കളരിപ്പയറ്റും സിവില്‍ സര്‍വീസ് പഠനവും ഒരുമിച്ച് കൊണ്ടുപോയാണ് സ്വാതി എസ്. കുമാര്‍ സിവില്‍ സര്‍വീസില്‍ 635-ാം റാങ്ക് നേടിയത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസില്‍ പരിശീലനം ആരംഭിക്കുന്നത്. വീട്ടില്‍ സ്ഥിരമായി ഇരുന്ന് പഠിക്കുമ്പോള്‍ മടുപ്പുതോന്നും. അതുമാറ്റാനാണ് കളരി പഠിക്കാന്‍ പോയത്. അതിപ്പോ വളരെ വലിയ ഹോബിയാണെന്ന് സ്വാതിയുടെ വാക്കുകള്‍. 

സിവില്‍ സര്‍വീസ് എന്ന കരിയര്‍ ഒപ്ഷനെ കുറിച്ച് ആദ്യം പറയുന്നത് അച്ഛനാണ്. പക്ഷേ ആ നിര്‍ദേശം ഗൗരവത്തോടെ കാണുന്നത് കുറച്ചുകൂടി മുതിര്‍ന്നപ്പോഴാണ്. സ്‌കൂളില്‍ ഒരിക്കല്‍ ജയതിലക് സാര്‍ വന്നിരുന്നു. ഓരോ കരിയറിന്റെയും ഗുണങ്ങളും ദോഷങ്ങളും അന്ന് അദ്ദേഹം പറഞ്ഞുതന്നു. അപ്പോഴാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുകയാണെങ്കില്‍ താഴേക്കിടയിലുള്ള ആളുകള്‍ക്ക് വേണ്ടി ഒത്തിരി ചെയ്യാന്‍ കഴിയുമെന്ന് എന്റെ മനസ്സില്‍ പതിയുന്നത്. അതോടെ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം മനസ്സില്‍ ഉറച്ചു.  അച്ഛന്‍ തന്നെയായിരുന്നു എന്നും പ്രചോദനം. അച്ഛന്റെ ജോലി എല്ലാം കണ്ടിട്ടാണ് എനിക്കും ഒരു പ്രത്യക്ഷമായ ഒരു ഫലം കൊണ്ടുവരാന്‍ സാധിക്കും എന്നെല്ലാം തോന്നിയത്.  

തയ്യാറെടുപ്പ് വീട്ടിലിരുന്ന് 

സിവില്‍ സര്‍വീസിന് വീട്ടിലിരുന്ന് തയ്യാറെടുക്കാം എന്ന് തീരുമാനിക്കുന്ന ആ നിമിഷം മുതല്‍ നമ്മളോട് എല്ലാവരും പറയും ഇവിടെ നിന്നാല്‍ കിട്ടില്ല. പുറത്ത് പോകേണ്ടത് അനിവാര്യമാണ് എന്നൊക്കെ. പക്ഷേ മറ്റീരിയല്‍സും ഇന്‍ഫര്‍മേഷനും എല്ലാം നമ്മുടെ വിരല്‍തുമ്പില്‍ ലഭിക്കുന്ന കാലമാണ് ഇത്. വേണ്ടത് പൊതുവായിട്ടുള്ള ഒരു അവബോധമാണ്.

ട്രെന്‍ഡിങ്ങായിട്ടുള്ള ടോപ്പിക് നമുക്ക് കണ്ടെത്താന്‍ നമുക്ക് കഴിയും. അത് നെറ്റില്‍ അടിച്ചുകൊടുത്താല്‍ നിലവാരമുള്ള ഒത്തിരിപത്രങ്ങളിലെ അതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍സ് ലഭിക്കും. അതില്‍ നിന്ന് നമ്മുടേതായ നിലപാട് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അത് വീട്ടില്‍ നിന്നായാലും മറ്റെവിടെയെങ്കിലും പോയിനിന്നാലും ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. 

എന്റെ കാര്യം പറയുകയാണെങ്കില്‍ ജനറല്‍ സ്റ്റഡീസിന് കോച്ചിങ്ങിന് പോകുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ട്. മറ്റൊരാള്‍ പറഞ്ഞുതരുന്നതിനേക്കാള്‍ ഞാന്‍ സ്വയം നോക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിരുന്നു. 

സിവില്‍ സര്‍വീസ് സാധാരണക്കാരുടെ പരീക്ഷ

ഇത് ഇന്ത്യയിലെ സാധാരണക്കാര് എഴുതുന്ന പരീക്ഷയാണ്. അവര്‍ക്ക് എവിടെ നിന്നാണ് മറ്റീരിയല്‍സ്? അവര്‍ക്ക് വലിയ കോച്ചിംഗ് സെന്റേഴ്‌സോ, വലിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനോ ഉള്ള കഴിവ് ഉണ്ടാകണമെന്നില്ല. എന്‍സിആര്‍ടി, സര്‍ക്കാരിന്റെ തന്നെ പ്രസിദ്ധീകരണങ്ങളായ യോജന, കുരുക്ഷേത്ര എല്ലാം നമുക്ക് ഒരു അഭിപ്രായരൂപീകരണത്തിന് സഹായിക്കും.പിന്നെ മറ്റൊന്ന് പത്രങ്ങളാണ്. ഇതാണ് പ്രധാന ഫൗണ്ടേഷന്‍ എന്നാണ് എനിക്ക് തോന്നുന്നത്. 

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സൈറ്റില്‍ ഓരോ ദിവസവും അവരുടെ കാര്യപരിപാടികള്‍ എന്താണെന്ന് അപ്‌ഡേറ്റ് ചെയ്യും. അതൊന്ന് ഫോളോ ചെയ്താല്‍ ചോദ്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. അതില്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ഉണ്ടാകും അതെങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് ചോദിച്ചാല്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ നോക്കുക, അതിലൂടെ നമുക്ക് കൃത്യമായി ട്രാക്ക് ചെയ്യാന്‍ പറ്റും എന്തുകൊണ്ട് ഇത് വന്നു എന്തുകൊണ്ട് ഇതുവന്നില്ല എന്ന്. 

ഗ്രൂപ്പ് സ്റ്റഡീസാണ് വിജയമുറപ്പിച്ചത്

സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു. ഒരാള്‍ ഉഴപ്പിയാല്‍ അടുത്ത ആള്‍ അത് കണ്ടുപിടിക്കും. എന്തായി എത്ര പഠിച്ചു എന്ന് വിളിച്ച് ചോദിക്കാന്‍ സുഹൃത്തുക്കളുണ്ടായിരുന്നു. പ്രിലിമിനറി പരീക്ഷക്ക് മുമ്പുള്ള മൂന്നുമാസം അതിന് വേണ്ടിത്തന്നെയാണ് ഞാന്‍ പഠിച്ചിരുന്നത്. വളരെ ടൈറ്റ് ഷെഡ്യൂളായിരുന്നു. എത്രസമയം എന്നതിനേക്കാളും ഷെഡ്യൂള്‍ എങ്ങനെ കംപ്ലീറ്റ് ചെയ്യാം എന്നായിരുന്നു ചിന്തിച്ചിരുന്നത്. മൂന്ന് മണിക്കൂറാണ് പഠിക്കുന്നതെങ്കിലും പത്ത് മണിക്കൂറാണ് പഠിക്കുന്നതെങ്കിലും അത് എങ്ങനെ കംപ്ലീറ്റ് ചെയ്യാം എന്നാണ് ആലോചിച്ചിരുന്നത്. ഗ്രൂപ്പ് സ്റ്റഡീസാണ് വിജയമുറപ്പിച്ചത്.

പഠിച്ച വിഷയങ്ങളാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പം 

പഠിച്ച വിഷയം എടുക്കുകയാണെങ്കില്‍ അതാണ് നല്ലത,് കാരണം നമ്മുടെ എഫര്‍ട്ട് അത്രയും കുറയും. ഞാന്‍ പഠിച്ചത് കെമിക്കല്‍ എന്‍ജിനീയറിങ്ങാണ് നിര്‍ഭാഗ്യവശാല്‍ ഫോറസ്റ്റ് സര്‍വീസില്‍ മാത്രമേ കെമിക്കല്‍ എന്‍ജിനീയറിങ് ഉള്ളൂ. എനിക്ക് ഒരു പുതിയ സബ്ജക്ട് പഠിക്കേണ്ടി വന്നു. ഒത്തിരി മണിക്കൂറുകള്‍ അതിലേക്ക് വേണ്ടി മാറ്റി വെക്കേണ്ടി വന്നു. ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ളത് ഒരുപക്ഷേ ഒപ്ഷണല്‍ സബ്ജക്ടിന് തന്നെയാണ്.  

മടുപ്പകറ്റാന്‍ കളരിപ്പയറ്റ് 

ഈയൊരു രണ്ടുകൊല്ലം കൊണ്ടുണ്ടായ ഹോബിയാണ് കളരിപ്പയറ്റ്. പഠനത്തിന്റെ കൂടെ ഞാന്‍ കോഴിക്കോട് ഹിന്ദുസ്ഥാന്‍ കളരി സംഘത്തില്‍ കളരി പഠിക്കാന്‍ പോയിട്ടുണ്ടായിരുന്നു. വീട്ടില്‍ സ്ഥിരമായി ഇരുന്ന് പഠിക്കുമ്പോള്‍ നമുക്കൊരു മടുപ്പുതോന്നും അതുമാറ്റാണ് കളരി പഠിക്കാന്‍ പോയത്. അതിപ്പോ വളരെ വലിയ ഹോബിയാണ്. ഇപ്പോള്‍ വെറുതെ വീട്ടില്‍ നില്‍ക്കുമ്പോഴും ഇടത്തുനേരെ വലത്തുനേരെയാണ്..കളരി പഠിത്തത്തിന് തന്നെ ഹെല്‍പ്ഫുളായി എന്റെ മൈഗ്രേന്‍ മാറി. ശാരീരികമായും മാനസികമായും ആരോഗ്യപരമായും അത് ഒത്തിരി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 

മൂന്ന് മണിക്കൂറിനുള്ളില്‍ 20 ചോദ്യങ്ങള്‍

മൂന്ന് മണിക്കൂറിനുള്ളില്‍ 20 ചോദ്യങ്ങള്‍ എഴുതുക എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ചലഞ്ച്. പരീക്ഷക്കിടയില്‍ എനിക്ക് കൈവിരലിന് ഒരു തടിപ്പുപോലെ വന്നു. അതങ്ങ് നീരുവന്നുവീര്‍ത്തു. എല്ലാവരും പേടിച്ചു അതുകെട്ടിവച്ചാണ് പരീക്ഷ എഴുതിയത്. എന്നിട്ടും എഴുതി തീര്‍ക്കാന്‍ പറ്റിയത് ഉത്തരമെഴുതി പരിശീലിച്ചതിന്റെ ഫലം കൊണ്ടാണ്. 

പ്രിലിമിനറിക്ക് മുമ്പേ തന്നെ അതായത് നമ്മള്‍ പ്രിപ്പറേഷന്‍ തുടങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചെയ്യേണ്ട കാര്യം ഉത്തരമെഴുതി ശീലിക്കുക എന്നുള്ളത് തന്നെയാണ്. കോച്ചിങ്ങിന് പോകാത്ത കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം വിവിധ സൈറ്റുകളില്‍ നമുക്ക് ഒത്തിരി ചോദ്യങ്ങള്‍ കിട്ടും അതിനൊപ്പം ന്യൂസ്‌പേപ്പര്‍ ലിങ്കും ഉണ്ടായിരിക്കും ആ ലിങ്ക് വായിക്കുന്നതിന് മുമ്പ് സ്വന്തമായി ഉത്തരം എഴുതി നോക്കുക. എന്നിട്ട് ആ ആര്‍ട്ടിക്കിളില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക. അപ്പോള്‍ നമുക്ക് ശരിക്കും വ്യത്യാസം മനസ്സിലാകും. നമ്മള്‍ എത്ര ഇംപ്രൂവ് ചെയ്യണം എന്നൊക്കെ മനസ്സിലാകും. ചിലപ്പോള്‍ നമ്മള്‍ എഴുതിയതിലാകും പോയിന്റ്. 

പ്രിലിമിനറി പാസായി കഴിഞ്ഞാല്‍ പിന്നെ മൂന്ന് മാസമേ ഉള്ളൂ. വളരെ ലിമിറ്റഡ് ടൈം ആണ് അത്. അതായത് നമ്മള്‍ മെന്റലി വളരെയധികം സ്‌ട്രെസ്ഡ് ആകുന്ന സമയം. ആ സമയത്ത് നമ്മള്‍ ചെയ്യേണ്ട കാര്യം ഏറ്റവും കൂടുതല്‍ ടെസ്റ്റ് സീരീസ് എഴുതുക എന്നുള്ളതാണ്. വീട്ടിലിരുന്ന പഠിക്കുന്നവര്‍ക്കാണെങ്കില്‍ നമുക്കത് ഓണ്‍ലൈന്‍ വഴി അപ്ലൈ ചെയ്യാന്‍ പറ്റും. അവര്‍ അത് കറക്ട് ചെയ്ത് നമുക്ക് അയച്ചുതരും. 

പരിശീലനം 

ഏത് സര്‍വീസ് ആണ് ലഭിക്കുക എന്നറിയില്ല. ഐപിഎസോ ഐആര്‍എസോ ആയിരിക്കും. ഐപിഎസ് ആണെങ്കില്‍ ഹൈദരാബാദ് ആയിരിക്കും ട്രെയിനിംഗ് ഐആര്‍എസ് ആണെങ്കില്‍ ഫരീദാബാദ് ആയിരിക്കും രണ്ടാണെങ്കിലും നോക്കിക്കാണുന്നു സന്തോഷത്തോടെ. 

വെല്ലുവിളികളാണ് ഊര്‍ജം

തീര്‍ച്ചയായും ചലഞ്ചസ് ഉണ്ടാകും അത് അറിഞ്ഞിട്ട് തന്നെയാണ് ഇങ്ങനെ ഒരു സര്‍വീസിന് വേണ്ടി തയ്യാറെടുക്കുന്നത്. അതറിഞ്ഞ് പഠിച്ചാലേ പഠിക്കാനുള്ള ഒരു ഊര്‍ജം കിട്ടുകയുള്ളൂ. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി സംവദിക്കുക എന്നുള്ളത് കുറച്ചുകൂടി എഫക്ടീവ് ആയിട്ടുണ്ട്. അതോടൊപ്പം തന്നെ നമ്മള്‍ പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും എല്ലാം സൂക്ഷിക്കേണ്ടി ഇരിക്കുന്നു. സംഗതി പോസിറ്റീവാണെങ്കിലും ഒരു നെഗറ്റീവ് സൈഡും കൂടി ഉണ്ട്. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യാനുള്ള പ്ലാറ്റോഫോം കൂടിയിട്ടുണ്ട്. അതിന്റേതായ ചാലഞ്ചസും ഓപ്പര്‍ച്യുണിറ്റീസും ഉണ്ട്. 

റോള്‍ മോഡല്‍സ് മാതാപിതാക്കള്‍ തന്നെ

സിവില്‍ സര്‍വീസില്‍ റോള്‍ മോഡല്‍ എന്ന് പറയാന്‍ അറിയില്ല. ഒരു പ്രത്യേകവ്യക്തിയേയും ഒരു റോള്‍മോഡല്‍ എന്ന് ചൂണ്ടിക്കാണിക്കാനും ആവില്ല. ഏതൊരു വ്യക്തിയുടെയും ആദ്യത്തെ റോള്‍ മോഡല്‍ എന്ന് പറയുന്നത് അവരുടെ മാതാപിതാക്കള്‍ തന്നെയായിരിക്കും. ഒരു വ്യക്തിയെ വളര്‍ത്തിയെടുക്കുക എന്ന രീതിയില്‍ അവര്‍ കാണിച്ചിട്ടുള്ള പങ്ക് വലുതാണ്. അതുപോലെ പിന്നെ ഞാന്‍ പഠിച്ചിട്ടുള്ളത് കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിലാണ് അവിടുത്തെ സിസ്റ്റര്‍മാര്‍ നമ്മളെ പഠിപ്പിച്ച കുറച്ചുമൂല്യങ്ങളുണ്ട്. അത് ജീവിതത്തില്‍ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്. അതുപോലെ പല വ്യക്തികളും പല രീതിയില്‍ നമ്മലെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് ഇന്ന ഒരു വ്യക്തി എന്ന് പറയാന്‍ കഴിയില്ല.പല കാര്യങ്ങളും പലതില്‍ നിന്നാണ് പഠിച്ചിട്ടുള്ളത്. 

ഈ സ്‌നേഹം ഒരു ഉത്തരവാദിത്തമാണ്

അഴിമതിയില്ലാത്ത നല്ലൊരു ഓഫീസറായിട്ട്, സമൂഹത്തിന് വേണ്ടി നന്മ ചെയ്യാന്‍ പറ്റുന്ന ഒരു ഓഫീസറായി മാറണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ എല്ലാവരും പ്രകടിപ്പിക്കുന്ന സ്‌നേഹവും പ്രോത്സാഹനവും ഒരു റെസ്‌പോണ്‍സിബിലിറ്റിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒത്തിരി പ്രതീക്ഷിക്കുന്നു എന്നുള്ള ഒരു പറയലാണ് അത്. അത് മനസ്സിലാക്കുന്നു അത്രത്തോളം ഗ്രൗണ്ടട് ആയിട്ട് നില്‍ക്കുന്നു. സന്തോഷം..