പാലക്കാട്: പരമ്പരാഗത വഴിവിട്ട് സഞ്ചരിക്കുന്ന ഇന്നത്തെ തലമുറ അവരുടെ വേറിട്ട തൊഴില്‍സങ്കല്പങ്ങള്‍ പങ്കുവെച്ചു. അനുകൂലിച്ചും ആശങ്കയറിയിച്ചും രക്ഷിതാക്കളും അധ്യാപകരും കൂടെക്കൂടി. സ്വന്തം അനുഭവങ്ങളിലൂടെ അസിസ്റ്റന്റ് കളക്ടര്‍ ശ്രീധര്‍ ചാമക്കുറി മറുപടിപറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെ പുതിയപാതയേകി.

'റീ ഇമാജിന്‍ ദി ഫ്യൂച്ചര്‍' എന്ന വിഷയത്തില്‍ മാതൃഭൂമി ഭാരതമാത സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരമ്പരാഗത കോഴ്‌സുകള്‍ പഠിക്കാനുള്ള നിര്‍ബന്ധം വ്യത്യസ്തമായതും താത്പര്യമുള്ളതുമായ മേഖലയിലേക്ക് പോകുന്നതിന് തടസ്സമാകുന്നെന്നാണ് ഉയര്‍ന്നുവന്ന ഒരു പരാതി. എന്നാല്‍, വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവുമുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഏത് മേഖലയിലും മുന്നേറാമെന്ന് രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു.
 

റീ ഇമാജിന്‍ ദി ഫ്യൂച്ചര്‍


പരമ്പരാഗത തൊഴില്‍മേഖലയ്ക്കപ്പുറത്തേക്കുള്ള സാധ്യതകളെപ്പറ്റി അറിയാത്തത് ഒരു പ്രധാന പ്രശ്‌നമാണെന്ന് ശ്രീധര്‍ ചാമക്കുറി പറഞ്ഞു. ജോലി ഏതായാലും മൂല്യം കാത്തുസൂക്ഷിക്കലാണ് പ്രധാനം. സിവില്‍സര്‍വീസ് ഉള്‍പ്പെടെ ഏത് മേഖലയിലേക്കായാലും വിദ്യാര്‍ഥികള്‍ ലക്ഷ്യമുണ്ടാക്കി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതമാത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലമ്പുഴ ജവഹര്‍ നവോദയ, ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹേമാംബികനഗര്‍ കേന്ദ്രീയവിദ്യാലയം എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് പങ്കെടുത്തത്. ഭാരതമാത സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ തെക്കിനിയത്ത് സ്വാഗതം പറഞ്ഞു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് നന്ദി പറഞ്ഞു.

റീ ഇമാജിന്‍ ദി ഫ്യൂച്ചര്‍