം ചെയ്യുന്നതില്‍ വന്ന പാളിച്ചകള്‍, സാങ്കേതിക വിദ്യ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ക്കറ്റിങ് പൊടിക്കൈകള്‍ എന്നിവയെല്ലാം ഇതിനൊപ്പം വിശദീകരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഇതിനകം 150 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ബയോ ടെക്‌നോളജി ഫിനിഷിങ് സ്‌കൂള്‍

ഏറെ അവസരങ്ങളുള്ള മേഖലയാണ് ബയോ ടെക്‌നോളജി. ഈ മേഖലയിലെ പുതു പ്രവണതകളെക്കുറിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി കൊച്ചി കേന്ദ്രീകരിച്ച് ഫിനിഷിങ് സ്‌കൂള്‍ തുടങ്ങും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുമായി ചേര്‍ന്നാണ് ഇത് ആരംഭിക്കുക. മൂന്നു വിഭാഗങ്ങളായാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നാഴ്ച നീളുന്നതായിരിക്കും ഓരോ ഘട്ടവും. ബയോ ടെക്‌നോളജി അവസാനവര്‍ഷ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് ഈ ഫിനിഷിങ് സ്‌കൂള്‍.