ആറു കൊല്ലംമുമ്പ് കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് ബി.ടെക് പൂര്‍ത്തിയാക്കുമ്പോള്‍ കൊല്ലം വെള്ളയിട്ടമ്പലം സ്വദേശിനി അഞ്ജുവിന് ലക്ഷ്യം ഒന്നേയുണ്ടായിരുന്നുള്ളൂ പഞ്ചാബില്‍ ചീഫ് സെക്രട്ടറിയായിരുന്ന ചിറ്റപ്പന്‍ കെ.ആര്‍.നായരെപ്പോലെ ഐ.എ.എസ്. കരസ്ഥമാക്കുക. 2010 മുതല്‍ സ്ഥിരോത്സാഹത്തോടെ കഠിനാധ്വാനം തുടങ്ങി. ഒടുവില്‍ നാലാമത്തെ ചാന്‍സില്‍ ലക്ഷ്യത്തിലെത്തി. 

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു എല്‍.കെ.ജി. മുതല്‍ പഠിച്ചത്. 2014ല്‍ ഐ.ആര്‍.എസ്. നേടി ഫരീദാബാദില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ട്രെയിനിയായി പ്രവര്‍ത്തിച്ചുവരവെയാണ് ഐ.എ.എസ്. എഴുതുന്നതും അഖിലേന്ത്യാതലത്തില്‍ 90-ാം റാങ്കോടെ ഉയര്‍ന്ന വിജയം നേടുന്നതും. മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ്. ഓഫീസര്‍ ഉത്തരാഖണ്ഡ് സ്വദേശി അരുണ്‍കുമാറാണ് ഭര്‍ത്താവ്. 

എട്ടുമണിക്കൂര്‍വരെ പഠനം

ദിവസവും ആറുമുതല്‍ എട്ടുമണിക്കൂര്‍വരെയായിരുന്നു പഠനത്തിന് കണ്ടെത്തിയത്. ഡല്‍ഹിയില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ പ്രത്യേക പരിശീലനത്തിനും ചേര്‍ന്നു. 

റഫര്‍ചെയ്യാവുന്ന പുസ്തകങ്ങള്‍

പബ്ലിക് അഡ്മിനിസ്‌ട്രേഷന് പേപ്പര്‍ ഒന്നിന് മോഹിത് ഭട്ടാചാര്യയുടെ 'ന്യൂ ഹൊറൈസണ്‍സ് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍' എന്ന ബുക്ക് ഗുണംചെയ്യും. പേപ്പര്‍ രണ്ടിന് ഗോയല്‍ ആന്‍ഡ് അറോറ, എസ്. മഹേശ്വരി എന്നിവരുടെ പുസ്തകവും ശുപാര്‍ശചെയ്യുന്നു. 

രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് കമ്മിഷന്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനില്‍ ലഭ്യമാണ്. അതും പഠനത്തിന് ഏറെ സഹായകം. ജനറല്‍ സ്റ്റഡീസിന് സ്‌പെക്ട്രം സീരീസ് ബുക്കുകള്‍, എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍, ഇക്കണോമിക്‌സിന് ദത്ത് ആന്‍ഡ് സുന്ദരം, പൊളിറ്റിക്‌സിന് സുഭാഷ് കാശ്യപിന്റെ പുസ്തകം എന്നിവ പ്രയോജനപ്പെട്ടു.