ഭാവിയുടെ സാങ്കേതികതയെന്നും പുതിയ ഇന്റർനെറ്റ് എന്നുമൊക്കെയാണ് ബ്ലോക്‌ചെയിനിനുള്ള വിശേഷണം. പുതുസാങ്കേതികതയിൽ അവസരങ്ങൾ ഏറെയുള്ള മേഖലയെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കേരളം. 

സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ ബ്ലോക്ചെയിൻ പരിശീലനത്തിനുള്ള ഒരുക്കങ്ങളായി. കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിലാണ് ആക്സിലറേറ്റഡ് ബ്ലോക്‌ചെയിൻ കോംപീറ്റൻസി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (എ.ബി.സി.ഡി.) നടപ്പാക്കുന്നത്. കേരള ഐ.സി.ടി. (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി) അക്കാദമി, കേരള ബ്ലോക്‌ചെയിൻ അക്കാദമി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരള (ഐ.ഐ.ഐ.ടി.എം.കെ.), ബ്ലോക്‌ചെയിൻ എഡ്യുക്കേഷൻ നെറ്റ് വർക്ക്‌ എന്നിവയും കെ-ഡിസ്‌ക്കിനൊപ്പം വിവിധ ഘട്ടങ്ങളിൽ പങ്കാളികളാകുന്നു. ആക്സിലറേറ്റഡ് ബ്ലോക്‌ചെയിൻ കോംപീറ്റൻസി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ഇപ്പോൾ അപേക്ഷിക്കാം

ബ്ലോക്‌ചെയിൻ

കേന്ദ്രീകൃതമായ വിവരങ്ങൾ വികേന്ദ്രീകൃതമായി ലഭ്യമാക്കുകയാണ് ബ്ലോക്‌ചെയിനിൽ. ഒരു ധനകാര്യസ്ഥാപനത്തിന്റെ ഇടപാടുപുസ്തകം അവരുടെ ഇടപാടുകാരുടെയെല്ലാം കൈയിലുണ്ടെങ്കിലോ. ഇടപാടുകാർക്ക് അത് യഥേഷ്ടം പരിശോധിക്കാം. പുതിയ ഇടപാടുകളെല്ലാം കാണാം. വരുത്തുന്ന ഓരോ മാറ്റവും അതാത് വ്യക്തിയുടെ പേരിൽ തന്നെ രേഖപ്പെടുത്തപ്പെടുമെന്നതിനാൽ ക്രമക്കേട് കുറയും. ഈ സുതാര്യതയാണ് ബ്ലോക്‌ചെയിൻ ഉറപ്പുനൽകുന്നത്. 

സാധ്യതകൾ

ഇന്നത്തെ പല തൊഴിലുകളും ഭാവിയിൽ ചെയ്യുന്നത് യന്ത്രങ്ങളായിരിക്കുമെന്നാണ് പഠനം. സാമ്പത്തിക, റീട്ടെയിൽ, ഗതാഗത, സാമൂഹ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ബ്ലോക്‌ചെയിൻ വഴി തെളിക്കും. ഒരു വർഷത്തിനകം ഈ മേഖലയിലെ തൊഴിലവസരങ്ങളിൽ 300 ശതമാനം വർധനയുണ്ടെന്നാണ് കണക്ക്. ഈ പ്രവണത തുടർന്നാൽ അഞ്ചുവർഷത്തിനകം പത്തു ലക്ഷം തൊഴിലവസരങ്ങളുണ്ടാകും.

അമേരിക്കയിലും യൂറോപ്പിലുമെല്ലാം ബ്ലോക്‌ചെയിൻ രംഗത്ത് അവസരങ്ങളുണ്ട്. ബ്ലോക്ചെയിൻ പരിശീലനം പൂർത്തിയാക്കുന്നവരുടെ വിവരങ്ങൾ സർക്കാരുമായി സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് കൈമാറും. 
ബ്ലോക്‌ചെയിൻ ശൃംഖലയിലെ ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ വിശ്വാസ്യത കൂട്ടുന്നു. പച്ചക്കറി വിതരണം ബ്ലോക്‌ചെയിൻ ശൃംഖലയിലുണ്ടെങ്കിൽ ജൈവമെന്ന പേരിൽ നിങ്ങൾക്ക് മുന്നിലെത്തുന്ന തക്കാളി വ്യാജനാണോ യഥാർഥമാണോയെന്നറിയാൻ ഉപഭോക്താവ് അധികം കഷ്ടപ്പെടേണ്ട. തക്കാളിയുടെ വിത്തിടുന്നതുമുതലുള്ള ചരിത്രം ഒന്ന് തിരഞ്ഞാൽ മതിയാകും.

ഡിജിറ്റൽ കറൻസിക്കുവേണ്ടിയുള്ള കണ്ടുപിടിത്തമായാണ് ബ്ലോക്‌ചെയിൻ രംഗപ്രവേശം ചെയ്യുന്നത്. ഇന്നിപ്പോൾ ധനകാര്യത്തിന് പുറമേ വിവിധ മേഖലകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു. വരും വർഷങ്ങളിൽ ഒട്ടേറെ തൊഴിലവസരങ്ങൾ ഈ മേഖലയിലുണ്ടാകും. ഐ.ടി. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, റീട്ടെയ്ൽ തുടങ്ങി വിവിധ മേഖലകളിലേക്ക് നീളുന്നതാണ് തൊഴിലവസരങ്ങൾ.
ജോലികൾ ഇങ്ങനെ

 • ഫുൾസ്റ്റാക്ക് ഡെവലപ്പർ
 • പൈത്തൺ പ്രോഗ്രാമർ
 • ഗോ ലാംഗ്വേജ് പ്രോഗ്രാമർ
 • ബ്ലോക്‌ചെയിൻ അസോസിയേറ്റ്
 • ബ്ലോക്‌ചെയിൻ ഡെവലപ്പർ
 • ബ്ലോക്‌ചെയിൻ ആർക്കിടെക്ട്

 

ആർക്കെല്ലാം അപേക്ഷിക്കാം

എൻജിനീയറിങ്/ ആർട്‌സ് ആൻഡ് സയൻസ്/ ഡിപ്ലോമ എന്നിവ പൂർത്തിയാക്കിയവർക്കും അവസാനവർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും. കണക്കിലും കമ്പ്യൂട്ടറിലും പ്രാഥമികമായ/പ്ലസ്ടുവിന് തുല്യമായ അറിവുണ്ടായിരിക്കണം. 
പ്രവേശനം

പ്രവേശനപ്പരീക്ഷയുണ്ടാവും. ലോജിക്കൽ റീസണിങ്, ന്യൂമറിക്കൽ എബിലിറ്റി, വെർബൽ റീസണിങ്, കമ്പ്യൂട്ടർ സയൻസ് ഫണ്ടമെന്റൽസ് എന്നീ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പ്ലസ്ടുവിന് സയൻസ്, മാത്‌സ് എന്നിവ പഠിച്ചവർക്ക് പരീക്ഷ എളുപ്പമാകും. 

കോഴ്‌സ് ഘടന 

 • പരിശീലനം ആറുമാസം കൊണ്ടാണ് പൂർത്തിയാവുക. 124 മണിക്കൂർ ക്ലാസ് പൂർത്തിയാക്കണം. ഇതിൽ 82 മണിക്കൂർ ക്ലാസ് റൂം പരിശീലനമാണ്. 42 മണിക്കൂർ പഠനപ്രവർത്തനങ്ങളും.വിദ്യാർഥികൾക്ക് അവരുടെ കോളേജിൽ തന്നെ പരിശീലനത്തിന് സൗകര്യമുണ്ടാക്കും. ഇല്ലെങ്കിൽ തൊട്ടടുത്ത മറ്റ് കേന്ദ്രങ്ങൾ നിർദേശിക്കും. ഇതിനായി അധ്യാപകർക്ക് പരിശീലനം നൽകും. എൻജിനീയറിങ് കോളേജുകളിൽ ക്ലാസ് തുടങ്ങുന്നതിനൊപ്പം ഇതിന്റെ സൗകര്യങ്ങളും പൂർത്തിയാക്കും. ബിരുദക്കാർക്ക് ഒരു മാസത്തെ മുഴുവൻസമയ പരിശീലനമാണ്. പ്രൊഫഷണലുകൾക്ക് ആറാഴ്ചത്തെ പരിശീലനം. വാരാന്ത്യങ്ങളിലെ ക്ലാസുകൾക്കൊപ്പം ഓൺലൈൻ പരിശീലനവും നൽകും. 
 • പ്രാഥമിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ഫുൾസ്റ്റാക്ക് ഡെവലപ്പർ സർട്ടിഫിക്കറ്റ് കിട്ടും. ഐ.സി.ടി.അക്കാദമിയും കെ-ഡിസ്‌ക്കും ചേർന്നാണിത് നൽകുന്നത്. ഈ സർട്ടിഫിക്കറ്റ് കിട്ടുന്നവർക്ക് രണ്ടാംഘട്ടമായി ബ്ലോക്ചെയിൻ ഡെവലപ്പ്‌മെന്റ് പരിശീലനം നൽകും. ഇതിൽ പരിശീലനം പൂർത്തിയാക്കുന്നതിനനുസരിച്ച് ബ്ലോക്‌ചെയിൻ അസോസിയേറ്റ്, ഡെവലപ്പർ, ആർക്കിടെക്ട് എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ ലഭിക്കും.
 • അസോസിയേറ്റ് പ്രോഗ്രാമിൽ 30 മണിക്കൂർ ക്ലാസാണ് നൽകുന്നത്. അൽപ്പം കൂടി വിശദമായ പരിശീലനമാണ് ഡെവലപ്പർ പ്രോഗ്രാമിലേത്. ഇതിൽ 90 മണിക്കൂർ ക്ലാസുണ്ടാകും. ഇവയിൽ രണ്ടിലും വാരാന്ത്യങ്ങളിലായിരിക്കും ക്ലാസ്. അസോസിയേറ്റ്, ഡെവലപ്പർ പ്രോഗ്രാമുകളിൽ മികവ് തെളിയിക്കുന്നവർക്ക് ആർക്കിടെക്ട് പ്രോഗ്രാമിൽ പങ്കാളിയാകാം. തിരുവനന്തപുരത്തെ ഐ.ഐ.ഐ.ടി.എം.കെയിൽ 10 ആഴ്ച നീളുന്ന ഇന്റേൺഷിപ്പാണിത്. ബ്ലോക്‌ചെയിൻ പ്രൊജക്ടുകളിൽ ജോലി ചെയ്യുന്നതിനുള്ള അവസരം ലഭിക്കും. വിജയകരമായി പൂർത്തിയാക്കിയാൽ ബ്ലോക്‌ചെയിൻ ആർക്കിടെക്ട് സർട്ടിഫിക്കറ്റും.  
 • ഫുൾസ്റ്റാക്ക് പരിശീലനം നേരത്തെ നേടിയിട്ടുള്ളവർ വീണ്ടും ഫുൾസ്റ്റാക്ക് ഡെവലപ്പർ കോഴ്‌സിന് ചേരേണ്ടതില്ല. ഇത്തരക്കാർക്ക് നേരിട്ട് ബ്ലോക്‌ചെയിൻ ട്രെയിനിങ് പ്രോഗ്രാമിന് ചേരാം. മുന്നോടിയായി ഒരു പരീക്ഷയെഴുതി ജയിക്കണം. 12 കേന്ദ്രങ്ങളിലായിരിക്കും തുടക്കത്തിൽ ഫുൾസ്റ്റാക്ക് ഡെവലപ്പർ പരിശീലനം. ബ്ലോക്‌ചെയിൻ ട്രെയിനിങ് പരിശീലനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കൂട്ടും. കേരള ബ്ലോക്‌ചെയിൻ അക്കാദമി, ഐ.ഐ.ഐ.ടി.എം.കെ., ബ്ലോക്‌ചെയിൻ എജുക്കേഷൻ നെറ്റ്‌വർക്ക്‌ എന്നിവ ചേർന്നാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. 

 

ഫീസ് 

 • ഫുൾസ്റ്റാക്ക് ഡെവലപ്പർ 9400 രൂപ
 • അസോസിയേറ്റ് പ്രോഗ്രാം 6000 രൂപ
 • ഡെവലപ്പർ 20,000 രൂപ
 • ആർക്കിടെക്ട് 24000 രൂപ
 • ആകെ ഫീസ്  59400 രൂപ.

വിദ്യാർഥികൾക്കും ബിരുദം പൂർത്തിയാക്കിയവർക്കും ഫീസിളവുണ്ട്. പ്രവേശനപ്പരീക്ഷയിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് ഫീസിൽ 70 ശതമാനം വരെ കുറവ് ലഭിക്കും.  ഇപ്പോൾ രജിസ്റ്റർ ചെയ്യാം

രണ്ടാം ബാച്ചിലേക്ക് പ്രവേശനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഈ മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും. ഓഗസ്റ്റ് 18-നാണ് പ്രവേശനപ്പരീക്ഷ. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങും. വിവരങ്ങൾക്ക്: abcd.kdisc.kerala.gov.in