മ്മുടെ സംസ്ഥാനം അടുത്തെങ്ങും ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. പ്രളയത്തിന്റെ ആഘാതം അളക്കാവുന്നതിലും അധികം. ഇത്തരം സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഏറ്റവും വേഗത്തിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം എല്ലാ പ്രദേശങ്ങളിലും ദുരന്ത നിവാരണ സഹായങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കില്ല. ഇവിടെയാണ് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തേണ്ടത്. 

രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് പല രാജ്യങ്ങളിലും നിലവിലുണ്ട്. കേരളത്തിലും അത്തരത്തിലൊരു വോളണ്ടീയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍  ഉപയോഗിക്കാവുന്നതാണ്. ദുരന്ത സാധ്യതകളുടെ സമയോചിതമായ മുന്നറിയിപ്പുകളും രക്ഷാപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍-പൊതുജന ഏകോപത്തോടെ നടപ്പാക്കാന്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വോളണ്ടീയര്‍ ആപ്പ് ലഭ്യമായാല്‍ എല്ലാ പ്രദേശങ്ങളിലും അറിയിപ്പുകളും രക്ഷാപ്രവര്‍ത്തനങ്ങളും വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും.

സാധ്യതകള്‍

  • സാമൂഹിക സന്നദ്ധ ചിന്താഗതിയുള്ള പൗരന്മാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വോളണ്ടീയര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. 
  • പ്രകൃതി ദുരന്തമോ അപകടമോ ഉണ്ടാകുമ്പോള്‍ ആ പ്രദേശത്തെ സന്നദ്ധസേവകര്‍, അടിയന്തര സംഘം, പാരാമെഡിക്കല്‍, അധികാരികള്‍, ആ മേഖലയില്‍ നിന്നുള്ള പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, അതിവേഗ രക്ഷാപ്രവര്‍ത്തനത്തിനുള്ള അറിയിപ്പുകള്‍ നല്‍കാനും സാധിക്കും. 
  • ആ പ്രദേശത്തുള്ള വോളണ്ടീയര്‍മാര്‍ക്ക്  GPS ലൊക്കേഷന്‍ സംവിധാനമനുസരിച്ച് ആദ്യ സന്ദേശങ്ങള്‍ കൈമാറാനും, സമീപത്തുള്ളവര്‍ക്ക്  ദുരന്ത സ്ഥലത്തെത്തി വേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും സാധിക്കും.
  • ലൊക്കേഷന്‍ അനുസരിച്ച് ആശുപത്രികള്‍, ആംബുലന്‍സ്, പോലീസ്, അധികാരികള്‍ എന്നിവര്‍ക്കായുള്ള  ഒരു റിയല്‍ ടൈം അലര്‍ട്ട് സംവിധാനം പോലെയും ഈ ആപ്പ് പ്രവര്‍ത്തിക്കും. 
  • ദുരിതാശ്വാസക്യാമ്പുകളുടെ വിവരങ്ങള്‍ നല്‍കാനും, സഹായങ്ങളും സംഭാവനകളും നിര്‍ദേശങ്ങളും അറിയിപ്പുകളും ലൊക്കേഷന്‍ അനുസരിച്ച്  ക്രമീകരിക്കാനും, ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി ലോജിസ്റ്റിക്‌സ് പ്ലാന്‍ ചെയാനും സാധിക്കും 
  • ദുരന്തനിവാരണ വകുപ്പ്, കാലാവസ്ഥാ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ആപ്ലിക്കേഷന്‍ സംയോജിപ്പിച്ച്  അപായ സൂചനകളും മുന്നറിയിപ്പുകളും നല്കാന്‍ കഴിയും.
  • വോളണ്ടീയര്‍മാര്‍ക്ക് റെസ്‌ക്യൂ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും 

എല്ലാ അടിയന്തര സാഹചര്യങ്ങളിലും ജനങ്ങള്‍ക്ക്  ഉപയോഗപെടുന്ന ഇത്തരം സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണ്. ഇത്തരത്തിലുള്ള ഒരു മൊബൈല്‍ ആപ്പിന്റെ ആവശ്യം നാം ഈ ദിനങ്ങളില്‍ മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും അറിയിപ്പ് തക്ക സമയത്ത് ലഭിക്കാത്തത് കാരണം പല ജീവനുകളും പൊലിയുന്നു. ഇത് ഒരു പരിധിവരെ കുറയ്ക്കാന്‍ ഇത്തരം മൊബൈല്‍ ആപ്ലിക്കേഷന് സാധിക്കും

നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ് റോഡ് സൈഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നത്. വാഹനാപകടങ്ങള്‍ പെരുകാനുള്ള ഒരു പ്രധാന കാരണം റോഡിലെ കുഴികളാണ്. മഴക്കാലത്ത് മരമൊടിഞ്ഞു വീണ് ലൈന്‍ കമ്പി പൊട്ടി റോഡില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഇതൊക്കെ തത്സമയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള മുന്‍സിപ്പല്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്കും വോളന്റിയറുമാര്‍ക്കും KSEB, PWD, KWA, പോലീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ ബന്ധപ്പെട്ടവര്‍ക്ക് അറിയിപ്പുകള്‍ നല്‍കാന്‍ ഇതേ മൊബൈല്‍ ആപ്പ് വഴി സാധിക്കും. ട്രാഫിക് നിയമ ലംഘനങ്ങളും, കുറ്റകൃത്യങ്ങള്‍ പോലും ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.