കോഴിക്കോട്: സ്റ്റാര്‍ട്ടപ്പുകളിലൂടെയുണ്ടാവുന്ന ചെറുകമ്പനികളിലാണ് കേരളത്തിന്റെ ഭാവിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. 'മാനേജ്‌മെന്റിലെ സമൂലപരിവര്‍ത്തനത്തിന്റെ കാലത്ത് സ്റ്റാര്‍ട്ടപ്പുകളുടെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹോട്ടല്‍ മലബാര്‍ പാലസില്‍ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനാണ് പരിപാടി നടത്തിയത്.

വമ്പന്‍ കമ്പനികളുടെയും പഴയരീതിയിലുള്ള മാനേജ്‌മെന്റ് രീതികളുടെയും കാലം കഴിഞ്ഞു. ചെറുതും സൂക്ഷ്മവുമായ സംരംഭങ്ങളുടെ സമാഹാരമെന്ന നിലയിലാണ് ഗൂഗിളിനെപ്പോലുള്ള കമ്പനികള്‍പോലും പ്രവര്‍ത്തിക്കുന്നത്. സമൂലമാറ്റത്തിന്റെ ഈ കാലത്ത് ഏതു സാങ്കേതികവിദ്യയും വളരെ പ്പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു.
 
saji gopinath
ഡോ. സജി ഗോപിനാഥ് 
 
സ്റ്റാര്‍ട്ടപ്പുകളിലൂടെയുള്ള കമ്പനികള്‍ കേരളത്തിന് ഏറ്റവും ഉചിതമാണ്. നവീനാശയങ്ങളുള്ളതും സമൂഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതും പരിസ്ഥിതിമലിനീകരണമുണ്ടാക്കാത്തതുമായ സംരംഭങ്ങളാണ് ഇവിടെ അനുയോജ്യം. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, ഗതാഗതക്കുരുക്കൊഴിവാക്കല്‍ എന്നിങ്ങനെ കേരളം നേരിടുന്ന പല സാമൂഹികപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാനുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സാധ്യമാണ്.

കേരളത്തിലെ വ്യവസായാന്തരീക്ഷത്തെക്കുറിച്ചുള്ള പ്രതിച്ഛായ കാരണമാണ് മുതല്‍മുടക്കാന്‍ മറ്റിടങ്ങളിലുള്ളവര്‍ വിമുഖത കാണിക്കുന്നത്. ഇവിടെ വ്യവസായസൗഹൃദാന്തരീക്ഷമാണെന്നു ബോധ്യപ്പെടുത്താതെ ഈ സ്ഥിതി മാറില്ല. ഇവിടെ തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വികസനത്തിന്റെ ഘട്ടമാകുമ്പോള്‍ ബാംഗ്ലൂരിലേക്കു പറിച്ചുനടുന്ന സ്ഥിതിയാണിപ്പോള്‍. നിലനില്‍ക്കുന്ന ധാരണകള്‍ മാറ്റിയില്ലെങ്കില്‍ കേരളം സ്റ്റാര്‍ട്ടപ്പുകളുടെ നഴ്‌സറിയായിത്തന്നെ തുടരും -അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് കെ.എ. അജയന്‍ അധ്യക്ഷനായി. വി.കെ.എസ്. മേനോന്‍, എം.എ. മെഹബൂബ്, അനില്‍ ബാലന്‍, ടി. ആസിഫ് എന്നിവര്‍ സംസാരിച്ചു.