ല്ല്യാണം ബഹളമയമായി ചെയ്തുതീരേണ്ട ഒരു കാര്യമല്ല. അത് ഭംഗിയായും ചിട്ടയായും സംവിധാനം ചെയ്‌തൊരുക്കേണ്ടുന്ന ജീവിത സന്ദര്‍ഭമാണ്. ഈ രണ്ട് പേര്‍ ചെയ്യുന്നതും അതുതന്നെ. വെഡ്ഡിംഗ് പ്ലാനിങ്ങ് ഇന്ന് ഏറെ സാധ്യതകളുള്ള ഒരു തൊഴില്‍ മേഖലയാണ്.

കല്ല്യാണം നമുക്ക് ആഘോഷമാണ്. ഈ ആഘോഷത്തിന് ചുറ്റും ഒരുപാട് തൊഴില്‍സാധ്യതകളും ഒളിച്ചിരിക്കുന്നുണ്ട്. ഭക്ഷണം, ആഭരണം, ചമയം, പന്തല്‍, കസേര, പാത്രം, വിളമ്പല്‍ തുടങ്ങി നിരവധി നിരവധി  സാധ്യതകള്‍. ഇവയില്‍പ്പലതും കാലങ്ങളായി നമ്മുടെ നാട്ടില്‍ പരമ്പരാഗത തൊഴില്‍ മേഖലയാണ്. എന്നാല്‍, കൊച്ചി സ്വദേശികളായ റൈനോ രാജനും ജുബിന്‍ ജോണും 'വെഡ്ഡിംഗ് പ്ലാനിംഗ്' എന്ന മേഖലയെ വികസിപ്പെടുത്തപ്പോള്‍ അത് പഠിക്കേണ്ടതും പരിശീലിക്കേണ്ടതുമായ ഒരു തൊഴില്‍ സാധ്യതയായി  വളര്‍ന്നു. ഒരുപാട് ആവശ്യക്കാരുണ്ടായി. ഇവരുടെ സംരഭമായ 'മേക്ക് മൈ ഡേ'ഇന്ന് തൊഴില്‍ രംഗത്ത് പുതിയ ഒരു മേഖലയുടെ പര്യായമാണ്.

Read More | ഹാക്കിങ്‌ അത്ര മോശം കാര്യമല്ല

കല്യാണത്തിന് മാസങ്ങള്‍ക്ക് മുന്‍പേ വീട്ടുകാര്‍ ഒരുക്കം തുടങ്ങും. ഒപ്പം ടെന്‍ഷനും.  കാര്‍ഡ് ഡിസൈനിങ്ങില്‍ വരെ ഇപ്പോള്‍ ആളുകള്‍ ഏറെ ശ്രദ്ധാലുക്കളാണ്. കല്യാണ വേദികള്‍ തീം അടിസ്ഥാനത്തില്‍ ഒരുങ്ങുന്നു; ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ (ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തില്‍ വിവാഹം സംഘടിപ്പിക്കല്‍) കൂടിവരുന്നു. അവിടേക്കാണ് ഈ രണ്ട് പേരുടേയും എന്‍ട്രി. കല്ല്യാണം മുഴുവന്‍ ഇവര്‍ സംവിധാനം ചെയ്യും; ഒരു മനോഹരമായ സംഗീത ശില്‍പ്പംപോലെ.

ബാംഗ്ലൂരില്‍ ഒരുമിച്ച് പഠിക്കുമ്പോഴാണ് റൈനോ രാജനും ജുബിന്‍ ജോണും പരിചയപ്പെടുന്നത്. ഈവന്റുകള്‍ സംഘടിപ്പിക്കുന്ന വിവിധ കമ്പനികളില്‍ രണ്ട് പേരും ജോലി ചെയ്തിരുന്നു. അറിയപ്പെടുന്ന കമ്പനിയിലെ വലിയ ശമ്പളത്തില്‍ നിന്നും ഇത്തരമൊരു ആശയത്തിലേക്ക് വന്നപ്പോള്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു.  'കല്യാണങ്ങളില്‍ വ്യത്യസ്തമായി എന്തു ചെയ്യാം എന്നുളള ചിന്തയാണ് ഇത്തരമൊരു സ്ഥാപനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്.  

കോര്‍പ്പറേറ്റ് ഈവന്റുകള്‍ ചെയ്യുക എന്ന രീതിയിലാണ് തുടങ്ങിയത. പക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് വിവാഹ വേദികളാണ്. വളരെ വെല്ലുവിളികള്‍ ഉളള ജോലിയാണിത്. ഒരാള്‍ക്ക് ചെയ്ത് കൊടുക്കുന്ന തീം  പിന്നീട് വേറെ ആര്‍ക്കും ഉപയോഗിക്കാറില്ല. അതു കൊണ്ട് ക്രിയാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന സംഘം അനിവാര്യമാണ്. 

Read More | ഫിറ്റ്‌നസ് സാമ്രാജ്യത്തിലെ അലക്‌സാണ്ടര്‍

വിദേശ ഇന്ത്യക്കാര്‍ ആണ് കൂടുതല്‍ വരുന്നത്. ഈ ജോലിയില്‍ ഓരോ സെക്കന്‍ഡിനും വിലയുണ്ട്. വിവാഹങ്ങളെ സംബന്ധിച്ച് താലികെട്ടുന്ന സമയം അത് ഒരിക്കലും മാറ്റാന്‍ സാധിക്കുകയില്ല. ആ സമയത്ത് നമ്മള്‍  ജാഗ്രതയോടെ ഇരിക്കണം. പാളിച്ച ഉണ്ടാകാന്‍ പാടില്ല'-ഈ കല്ല്യാണസംവിധായകര്‍ പറയുന്നു.

പുറംരാജ്യങ്ങളിലെ കോടികള്‍ വിലമതിക്കുന്ന വിവാഹ വേദികള്‍ ആവശ്യപ്പെട്ടു വരുന്നവര്‍ ഏറെയാണ്. എന്നാല്‍, ഇത് തമ്മിലുളള വ്യത്യാസം  വരുന്നവരെ പറഞ്ഞ് മനസ്സിലാക്കുക ശ്രമകരമായ ജോലിയാണ്. പുറം രാജ്യങ്ങളില്‍ വളരെ വിലമതിക്കുന്ന പൂക്കളും വേദികളുമായിരിക്കും വിവാഹത്തിന്  ഉപയോഗിക്കുക. കേരളത്തിലെ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് മനോഹരമായ കല്യാണാഘോഷങ്ങള്‍ ഒരുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 

കല്യാണത്തിന്റെ ആദ്യ ഘട്ടം മുതല്‍ ആസൂത്രണം വേണം. ജ്വല്ലറികളും വസ്ത്രങ്ങളും വേദിയും മാച്ച് ചെയ്യണം. റൈനോയും ജുബിനും കൂടതലും ത്രീഡി ഡിസൈനും ഗ്രാഫിക്‌സും  ആണ് ഉപയോഗിക്കുന്നത്. കുറെ ആളുകള്‍ പരമ്പരാഗത ശൈലി ഇഷട്‌പ്പെടുന്നവരുണ്ട്. 

ഉത്തരവാദിത്വം നിറഞ്ഞ ജോലിയാണിത്. നല്ല കമ്പനികളില്‍ ജോലി ചെയ്ത് പരിശീലനം നേടിയ ശേഷം മാത്രമേ ഈ രംഗത്തേക്ക് വരാവൂ. ഈ രംഗത്തേക്ക് വരുന്ന പുതുതലമുറയോട് ഫോണ്‍ വിളിച്ചാല്‍ എടുക്കുക എന്നതാണ് പ്രാഥമിക കാര്യം എന്നുപറയുന്നു ഈവര്‍. 

ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമെ ഏറ്റെടുക്കാന്‍ പാടുളളു. ഈവന്റ് മാനേജ്‌മെന്റ് എന്ന പറഞ്ഞാല്‍ ഡി.ജെ ആണെന്നാണ് പുതിയ തലമുറ മനസ്സിലാക്കിയിരിക്കുന്നത്. ഈ തെറ്റിദ്ധാരണ മാറണം. ഏറ്റവും സമര്‍ദ്ദമുളളതും എന്നാല്‍ ഏറ്റവും സന്തോഷകരമായി ചെയ്യാന്‍ കഴിയുന്ന ജോലിയാണിത്.ഈ ജോലിയോടുള്ള് ഇഷ്ടം കൊണ്ട് മാത്രമേ ഈ രംഗത്തേക്ക് കടന്നുവരാന്‍ പാടുളളു.
 
ഇങ്ങനെയൊക്കെയാണെങ്കിലും കല്യാണ വീടുകള്‍ ഒരുക്കാന്‍ ചെല്ലുമ്പോള്‍ വീട്ടിലെ പ്രായമായവര്‍ ജുബിനേയും രാജനേയും കുറിച്ച് പറയും: ദേ പന്തല്‍ പണിക്കാര്‍ വന്നിട്ടുണ്ട്. അവര്‍ക്കറിയില്ലല്ലോ അവരുടെ മകന്റെ/മകളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഒരുക്കുന്നത് ഈ വന്നുനില്‍ക്കുന്നവരാണ് എന്ന്.

യോഗ്യത

ഭംഗിയായി സംസാരിക്കാന്‍ കഴിയുന്ന, വൃത്തിയായി വസ്ത്രംധരിക്കാനറിയുന്ന, ഉത്തരവാദിത്വബോധമുള്ളവര്‍ക്ക് അനുയോജ്യമാണ് ഈ മേഖല. സ്വഭാവം ഏറ്റവും പ്രധാനമാണ്. ആവശ്യക്കാരനെ അറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നവരാവണം. ധാരാളം യാത്രചെയ്യേണ്ടിവരും. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമല്ല. എന്നാല്‍, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്ക്ക് പ്ലസ്ടു പാസായിരിക്കണം.

പഠനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ ഇവന്റ്‌സ് കോഴ്‌സുകളുണ്ട്. ഇന്‍ഡോറിലെ ഇ.എം.ഡി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വെഡ്ഡിങ് പ്ലാനിങ് ഡിപ്ലോമ നല്‍കുന്നുണ്ട്. പുണെയിലെ അക്കാദമി ഓഫ് ഇവന്റ് മാനേജ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് വെഡ്ഡിങ് പ്ലാനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. കേരളത്തിലും സ്വകാര്യസ്ഥാപനങ്ങള്‍ ഇതില്‍ വ്യത്യസ്ത കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈനില്‍ വെഡ്ഡിങ് പ്ലാനിങ്,  ഇവന്റ് പ്ലാനിങ്, ഇവന്റ് ഡിസൈന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. വെഡ്ഡിങ് പ്ലാനിങ് സ്‌റ്റൈലിങ് ആന്‍ഡ് ഡിസൈന്‍, വെഡ്ഡിങ് ആന്‍ഡ് ഇവന്റ് പ്ലാനിങ് എന്നിവയില്‍ ഡിപ്ലോമയും സ്‌പെഷ്യല്‍ ഇവന്റ് പ്ലാനിങ് ആന്‍ഡ് ഡിസൈനില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമയുമുണ്ട്. അക്രഡിറ്റഡ് സ്‌പെഷ്യല്‍ ഇവന്റ് ഡിസൈനര്‍ മാസ്റ്റര്‍ കോഴ്‌സും ലഭ്യമാണ്. മൂന്നുമാസംമുതല്‍ ഒരുവര്‍ഷം വരെയാണ് ഇവയുടെ ദൈര്‍ഘ്യം.  www.udemy.com പോലുള്ള സൈറ്റുകള്‍ ആശ്രയിക്കാം. 

ശമ്പളം

വിവാഹത്തിന്റെ ബജറ്റാണ് വെഡ്ഡിങ് പ്ലാനറുടെ വരുമാനം നിശ്ചയിക്കുന്നതെന്ന് പറയാം. അമേരിക്കയില്‍ 2000 ത്തിന്റെ തുടക്കത്തില്‍ വെഡ്ഡിങ് പ്ലാനര്‍ക്ക് 44,000 ഡോളര്‍ വരെ (28,58,002 രൂപ) വാര്‍ഷിക ശമ്പളം ലഭിച്ചിരുന്നു. ഇന്നത് 1,20,000 ഡോളറില്‍ (77,94,552 രൂപ) എത്തിനില്‍ക്കുന്നു. കേരളത്തില്‍ 50,000 രൂപയ്ക്കുമുകളില്‍ ശമ്പളം വാങ്ങുന്ന വെഡ്ഡിങ് പ്ലാനര്‍മാരുണ്ട്. 

നിങ്ങളുടെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കൂ..