ളുകള്‍ കണ്ടുകണ്ടാണ് കടല്‍ ഇത്ര വലുതായത്...' കെ.ജി. ശങ്കരപ്പിള്ളയുടെ കവിതയിലെ വരികള്‍ ദിപിന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഇങ്ങനെ തിരുത്തും: 'കടല്‍ കണ്ടുകണ്ടാണ് എന്റെ മനസ്സിലെ സിവില്‍ സര്‍വീസ് സ്വപ്നം ഇത്രമേല്‍ വലുതായത്...' കടലുകള്‍ താണ്ടി സഞ്ചരിക്കുന്ന കപ്പലുകളിലിരിക്കുമ്പോള്‍ ദിപിന്റെ മനസ്സ് സിവില്‍ സര്‍വീസ് എന്ന ആകാശത്തേക്ക് പറന്നുകൊണ്ടേയിരുന്നു... 

നാവികസേനയുടെ തൂവെള്ളക്കുപ്പായവും വ്യോമസേനയുടെ നീലക്കുപ്പായവും അണിയാന്‍ കൊതിച്ചവന്റെ മനസ്സില്‍ ഐ.എ.എസും ഐ.പി.എസും കൂടുകൂട്ടുമ്പോള്‍, മുന്നില്‍ ആത്മവിശ്വാസത്തിന്റെ കടല്‍ മാത്രം അലയടിച്ചുകൊണ്ടിരുന്നു. ഒടുവില്‍, സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ തീരത്ത് 135-ാം റാങ്കോടെ വിജയത്തിന്റെ കപ്പിത്താനായി അണയുമ്പോള്‍ ദിപിന്‍ പറയുന്നത് ഒന്നുമാത്രം: 'ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്ത് മുന്നേറിയാല്‍ പ്രതിസന്ധിയുടെ ഏതു കടലുകളും നമുക്ക് തരണം ചെയ്യാനാകും.' 
 
കടലില്‍ വിടര്‍ന്ന സ്വപ്നം

നാലാം ക്ലാസുവരെ ഏലൂര്‍ സെന്റ് ആന്‍സ് സ്‌കൂളില്‍ പഠനം... അഞ്ചു മുതല്‍ പ്ലസ് ടു വരെ ചെമ്പുമുക്ക് അസ്സീസി വിദ്യാനികേതനില്‍ പഠനം... മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് നേടി പുറത്തിറങ്ങിയശേഷം കൊച്ചി കപ്പല്‍ശാലയില്‍ മറൈന്‍ എന്‍ജിനീയറിങ് കോഴ്‌സും പഠിച്ചു. പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ തന്നെ ഫ്‌ലീറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് എന്ന ഹോങ്കോങ് കമ്പനിയുടെ എലഗന്റ് മറൈന്‍ സര്‍വീസില്‍ ജോലി കിട്ടുന്നു. 

കളമശ്ശേരി പുത്തന്‍പുരയ്ക്കല്‍ രത്‌നകുമാറിന്റെയും അസിയയുടെയും മകനായ പി.ആര്‍. ദിപിന്‍ എന്ന യുവാവിന്റെ സിവില്‍ സര്‍വീസിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇവിടെനിന്നാണ്. ഇനിയുള്ള യാത്രയുടെ കഥകള്‍ ദിപിന്റെ തന്നെ വാക്കുകളില്‍ നമുക്ക് കേള്‍ക്കാം: ''മറൈന്‍ സര്‍വീസില്‍ ജോലി കിട്ടിയത് എന്റെ ജീവിതത്തിലെ നിര്‍ണായക സംഭവമായിരുന്നു. നാലു വര്‍ഷത്തോളം ഞാന്‍ അവിടെ ജോലി ചെയ്തു. ഇതിനിടയില്‍ ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍, ചൈന, കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, മൊസാംബിക്, നൈജീരിയ, ടോഗോ, ചിലി, പെറു, കൊളംബിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ പോകാനായി. 

കപ്പല്‍ ഓരോ രാജ്യത്തിന്റെയും തീരമണയുമ്പോള്‍ ഓരോരോ സംസ്‌കാരത്തിലേക്കായിരുന്നു ഞാന്‍ എത്തിക്കൊണ്ടിരുന്നത്. േജ്യാഗ്രഫി ഇഷ്ടവിഷയമായ എനിക്ക് ഈ യാത്രകള്‍ ഒരുപാട് അനുഭവങ്ങളാണ് സമ്മാനിച്ചത്. കടല്‍താണ്ടിയുള്ള കപ്പല്‍ സഞ്ചാരങ്ങള്‍ക്കിടയിലാണ് ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്ന തീരുമാനമെടുക്കുന്നത്. കപ്പല്‍ യാത്രയ്ക്കിടയില്‍ ഞാന്‍ പഠിക്കാനുള്ള ഭാഗങ്ങള്‍ ലാപ്‌ടോപ്പിലാക്കി കൊണ്ടുപോകുമായിരുന്നു. കപ്പലിലെ ജോലി കഴിഞ്ഞുള്ള സമയങ്ങളിലിരുന്നുള്ള പഠനമായിരുന്നു സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എന്നെ സഹായിച്ചത്. ആ യാത്രകള്‍ ഇപ്പോള്‍ എന്നെയിതാ ഇവിടെയെത്തിച്ചിരിക്കുന്നു...'' 

നാവികസേനയും  വ്യോമസേനയും

അപ്പോളോ ടയേഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെയും ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ പ്രൊഫസറായിരുന്ന അമ്മയുടെയും മകന് കുട്ടിക്കാലത്തേ യൂണിഫോമിനോട് വലിയ ഇഷ്ടമായിരുന്നു. നാവികസേനയിലോ വ്യോമസേനയിലോ ചേരണമെന്ന മോഹവുമായി നടന്ന ദിപിന്‍, രണ്ടു പരീക്ഷകളും എഴുതി. എന്നാല്‍, രണ്ടിലും ഇന്റര്‍വ്യൂ ഘട്ടത്തില്‍ പരാജയപ്പെട്ടതോടെ ദിപിന് മുന്നില്‍ ആ മോഹങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു. 

സൈന്യത്തില്‍ ചേരണമെന്ന മോഹം നടക്കാതെ വന്നതോടെ ദിപിന്റെ മനസ്സ് സിവില്‍ സര്‍വീസിലേക്ക് പതുക്കെ ചേക്കേറിത്തുടങ്ങി. ''സിവില്‍ സര്‍വീസ് മോഹം മനസ്സില്‍ ഉറച്ചതോടെയാണ് ഞാന്‍ മറൈന്‍ ജോലി രാജിവെച്ച് നാട്ടില്‍ തിരിച്ചെത്തിയത്. 2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും പ്രിലിമിനറിയില്‍ പരാജയപ്പെട്ടു. എന്നാല്‍, മികച്ച സ്ഥാപനങ്ങളിലായി കടുത്ത പരിശീലനം നടത്തി കഴിഞ്ഞവര്‍ഷം ഞാന്‍ വീണ്ടും പരീക്ഷയെഴുതി. ഇത്തവണ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഇന്റര്‍വ്യൂ അല്‍പ്പം ഭയപ്പെടുത്തിയെങ്കിലും ഒടുവില്‍ വിജയം എന്നെത്തേടിയെത്തി...'' 

ജ്യോഗ്രഫി എന്ന ഓപ്ഷന്‍

കടലുകള്‍ താണ്ടി സഞ്ചരിച്ചിരുന്നതു കൊണ്ടാണോ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ജ്യോഗ്രഫി ഓപ്ഷണല്‍ വിഷയമാക്കിയത്? ''കടല്‍ സഞ്ചാരം ജ്യോഗ്രഫിയോട് ഇഷ്ടം കൂടാന്‍ സഹായിച്ചുവെന്നത് നേരാണ്. പരിശീലന ക്ലാസ്സില്‍ ജ്യോഗ്രഫിയുടെ ഭാഗമായി പസഫിക്കിനെക്കുറിച്ചും അറ്റ്‌ലാന്റിക്കിനെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ അതൊക്കെ ഞാന്‍ പോയ സ്ഥലമാണല്ലോയെന്നോര്‍ക്കും. ഒരു ചിത്രത്തിലെന്നപോലെ ആ കടല്‍ രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരും. 

എന്റെ കടല്‍യാത്രകള്‍ പഠനത്തില്‍ ഒരുപാട് സഹായകമായിട്ടുണ്ട്. പിന്നെ ഒരു വിഷയം ഓപ്ഷണലായി എടുക്കുമ്പോള്‍ അത് പഠിക്കാനുള്ള മികച്ച സൗകര്യം ഉണ്ടോയെന്ന് ഉറപ്പുവരുത്തലാണ് പ്രധാനഘടകം. ജ്യോഗ്രഫിക്ക് മികച്ച ട്യൂട്ടറെയും കോച്ചിങ്ങും കിട്ടിയതോടെ കാര്യങ്ങള്‍ എളുപ്പമായി. പരീക്ഷ എഴുതുമ്പോള്‍ മാപ്പ് ഉള്‍പ്പെടെയുള്ള വരകളിലൂടെ കൂടുതല്‍ മാര്‍ക്കിനുള്ള സാധ്യതകളുമുണ്ടെന്നതും ജ്യോഗ്രഫിയുടെ അനുകൂല ഘടകങ്ങളാണ്...'' 

ചിട്ടയോടെ പഠനം

വിജയത്തിലേക്കുള്ള വഴിയായി ദിപിന്‍ പറയുന്ന പ്രധാനകാര്യം 'ചിട്ടയായ പഠനം' ആണ്. ''മികച്ച പരിശീലനകേന്ദ്രം കിട്ടിയതോടെ അത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. രാവിലെ എട്ടരയോടെ ഞാന്‍ പരിശീലന കേന്ദ്രത്തിലെത്തുമായിരുന്നു. ചില ദിവസങ്ങളില്‍ ക്ലാസ് ഉച്ചയ്ക്ക് തീരും. ചിലപ്പോള്‍ വൈകുന്നേരം വരെയുണ്ടാകും. എത്രസമയം ഇരുന്നാലും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിരുന്നു. രാത്രി അധികനേരം പഠിക്കുന്ന ശീലമുണ്ടായിരുന്നില്ല. രാത്രി 11 മണിയോടെ കിടക്കാന്‍ ഞാന്‍ മിക്കവാറും  ശ്രമിച്ചിരുന്നു. മെയിന്‍ പരീക്ഷാ സമയത്ത് രാവിലെ അഞ്ചു മണിക്കൊക്കെ എഴുന്നേറ്റ് പഠിക്കുമായിരുന്നു. അപ്പോഴും കുറഞ്ഞത് ഏഴു മണിക്കൂര്‍ ഉറക്കം കിട്ടണമെന്ന കാര്യം ഞാന്‍ ഉറപ്പാക്കിയിരുന്നു. ഉറക്കം കളഞ്ഞ് പഠിച്ചാല്‍ അത് നീണ്ടുനില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല...''  

ലക്ഷ്യവും ഉപദേശവും

എന്റെ ഇപ്പോഴത്തെ റാങ്കിന് ഐ.എ.എസ്. ഉറപ്പില്ല. എന്നാല്‍, ഐ.പി.എസ്. കിട്ടാന്‍ നല്ല സാധ്യതയുണ്ട്. ഐ.പി.എസിനോട് എനിക്ക് പണ്ടേ ഇഷ്ടമാണ്. നാവികസേനയുടെയും വ്യോമസേനയുടെയും യൂണിഫോം അണിയണമെന്ന മോഹം പൊലിഞ്ഞത് ഐ.പി.എസ്. യൂണിഫോമിലൂടെ മാറ്റിയെടുക്കാമല്ലോ. ഇനി കടന്നുവരുന്നവരോട് എനിക്കു പറയാനുള്ളത് ലക്ഷ്യത്തെക്കുറിച്ചാണ്. സാധാരണക്കാര്‍ക്കും എത്തിപ്പിടിക്കാവുന്ന മേഖലയാണ് സിവില്‍ സര്‍വീസ്. 

ആദ്യം നിങ്ങള്‍ക്ക് സ്വയം താത്പര്യമുണ്ടാകണം. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടാകണം. നല്ല അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വേണം. പരമാവധി മോഡല്‍ പരീക്ഷകള്‍ എഴുതാന്‍ ശ്രമിക്കണം... അങ്ങനെയാണെങ്കില്‍ ഉറപ്പിച്ചോളൂ... സിവില്‍ സര്‍വീസ് നിങ്ങളുടെ കൈയെത്തും ദൂരത്തുണ്ട്...''  ദിപിന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ കടല്‍ ഇരമ്പുന്നു.