Ann Maryഒരു തിരി തെളിയുമ്പോൾ പ്രകാശത്തിന്റെ വലിയ ലോകങ്ങളാകണം മനസ്സിൽ നിറയുന്നത്...’ ആരോ പറഞ്ഞ വാക്കുകൾ ആൻ മേരിയുടെ മനസ്സിൽ എന്നും എപ്പോഴും ഒരു തിരിയായി തെളിഞ്ഞുകത്തിയിരുന്നു. വിദ്യാലയമുറ്റത്തെ വേദിയിൽ കൂട്ടുകാരെ സാക്ഷിയാക്കി ജില്ലാ കളക്ടർക്കൊപ്പം ആർട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് തിരിതെളിക്കുമ്പോഴാണ് ആൻ മേരിയുടെ മനസ്സിൽ ആദ്യമായി ‘സിവിൽ സർവീസ്‌’ എന്ന സ്വപ്നം പറന്നെത്തിയത്. പ്രതീക്ഷയുടെ ഒരു വലിയ തിരിയായി മനസ്സിൽ കൊളുത്തിവെച്ച ആ സ്വപ്നത്തെ ആൻ മേരി ഒരിക്കലും മറന്നിരുന്നില്ല.

കേന്ദ്രീയ വിദ്യാലയത്തിലെ പഠനം കഴിഞ്ഞ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ടെക് നേടി പുറത്തിറങ്ങുമ്പോഴേക്കും ആൻ മേരിയുടെ മനസ്സിൽ ആ സ്വപ്നം ആഴത്തിൽ വേരുറപ്പിച്ചിരുന്നു.  ഒടുവിൽ മൂന്നാംവട്ടത്തിൽ 123-ാം റാങ്കിന്റെ തിളക്കത്തിൽ സിവിൽ സർവീസ് എന്ന സ്വപ്നം കൈയെത്തിപ്പിടിക്കുമ്പോൾ ആൻ മേരി ജോർജ് പറയുന്നത് ഒന്നുമാത്രം: ‘‘മനസ്സിൽ ആത്മവിശ്വാസത്തിന്റെ തിരികൊളുത്തൂ... ഏതു വിജയവും നിങ്ങളെ തേടിയെത്തും.’’ 

കളക്ടർ കൊളുത്തിയ മോഹം
മരട് പാണ്ടവത്ത് റോഡ് റോസ്‌ലാൻഡിൽ ജോർജിന്റെയും ഷാജി ജോർജിന്റെയും മകളായ ആൻ മേരിയുടെ മനസ്സിൽ സിവിൽ സർവീസ് എന്ന സ്വപ്നം കൂടുകൂട്ടിയതിനു പിന്നിൽ രസകരമായ ചില കഥകളുണ്ട്. എല്ലാത്തിലും നായകസ്ഥാനത്ത് നിൽക്കുന്നത് കളക്ടർ തന്നെയായിരുന്നു. 

‘‘കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന സമയത്ത് സ്കൂളിന്റെ ചെയർമാനായിരുന്ന കളക്ടറെ കാണാൻ ഒരുപാട് അവസരങ്ങൾ കിട്ടിയിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്കും അല്ലാതെയുമായി പലതവണ കളക്ടർ ഞങ്ങളുടെ സ്കൂളിലെത്തിയിരുന്നു. ഓരോ തവണ കളക്ടറെ കാണുമ്പോഴും എന്റെ മനസ്സിൽ അദ്ദേഹത്തെപ്പോലെയാകണമെന്ന മോഹം ശക്തമാകുകയായിരുന്നു. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. അന്നത്തെ കളക്ടറായിരുന്ന ബീനാ മാഡമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത്. സ്കൂൾ ലീഡർ എന്ന നിലയിൽ എനിക്കും കളക്ടർക്കൊപ്പം തിരിതെളിക്കാൻ അവസരം കിട്ടി. അന്നു കൊളുത്തിയ തിരിയുടെ പ്രകാശമാണ് സത്യത്തിൽ എന്നെ സിവിൽ സർവീസ് എന്തായാലും നേടണം എന്ന മോഹത്തിലെത്തിച്ചത്...’’

പ്ലാനിങ് കമ്മിഷനിലെ തുടക്കം
‘‘എൻജിനീയറിങ്‌ പഠനത്തിനിടയിലെ ഇന്റേൺഷിപ്പാണ് ആൻ മേരിയുടെ സിവിൽ സർവീസ് സ്വപ്നങ്ങളിൽ നിർണായകമായ ഒരധ്യായമായി മാറിയത്. ആ കാലത്തെപ്പറ്റി ആൻ മേരി തന്നെ പറയട്ടെ: ‘‘എൻജിനീയറിങ്‌ പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പിന് രണ്ടിടത്താണ് ഞാൻ അപേക്ഷിച്ചത്. പ്ലാനിങ്‌ കമ്മിഷനിലും മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്‌സിലും അപേക്ഷിച്ചപ്പോൾ രണ്ടിടത്തും എനിക്ക് സെലക്‌ഷൻ കിട്ടി. എന്നാൽ, പ്ലാനിങ് കമ്മിഷനാണ് ഞാൻ തിരഞ്ഞെടുത്തത്. പ്ലാനിങ്‌ കമ്മിഷനിൽ മുൻ കാബിനറ്റ് സെക്രട്ടറി ബി.കെ. ചതുർവേദി സാറിന്റെ കീഴിലായിരുന്നു എന്റെ ഇന്റേൺഷിപ്പ്. സാറിനോടൊത്തുള്ള പരിശീലനം എനിക്കു വളരെ വലിയ പ്രചോദനമായിരുന്നു. ഓരോ വിഷയത്തിലും സാറിന്റെ നിരീക്ഷണങ്ങളും ആസൂത്രണങ്ങളും കണ്ടുപഠിക്കേണ്ട ഒന്നുതന്നെയായിരുന്നു. പ്ലാനിങ്‌ കമ്മിഷനിലെ പഠനകാലമാണ് എന്നെ സിവിൽ സർവീസ് പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ സജ്ജമാക്കിയത്...’’ 

ഓപ്ഷണലിന്റെ കരുത്തിൽ
ചെന്നൈയിലെ ബോഷ് കമ്പനിയിലെ ജോലി രാജിവെച്ചാണ് ആൻ മേരി സിവിൽ സർവീസ് പരീക്ഷയിലേക്ക് ഇറങ്ങുന്നത്. ഓപ്ഷണലായി പബ്ലിക് അഡ്മിനിസ്‌ട്രേഷനായിരുന്നു ആൻ മേരി തിരഞ്ഞെടുത്തത്.  ‘‘ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ ഉടനെ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും എനിക്ക് പ്രിലിമിനറി പോലും കിട്ടിയില്ല. അതോടെ അടുത്ത തവണത്തെ പരീക്ഷ ലക്ഷ്യമിട്ട് ഞാൻ ഡൽഹിയിൽ കോച്ചിങ്ങിന് പോയി. അടുത്ത വർഷം നന്നായി പരീക്ഷ എഴുതിയെങ്കിലും നേരിയ വ്യത്യാസത്തിന് പ്രിലിമിനറി കിട്ടിയില്ല. അതോടെ ഞാൻ ആകെ സങ്കടത്തിലായി. എന്നാൽ, നിരാശയോടെ പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. വീണ്ടും ഡൽഹിയിലേക്ക് മടക്കം. ഇത്തവണ ഓപ്ഷണൽ വിഷയം വളരെ നന്നായി പരിശീലിക്കാനായിരുന്നു തീരുമാനം. രണ്ടു തവണ പാളിയതിനാൽ എന്റെ പിഴവുകൾ എവിടെയായിരുന്നുവെന്ന് കൃത്യമായി അറിയാമായിരുന്നു. പല തവണ മോക്ക് ടെസ്റ്റുകൾ എഴുതിയായിരുന്നു ഒടുവിൽ പരീക്ഷയെ നേരിട്ടത്...’’

കൃത്യമായ പഠനം
രാവിലെയും വൈകീട്ടും പരമാവധി സമയം പഠിച്ചാണ് പരീക്ഷയെ നേരിട്ടതെന്നും ആൻ മേരി പറയുന്നു. ‘‘രാവിലെ ആറു മണിക്കാണ് ഞാൻ സാധാരണ പഠനം തുടങ്ങിയിരുന്നത്. ദിവസവും കുറഞ്ഞത് പത്തു മണിക്കൂറെങ്കിലും പഠിക്കുമായിരുന്നു. പരീക്ഷ അടുക്കുന്തോറും പഠനസമയവും കൂട്ടിയിരുന്നു. എല്ലാ ദിവസവും മോഡൽ പരീക്ഷയ്ക്കായി ഓൺലൈനിനെയും ആശ്രയിച്ചിരുന്നു. ഓൺലൈൻ ടെസ്റ്റുകൾ എഴുതുന്നത് നമ്മുടെ കുറവുകൾ കണ്ടെത്താൻ ഏറെ സഹായകരമായിരുന്നു. ഓരോ ടെസ്റ്റിലെയും പിഴവുകൾ മനസ്സിലാക്കി അടുത്ത ടെസ്റ്റ് എഴുതിയതോടെ ആത്മവിശ്വാസവും കൂടിക്കൊണ്ടിരുന്നു. ഒടുവിൽ മികച്ച റാങ്കോടെ പരീക്ഷ പാസാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം...’’

ലക്ഷ്യവും ഉപദേശവും
ഐ.എ.എസ്. കിട്ടുമെന്ന പ്രതീക്ഷയിലാണ് ആൻ മേരി കാത്തിരിക്കുന്നത്. ആദ്യത്തെ ഓപ്ഷൻ കേരള കേഡർ ആണെങ്കിലും രാജസ്ഥാൻ കേഡറും ആൻ മേരിക്ക് ഇഷ്ടമാണ്. അവിടെ സ്ത്രീവിദ്യാഭ്യാസത്തിന് കുറേ കാര്യങ്ങൾ ചെയ്യാനാകുമെന്നതാണ് ആൻ മേരിയെ പ്രചോദിപ്പിക്കുന്ന ഘടകം.  പുതുതായി പരീക്ഷ എഴുതാനിരിക്കുന്ന കുട്ടികളോടും ആൻ മേരിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ‘‘കുട്ടിക്കാലം മുതലേ പത്രം വായിക്കുന്ന ശീലം വളർത്തിയെടുക്കണം. നല്ല ക്ഷമയാണ് മറ്റൊരു പ്രധാനകാര്യം. പരീക്ഷകൾക്കിടയിലെ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ആസൂത്രണത്തോടെ ഒരുങ്ങിയാൽ മാത്രമേ നമുക്ക് ലക്ഷ്യത്തിലെത്താനാകൂ. വെറുതെ പരീക്ഷ എഴുതി അവസരം കളയുന്നതിൽ അർഥമില്ല. ആസൂത്രണവും ആത്മവിശ്വാസവും ചേരുമ്പോഴാണ് വിജയം നമ്മെ തേടിയെത്തുന്നത്.’’