തിരുവനന്തപുരം : നൂതനാശയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപം നല്‍കിയ സാമ്പത്തിക സഹായപദ്ധതി 'ഐഡിയ ഡേ' എന്ന പേരില്‍ സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കെത്തുന്നു. വിപണനയോഗ്യമായ സാങ്കേതിക ഉത്പന്നങ്ങളോ ആശയങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായധനം നല്‍കുന്നതിനുവേണ്ടി 'ഇന്നവേഷന്‍ ഫണ്ടും' രൂപവത്കരിച്ചു.

കോളേജുകളില്‍ രൂപവ്തകരിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തില്‍നിന്നുള്ള സാങ്കേതിക സംരംഭകര്‍ക്കും സഹായംലഭിക്കും. എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ചയാണ് ഐഡിയ ഡേ ആയി നിശ്ചയിച്ചിട്ടുള്ളത്. ഈ ദിവസം അവതരിപ്പിക്കപ്പെടേണ്ട ഉത്പന്നങ്ങളും ആശയങ്ങളുമായി വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എല്ലാ മാസവും 25 വരെ അപേക്ഷിക്കാം. പദ്ധതിക്ക് തുടക്കം കുറിക്കുന്ന സെപ്റ്റംബറിലെ ഐഡിയ ഡേയിലെ പങ്കാളിത്തത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 29 വരെ നീട്ടി.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം. ആഗോളതലത്തിലേക്ക് പരിവര്‍ത്തനം ചെയ്യാവുന്ന നൂതനാശയങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളു. ഉത്പന്നങ്ങള്‍ക്കായിരിക്കും ഗ്രാന്റ് നല്‍കുക. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകളില്‍ ഏതെങ്കിലും ഒരു കാമ്പസില്‍ ആയിരിക്കും ഐഡിയ ഡേ ആചരിക്കുക.

തിരഞ്ഞെടുത്ത ഓരോ അപേക്ഷകര്‍ക്കും അവരുടെ ആശയം അവതരിപ്പിക്കാന്‍ പത്തുമിനിറ്റ് വീതം ലഭിക്കും. ഒരു ഉത്പന്നത്തിന്റെ ആശയപ്രസ്താവനയും ആദ്യ മാതൃകയും സ്വന്തമായുള്ള വ്യക്തികള്‍ക്ക് ഇന്നവേഷന്‍ ഗ്രാന്റിനായി അപേക്ഷിക്കാം.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് www.startupmission.kerala.gov.in/ideaday എന്ന വെബ്‌പേജ് സന്ദര്‍ശിക്കുക.