ചിലര്‍ പറയും, 'ഫുട്‌ബോള്‍ ഒരു കളി മാത്രമാണെന്ന്'. എന്നാല്‍ പന്തുകളി ലോകത്തിലെ ഏറ്റവും മനോഹരമായ ഗെയിം എന്ന് വാഴ്ത്തപ്പെടുന്നത് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കൊണ്ടു മാത്രമല്ല, സ്റ്റേഡിയത്തിനു പുറത്ത് സമൂഹത്തിലാകെ പ്രചോദനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് കൊണ്ടു കൂടിയാണ്. ജീവിത പാഠങ്ങള്‍ പറഞ്ഞു തരുന്ന ഒരു സ്രോതസ്സായാണ് പന്തു കളി അനുഭവപ്പെട്ടിട്ടുള്ളത്. ഒരു ദേശീയ ഫുട്‌ബോള്‍ കളിക്കാരനില്‍ നിന്ന് യാദൃശ്ചികമായി സംരംഭകനായി മാറിയപ്പോ, ഫുട്‌ബോള്‍ പരിശീലനങ്ങളില്‍ നിന്നും മത്സരങ്ങളില്‍ നിന്നുമൊക്കെ ലഭിച്ച അമൂല്യമായ ജീവിത പാഠങ്ങളും ഓര്‍മ്മകളും സഹായകമാവുന്നു. 

ടീം വര്‍ക്ക്, ശാരീരിക ശക്തി, മനക്കരുത്ത്, ബുദ്ധിമുട്ടുകളിലൂടെ പോരാടാനുള്ള ആത്മവിശ്വാസം, കഠിനാധ്വാനം ചെയ്യാനുള്ള താത്പര്യം എന്നിവയൊക്കെ പന്തുകളിക്കാരന്റെ ജീവിത ശൈലിയില്‍ നിന്നും ലഭിക്കുന്ന ഗുണങ്ങളാണ്. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും ആത്മാര്‍ഥമായി ഏറ്റവും മികച്ച രീതിയില്‍ പരിശ്രമിക്കാനുള്ള പ്രേരണാ മനോഭാവം ലഭിച്ചു. ഫുട്ബാളില്‍ നിന്നുള്ള വിലപ്പെട്ട പാഠങ്ങള്‍ ജീവിതത്തെ മികച്ചതാക്കാന്‍ നിരന്തരം സഹായകമാവുന്നു. ഫുട്‌ബോളിനും സംരംഭകത്വത്തിനും നിരവധി സ്വാഭാവിക പരസ്പരബന്ധങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കി, പന്തു കളിയില്‍ നിന്ന് ലഭിച്ച ചില അടിസ്ഥാന സംരംഭക പാഠങ്ങള്‍ പങ്കുവെക്കുന്നു.

1) ഗോള്‍ സെറ്റിങ്/ലക്ഷ്യം: ജീവിതത്തില്‍ എല്ലായ്‌പ്പോഴും ലക്ഷ്യബോധമുണ്ടാവണമെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കാറുണ്ട്. ഫുട്‌ബോളില്‍ ഓരോ കളി ജയിക്കുന്നതിനും ആത്യന്തികമായി ഒരു ചാമ്പ്യന്‍ഷിപ്പ് വിജയത്തിലേക്ക് നയിക്കുന്നതിനും ഗോള്‍ നേടിയേ തീരൂ. നിശ്ചിത സമയത്തിനുള്ളില്‍ ഒരു സെക്കന്റ് പോലും പാഴാക്കാതെ ഗോള്‍ നേടാനുള്ള ഫുട്ബാള്‍ ഗെയിമിലെ  തീവ്രമായ പോരാട്ട രീതി മികച്ച സംരംഭകത്വ സ്വഭാവ രുപീകരണത്തിന് സഹായകമാവുന്നു. ഒരു സംരംഭകന്‍ ഹ്രസ്വ - മധ്യ - ദീര്‍ഘ കാലങ്ങളിലെ (short term - mid term - long term goals) ബിസിനസ് ലക്ഷ്യങ്ങള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ബിസിനസില്‍ പല വിഭാഗങ്ങളുണ്ടാവാം. ഓരോ ലക്ഷ്യങ്ങള്‍ക്കും സമയക്രമം തയ്യാറാക്കി പടിപടിയായുള്ള പുരോഗമനങ്ങള്‍ വിലയിരുത്തി, ലക്ഷ്യങ്ങള്‍ നേടി, പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച്  മുന്നേറാം.

2) അച്ചടക്കം/നിഷ്‌ക്കര്‍ഷത: ഒരു ഫുട്‌ബോളര്‍ അച്ചടക്കമുള്ള ജീവിത ശൈലി നയിക്കേണ്ടത് ഒഴിച്ചു കൂടാനാവാത്ത സംഗതിയാണ്. കളി മികവ് നില നിര്‍ത്താനും, വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താനുമുള്ള കഠിനമായ സ്ഥിര പരിശീലനം, ആവശ്യമായ വിശ്രമം, ആരോഗ്യകരമായ ആഹാര ക്രമങ്ങള്‍, മാനസിക പാകപ്പെടല്‍, ഏകാഗ്രത, അപ്രധാനമായ ബാഹ്യ ഭ്രമങ്ങളോടുള്ള വിമുഖത, ചിട്ടയായ സമയ ക്രമീകരണം എന്നിവയൊക്കെ കര്‍ക്കശമായി പന്തു കളിക്കാര്‍ പാലിക്കുന്നു. ഒരു സംരംഭകനും ഇത്തരത്തിലുള്ള നിരന്തരമായ പരിശീലനം, ഫോക്കസ്, ആത്മ സമര്‍പ്പണം എന്നിവയുടെ ഫലമായി ഒരു മികച്ച വ്യക്തിത്വത്തിനും, ബിസിനസ് ഉടമയാവാനും സാധ്യമാവും.

3) സ്ട്രാറ്റജി: ഫുട്‌ബോളില്‍ ടീം രൂപീകരണം, കളിക്കാരുടെ തിരഞ്ഞെടുപ്പ്, പരിശീലന മുറകള്‍, എതിരാളിയുടെ വിശകലനം, ഗെയിം പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഓരോ മത്സരങ്ങളിലും എതിര്‍ ടീമിന്റെ കളി ശൈലി, കളിക്കാരുടെ പരിക്ക്, കളിക്കാര്‍ക്ക് ലഭിച്ച കാര്‍ഡ് / സസ്‌പെന്‍ഷന്‍, പോയിന്റ് നില, സ്‌കോര്‍ നില, മത്സര ഗതി  തുടങ്ങിയ നിര്‍ണായക സാഹചര്യങ്ങള്‍ വിലയിരുത്തി കളി രീതിയില്‍ സന്ദര്‍ഭോചിതമായ മാറ്റം വരുത്തുന്നു. അതു പോലെ തന്നെ സംരംഭകര്‍ വ്യവസായ തന്ത്രങ്ങള്‍, ഉദ്യോഗാര്‍ത്ഥികളുടെ നിയമനം, മത്സരാധിഷ്ഠിത വിശകലനങ്ങള്‍ തുടങ്ങിയവയില്‍ നൂതനവും കൃത്യവും ആകണം. കാലാനുസൃതമായി മാറി വരുന്ന മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ ബിസിനസ്സ് പ്ലാന്‍  മാറ്റങ്ങള്‍ വരുത്തി മുന്നേറാം.

4) ടീം പ്ലേ/ഒത്തൊരുമ: വ്യക്തിഗത കഴിവുള്ളവരെല്ലാം ഒരു ടീം എന്ന നിലയില്‍ സ്വയമേവ വിജയിക്കും എന്നത് ഒരു മിഥ്യയാണ്. ടീമിന് തിളങ്ങാനും പരസ്പരം പ്രചോദനം നല്‍കാനും ഒത്തൊരുമ സുപ്രധാനമാണ്.  റൊണാള്‍ഡോയും, മെസ്സിയും മികച്ച വ്യക്തിഗത കളിക്കാരാണ്. എന്നാല്‍ മികച്ച കളിക്കാരുള്ള ടീമുകള്‍ അവരുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തും വിധം ഒത്തിണങ്ങി കളിക്കുമ്പോഴാണ് മെച്ചപ്പെട്ട പ്രകടനം സാധ്യമാകുന്നത്. ഒരു സംരംഭകന്‍ തന്റെ ടീമംഗങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിച്ച്, അവര്‍ക്ക് ചുമതലകള്‍ നല്‍കി, പരസ്പര സഹകരണത്തോടെയുള്ള ജോലി സംസ്‌കാരം വികസിപ്പിക്കണം. ശക്തമായ നേതൃത്വം നല്‍കുന്നതോടൊപ്പം ടീം അംഗങ്ങളില്‍ ഒരാളായി പ്രവര്‍ത്തിക്കണം.

5) യഥാസമയ തീരുമാനമെടുക്കല്‍:  മിക്ക തീരുമാനവും യഥാസമയം ഗ്രൗണ്ടില്‍ എടുക്കേണ്ടിവരുന്ന ഒരു കളിയാണ് ഫുട്‌ബോള്‍. പെട്ടെന്നുള്ള അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍, ഗെയിം പ്ലാന്‍ മാറ്റങ്ങള്‍, അവസാന നിമിഷ തിരിച്ചടികള്‍ തുടങ്ങിയവയൊക്കെ ഉണ്ടാകാം. ഒരു പാസ് ലഭിക്കുമ്പോഴാണ് അടുത്ത നീക്കത്തെ പറ്റി തത്സമയ തീരുമാനം കളിക്കാര്‍ കൈക്കൊള്ളുന്നത്. സമാനമായ അപ്രതീക്ഷിത ചുറ്റുപാടുകളും സാഹചര്യങ്ങളും ബിസിനസ് പരിസ്ഥിതിയിലും കാണാന്‍ സാധിക്കും. ജോലിക്കാരുടെ രാജി, കോണ്‍ട്രാക്ട് നഷ്ടപ്പെടല്‍, സാമ്പത്തിക മാന്ദ്യം എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. യഥാ സമയത്ത് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനും സര്‍ഗാത്മകമായ അടവുകള്‍ ഉപയോഗിക്കുക എന്നതാണ് പ്രധാന മാര്‍ഗം.

6) ദൃഢനിശ്ചയം: വിജയങ്ങള്‍ ആസ്വദിക്കുവാനും, പരാജയങ്ങള്‍ സ്വീകരിക്കുവാനും ഒരിക്കലും തളരാതെ പൂര്‍ണ്ണ പ്രസരിപ്പോടെ വീണ്ടും പോരാടാനും ഫുട്‌ബോള്‍ നമ്മെ പഠിപ്പിക്കുന്നു. വേള്‍ഡ് കപ്പിലെ മത്സരങ്ങളില്‍  ജപ്പാനെതിരെയും, ഇംഗ്ലണ്ടിനെതിരെയും പിന്നിലായ ശേഷം അവസാന നിമിഷം വരെ പോരാടി ബെല്‍ജിയം വിജയിച്ചത് ജയിക്കാനുള്ള ദൃഢനിശ്ചയമാണ് കാട്ടി തന്നത്.  ഒരു സംരംഭകന്‍  എല്ലായ്‌പ്പോഴും പൊരുതാന്‍ തയ്യാറായിരിക്കണം. ശക്തവും കൂടുതല്‍ ദൃഡവുമായി ഉയര്‍ന്നു വരാന്‍ ഇത് സഹായിക്കും. വ്യവസായ സംരംഭകര്‍ ഉയര്‍ച്ച താഴ്ചയിലൂടെ  പോകേണ്ടി വരുന്നത് സാധാരണമാണ്. തോല്‍വികളില്‍ നിന്നും തിരിച്ചടികളില്‍ നിന്നും  പിന്മാറാതെ, അത് വീണ്ടും മുന്നേറാനുള്ള അവസരമായി കണ്ട്  പരിശ്രമങ്ങള്‍ തുടരണം. വിജയങ്ങളില്‍ ആലസ്യരാവാതെ കൂടുതല്‍ വിജയങ്ങള്‍ക്കായി പരിശ്രമിക്കുക. പ്രായോഗിക ബോധത്തോടെയുള്ള ആത്മവിശ്വാസം പ്രതിസന്ധികളെ തരണം ചെയ്യാന്‍  സഹായിക്കും. ലോകകപ്പിലെ വിവിധ ടീമുകളില്‍ കളിച്ച ദരിദ്ര കുടിയേറ്റ കുടുംബങ്ങളില്‍ നിന്നുള്ള കളിക്കാരായ ലുക്കാക്കു, പോഗ്ബ, എംബാപേ, മോഡ്രിച്ച് തുടങ്ങിയവര്‍  അവസരങ്ങളുടെ അഭാവവും, ദീര്‍ഘകാലത്തെ വംശീയ മുന്‍വിധികളും മറികടക്കാന്‍ സാധ്യമാക്കുമെന്ന് കാണിച്ചുകൊടുത്തിരിക്കുന്നു, ഇത് ഓരോ ചെറുപ്പക്കാര്‍ക്കും അവന്റെ അല്ലെങ്കില്‍ അവളുടെ ശക്തി വികസിപ്പിക്കുന്നതില്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നു.

7) പെര്‍ഫോര്‍മന്‍സ്: സംസ്‌കാരം ഫുട്ബാളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന കളിക്കാരും, ടീമും വാഴ്ത്തപ്പെടുന്നു. കുഞ്ഞന്‍ രാജ്യമായ ക്രൊയേഷ്യ മികച്ച പ്രകടനം നടത്തി ലോകമെമ്പാടും ആരാധിക്കപ്പെടുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളാല്‍ നിബിഢമായ സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങള്‍ പ്രകടന മികവില്‍ വളരെ പിന്നോക്കം നില്‍ക്കുന്നു. കളി മികവും, മൈതാനത്തിലെ പ്രകടന മികവും, ടീമിന്റെ ജയങ്ങളും മാത്രമാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഫുട്‌ബോള്‍ സംസ്‌കാരം. അതെ പോലെ സംരംഭകത്വം പ്രകടനശേഷി സംസ്‌കാരത്തെ പിന്തുണയ്ക്കുന്നു. ഒരു സംരംഭം പടുത്തുയുര്‍ത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദമാകുന്ന നൂതനമായ പ്രോഡക്റ്റുകളും, ഉദ്യോഗാര്‍ഥികളുടെ പെര്‍ഫോര്‍മന്‍സ് മികവും അടിസ്ഥാനമാക്കിയാവണം തൊഴില്‍ സംസ്‌കാരം.

8) സൗഹൃദം:  ഫുട്‌ബോള്‍ താരങ്ങളുടെ സൗഹൃദപരമായ ജീവിത ശൈലി ആവേശജനകമാണ്. മൈതാനത്തെ ഏതു മാനസിക പിരിമുറുക്കമുള്ള സാഹചര്യങ്ങളിലും അവര്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പെരുമാറുന്നു. തെറ്റുകള്‍ തിരുത്തിയും, വൈരാഗ്യ ബുദ്ധിയില്ലാതെയും പെരുമാറുന്നു. എതിരാളികളെ ബഹുമാനിച്ചു കൊണ്ടുള്ള വിജയാഘോഷങ്ങളും, പരസ്പരം അംഗീകരിച്ചും, ആടിയും പാടിയും അവര്‍ സൗഹൃദ ആഘോഷങ്ങള്‍ നടത്തുന്നു. ഒരു ലീഡര്‍, മാര്‍ഗദര്‍ശി, സഹപ്രവര്‍ത്തകന്‍, സുഹൃത്ത് എന്ന നിലയില്‍ സംരംഭകര്‍  ജീവനക്കാരോട് പ്രഫഷണലായുള്ള അര്‍പ്പണബോധവും പ്രതിബദ്ധതയും കാണിക്കേണ്ടതാണ്. ടീമിനെ ഏകീകരിച്ച്, ആനന്ദദായകമായ ജോലിസ്ഥലം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.

ഒരു ഫുട്‌ബോളര്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍ ബിസിനസില്‍ ധാരാളം സഹായകമാവുന്നുണ്ട്. ജീവനക്കാരെ ഫുട്‌ബോള്‍ പോലുള്ള ടീം സ്‌പോര്‍ട്‌സില്‍ പ്രേരിതരാക്കുന്നതും അവസരങ്ങള്‍ ഒരുക്കുന്നതും നല്ല ടീം ബില്‍ഡിങ് പ്രവര്‍ത്തിയാണ്. ഒരു ടീമായി ഒത്തിണങ്ങി പ്രവര്‍ത്തിച്ച്  മേല്‍പ്പറഞ്ഞ പല തൊഴില്‍ സവിശേഷതകള്‍ പരോക്ഷമായി പരിചയിച്ച് മികച്ച ടീം പ്ലെയര്‍ ആകാനും ആരോഗ്യവാരാവാനും അവര്‍ക്ക് സാധിക്കും. 

കോര്‍പ്പറേറ്റ് 360 എന്ന മാര്‍ക്കറ്റിങ് ഡാറ്റ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ മേധാവിയാണ് ലേഖകന്‍