സ്റ്റാര്‍ട്ടപ്പിലും പുതുസാങ്കേതികതയിലുമെല്ലാം താത്പര്യമുണ്ടോ? എങ്കില്‍ മടിക്കേണ്ട. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമാകാം. യുവാക്കളുടെ സഹായത്തോടെ കേരളത്തെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെയും നൂതനസാങ്കേതികവിദ്യയുടെയും കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഫെലോഷിപ്പിന് അര്‍ഹതനേടുന്നവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന സര്‍ക്കാരിന്റെ മറ്റു വകുപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവസരം ലഭിക്കുമെന്നതാണ് ആകര്‍ഷകമായ ഘടകം. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം അടിസ്ഥാനസൗകര്യത്തിലും മറ്റും സംസ്ഥാനം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഡിജിറ്റല്‍ പരിഹാരമാര്‍ഗവും ലക്ഷ്യങ്ങളിലുണ്ട്. സമര്‍പ്പിക്കുന്ന പദ്ധതിരൂപരേഖയുടെയും മറ്റും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജൂണ്‍ ഒമ്പതുവരെ അപേക്ഷിക്കാം. 

  1.  സീനിയര്‍ ഫെലോഷിപ്പ്: വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുക. അതത് മേഖലകളില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ആഴ്ചയില്‍ 25 മുതല്‍ 35 മണിക്കൂര്‍വരെ സമയം പദ്ധതിയില്‍ ചെലവഴിക്കണം. ഫെലോഷിപ്പ് തുക മാസം 60,000 മുതല്‍ 80,000 രൂപവരെ. ഹാര്‍ഡ്വേര്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഹെല്‍ത്ത് ആന്‍ഡ് മെഡ് ടെക്, ഫിന്‍ ടെക്, സ്പേസ് ടെക്, സോഷ്യല്‍ ആന്‍ഡ് റൂറല്‍ ഇന്നൊവേഷന്‍സ് എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന് ഫെലോഷിപ്പ് നല്‍കും. 
  2.  ഓണററി ഫെലോഷിപ്പ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി/  വെര്‍ച്വല്‍ റിയാലിറ്റി, ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്സ് എന്നീ പുതുസാങ്കേതികതകളിലാണ് ഫെലോഷിപ്പ്. പുതുസാങ്കേതികമേഖലകളില്‍ മികവിന്റെ കേന്ദ്രം ഒരുക്കുക. വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ശേഷിവികസനം, സാങ്കേതികസഹായം, ലൈസന്‍സ് ഉള്‍പ്പെടെ സൗകര്യങ്ങള്‍.
  3. 3) ഫാബ് ഫെലോഷിപ്പ്: സംസ്ഥാനത്തെ ഫാബ് ലാബുകളുമായി ചേര്‍ന്ന് പ്രവര്‍ത്തനം. ഇവിടെനിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ദേശീയ-അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരിക. ഫെലോഷിപ്പ്: 25,000-30,000 രൂപ
  4.  ബയോ ഫാബ് ഫെലോഷിപ്പ്: ഫിനിഷിങ് സ്‌കൂള്‍ പദ്ധതികള്‍ക്ക് പിന്തുണ. ത്രീ ഡി ബയോ പ്രിന്റിങ്, ടിഷ്യൂ എന്‍ജിനീയറിങ് എന്നിവയ്ക്കായി ലബോറട്ടറി. തുക: 30,000-40,000 രൂപ
  5.  ഗവേഷണ ഫെലോഷിപ്പ്: സ്റ്റാര്‍ട്ടപ്പ് നയങ്ങളുടെ ഗവേഷണം, വിപണി നിക്ഷേപ സാധ്യതകളുടെ അവലോകനം, സ്റ്റാര്‍ട്ടപ്പുകളെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരിക. തുക: 25,000-30,000 രൂപ
  6.  ജൂനിയര്‍ ഫെലോഷിപ്പ് : വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫെലോഷിപ്പ് നല്‍കുന്നത് ഈ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്. തുക: 15,000-20,000 രൂപ.സാങ്കേതികരംഗങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍, ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്വേറുകളുടെ പ്രചാരം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍, കോളേജുകളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്ക്. 

വിവരങ്ങള്‍ക്ക്: www.startupmission.kerala.gov.in/tifp

''വിവരസാങ്കേതികമേഖല മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുള്‍ക്കൊണ്ടാണ് സംസ്ഥാനത്തിന്റെ ഐ.ടി. വികസനപദ്ധതികള്‍. മാറുന്ന സാങ്കേതികതയ്ക്ക് അനുസരിച്ച് കേരളത്തെ സജ്ജമാക്കാനാണ് വിവിധ മേഖലകളില്‍ ഫെല്ലോഷിപ്പ്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്നതിനൊപ്പം അതത് മേഖലകളില്‍ മനുഷ്യവിഭവശേഷി വളര്‍ത്തുകയും ലക്ഷ്യങ്ങളിലുണ്ട്''. 

- സജി ഗോപിനാഥ് ,കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ.