കോഴിക്കോട്: സംസ്ഥാനത്തെ പ്രഥമ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ മേഖലയിലെ ആദ്യത്തെ ഗവ. ഐ.ടി. കെട്ടിടം 'സഹ്യ' കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐ.എ.എം.എ.ഐ.)യുടെ സഹകരണത്തോടെയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ 'മൊബൈല്‍ 10 എക്‌സ്' എന്ന ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സഹ്യ'യില്‍ ഇതിനായി പതിനായിരം ചതുരശ്ര അടി സ്ഥലം വിട്ടുനല്‍കും.

പുതിയ ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കാനും വിജയിക്കുന്നവ ആഗോളതലത്തില്‍ വിപണിയിലെത്തിക്കാനും ഇന്‍ക്യുബേറ്റര്‍ സഹായകമാവും. സംസ്ഥാനത്തെ ഗവ. ഐ.ടി. പാര്‍ക്കുകളില്‍ പൊതു വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യത്തേതായി കോഴിക്കോട് സൈബര്‍പാര്‍ക്കിനെ മാറ്റും. തുടര്‍ന്ന് മറ്റ് ഐ.ടി. പാര്‍ക്കുകളിലും ഈ സൗകര്യമൊരുക്കും.

വര്‍ഷംതോറും ആയിരം പൊതു ഇടങ്ങളില്‍ പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ട് സജ്ജമാക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. ആയിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്തുടനീളം ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതി പതിനെട്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കും.

കണ്ണൂരിലും കാസര്‍കോട്ടും ഐ.ടി. പാര്‍ക്ക് സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ഐ.ടി. കെട്ടിടത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് ഐ.ടി. വകുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിന്റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവെക്കുന്നതില്‍ കോഴിക്കോട്ടെ യു.എല്‍. സൈബര്‍ പാര്‍ക്കും സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സഹ്യ കെട്ടിടം യാഥാര്‍ഥ്യമാക്കിയവര്‍ക്കും ഐ.ടി. കമ്പനി അധികൃതര്‍ക്കുമുള്ള മെമന്റോ സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എ.മാരായ പി.ടി.എ. റഹിം, ഡോ. എം.കെ. മുനീര്‍, എ. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ യു.വി. ജോസ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, സൈബര്‍ പാര്‍ക്ക് സി.ഇ.ഒ. ഋഷികേശ് നായര്‍ എന്നിവര്‍ സംസാരിച്ചു.