സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാവുകയെന്ന, സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഉണ്ടായിരുന്ന സ്വപ്നം ദേശീയതലത്തില്‍ 28-ാം റാങ്കോടെ നേടിയെടുത്ത സന്തോഷത്തിലാണ് ഹംന മറിയം. ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറായ ഹംന നെറ്റും ജെ.ആര്‍.എഫും നേടി കരിയര്‍ സുരക്ഷിതമാക്കിയതിനുശേഷമാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്. 

ഗൗരവംവന്നത് പി.ജി.ക്ക് പഠിക്കുമ്പോള്‍
ഡോക്ടര്‍ കുടുംബത്തിലെ ആദ്യകുട്ടി ഡോക്ടറാവുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്ന ഹംന പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇംഗ്ലീഷ് സാഹിത്യം തിരഞ്ഞെടുത്തു. എം.എ.യ്ക്ക് പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസ് ഗൗരവത്തിലെടുത്തത്. 

താത്പര്യം ഫോറിന്‍ സര്‍വീസില്‍
സ്‌കൂളില്‍ പഠിക്കുമ്പോഴേ പത്രങ്ങളില്‍ വരുന്ന അന്താരാഷ്ട്രവാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനോടാണ് താത്പര്യം. അധ്യാപികയായി ജോലിചെയ്തത് എഴുത്തുപരീക്ഷയേക്കാള്‍ ഇന്റര്‍വ്യൂവില്‍ ശോഭിക്കാന്‍ സഹായിച്ചു. 204 മാര്‍ക്ക് നേടി ഇന്റര്‍വ്യൂവില്‍ രണ്ടാംസ്ഥാനമായിരുന്നു. 

സൂര്യനുചുറ്റുമുള്ള എന്തും അറിയണമെന്നില്ല
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ സൂര്യനുചുറ്റുമുള്ള എന്തിനെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നത് തെറ്റായ ധാരണയാണെന്ന് ഹംന പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍മുതലേ സിവില്‍ സര്‍വീസ് കോച്ചിങ്ങിനായി ഒരുങ്ങേണ്ട ആവശ്യവുമില്ല. സ്‌കൂള്‍, കോളേജ് ജീവിതം നന്നായി ആസ്വദിക്കുക. സിവില്‍ സര്‍വീസ് ഗൗരവമായി എടുത്തുതുടങ്ങുമ്പോള്‍മുതല്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുക. സ്വന്തമായിരുന്ന് പഠിച്ചാല്‍ ആര്‍ക്കും മികച്ചവിജയം നേടാം. 

സിലബസിനനുസരിച്ച് പഠിക്കുക
വ്യക്തമായ സിലബസ് സിവില്‍ സര്‍വീസിനുണ്ട്. അത് കൃത്യമായി പഠിച്ചാല്‍ ആര്‍ക്കും നേടാവുന്ന ഒന്നാണിത്. ചിട്ടയായ പഠനവും പരന്നവായനയും ഉപകരിക്കും.  

തയ്യാറെടുപ്പ്
എല്ലാ ദിവസവും മലയാളപത്രവും ഒരു ഇംഗ്ലീഷ് പത്രവും വായിക്കുന്നത് ശീലമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന രണ്ടുരൂപയുടെ കുരുക്ഷേത്രയും രാജ്യസഭാചാനല്‍ കാണുന്നതും ഗുണംചെയ്യും. സര്‍ക്കാരിന്റെ പോളിസികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.  www.insightsonindia.com, www.gktoday.com തുടങ്ങിയ വെബ്‌സൈറ്റുകളും കൃത്യമായി നിരീക്ഷിക്കുന്നത് ഗുണംചെയ്യും. 

പഠനം 10 മണിക്കൂറോളം
എം. ലക്ഷ്മികാന്തിന്റെ ഇന്ത്യന്‍ പോളിറ്റിയും ബിപിന്‍ ചന്ദ്രയുടെ ചരിത്രപുസ്തകവും വായിച്ചിരിക്കണം. പ്രിലിമിനറിക്ക് പഠിക്കുമ്പോള്‍ത്തന്നെ മെയിന്‍ പരീക്ഷയ്ക്കായി ഒരുങ്ങണം. പ്രിലിമിനറിക്കുവേണ്ടി ദിവസവും മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് പഠിക്കാറുണ്ടായിരുന്നത്. എന്നാല്‍, മെയിന്‍ പരീക്ഷയ്ക്കുവേണ്ടി 10 മണിക്കൂര്‍ സമയം മാറ്റിവെച്ചു. സുഹൃത്തുകളുമായി ചേര്‍ന്നുള്ള പഠനം കാര്യങ്ങള്‍ എളുപ്പമാക്കി.