ചെന്നൈ: സാങ്കേതികവിദ്യയിലും വിപണിയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചു നൈപുണ്യ വികസനം സാധ്യമായില്ലെങ്കില്‍ ഐ.ടി. ക്കാരില്‍ 50 ശതമാനത്തിനും മൂന്നോ നാലോ വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമാകുമെന്ന് വിദഗ്ധര്‍. രാജ്യത്തെ ഐ.ടി. മേഖല വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണെന്നും ഈ ഘട്ടത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്ക് അനുസരിച്ചു വൈദഗ്ധ്യം നേടണമെന്നും നാസ്‌കോം പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഐ.ടി. ഇതര മേഖലകളില്‍ സാങ്കേതിക വിദ്യയ്ക്കുളള പ്രധാന്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ നിലനില്‍പ്പു പ്രശ്‌നമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
r chandrashekhar
ആര്‍. ചന്ദ്രശേഖര്‍

ഐ.ടി. ഉത്പന്ന വികസനം കൂടാതെ മറ്റു മേഖലകളിലെ ഐ.ടി. സാധ്യതകള്‍ കണ്ടെത്താന്‍ ഐ.ടി. ക്കാര്‍ക്കു സാധിക്കണമെന്നു സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത നാസ്‌കോം പ്രസിഡന്റ് അടക്കമുള്ള വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യു.എസ്. എച്ച് -1 വിസ നിയന്ത്രണം ഐ.ടി. മേഖലയില്‍ വലിയ തൊഴില്‍ നഷ്ടമുണ്ടാക്കില്ല. രാജ്യത്ത് 40 ലക്ഷത്തോളം പേരാണ് ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ 15,000 പേരോളം മാത്രമാണു പ്രതിവര്‍ഷം ഐ.ടി. ജോലികള്‍ക്കായി യു.എസ്. വിസ നേടുന്നതെന്നും അതിനാല്‍ വീസ നിയന്ത്രണം വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും പാനല്‍ വിലയിരുത്തി.

കയറ്റുമതിയെ മാത്രം കേന്ദ്രീകരിച്ചുള്ള വളര്‍ച്ച ലക്ഷ്യമിടാന്‍ ഇനി സാധിക്കില്ലെന്നും ആഭ്യന്തര വിപണിയില്‍ ഐ.ടി.യ്ക്കു വലിയ സാധ്യതയുണ്ടെന്നും കൊഗ്നിസന്റ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഐ.ടി. ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ഐ.ടി. അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റ് ഉയര്‍ത്തുന്നതാണ് പുതിയ പ്രവണത. ഒരോ മേഖലയിലും ഐ.ടി. യുമായ ബന്ധപ്പെട്ട ആവശ്യങ്ങള്‍ കണ്ടെത്തി അതില്‍ നൈപുണ്യം നേടുന്നവര്‍ക്കു വലിയ സാധ്യതയുണ്ട്. അതിനു സാധിക്കാതെ വന്നാല്‍ പിന്നാക്കം പോകും.

സമീപഭാവിയിലും രാജ്യത്തെ ഐ.ടി. രംഗം ആറ് മുതല്‍ ഏഴു ശതമാനം വരെ വളര്‍ച്ച തുടരും.ഐ.ടി. രംഗത്തെ വന്‍ പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഇതുവരെ പിന്തുടര്‍ന്ന രീതികളും വിപണ തന്ത്രവും മാറ്റങ്ങള്‍ക്കു വിധേയമായികൊണ്ടിരിക്കുകയാണ്. അതിന് അനുസരിച്ചുള്ള വ്യത്യാസങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിഫലിക്കുന്നത്. വളര്‍ച്ചയുടെ വേഗം കുറയുമെങ്കിലും ഐ.ടി. രംഗത്തു തകര്‍ച്ചയുണ്ടാകില്ലെന്നും ചര്‍ച്ചയില്‍ വിദഗ്ധര്‍ വിലയിരുത്തി.