ടി.വി. കണ്ടിരിക്കുന്ന കുട്ടികളെ മിക്ക രക്ഷിതാക്കളും വഴക്കുപറയാറുണ്ട്... തൊട്ടുപിന്നാലെ ഒരു ഡയലോഗുമെത്തും: ‘‘ടി.വി. കണ്ട് സമയം കളയാതെ പോയിരുന്ന് പഠിക്ക്... ടി.വി. കണ്ടിരുന്നാൽ പരീക്ഷക്ക് മാർക്ക് കിട്ടില്ലാട്ടോ...’’ ക്ലീഷേയായ ഇത്തരം ഡയലോഗുകളും വഴക്കുപറയലും മാറ്റണമെന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ വിജയത്തിന്റെ വലിയൊരു ഉത്തരമാകുകയാണ് സിദ്ധാർത്ഥ്. പതിനഞ്ചാം റാങ്കിന്റെ തിളക്കത്തിൽ സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സിദ്ധാർത്ഥ് നന്ദി പറയുന്നത് ടി.വി. യോടാണ്. രാജ്യസഭാ ടി.വി.യിലെ ‘ഇന്ത്യാസ് വേൾഡ്’ എന്ന പരിപാടി കണ്ട് സിവിൽ സർവീസിന്റെ ലോകത്തേക്ക് ചിറകടിച്ച സ്വപ്നങ്ങളെ സിദ്ധാർത്ഥ് ഒടുവിൽ അഭിമാനാർഹമായ വിജയത്തിലെത്തിക്കുമ്പോൾ വീട്ടുകാർക്കും നിറഞ്ഞ സന്തോഷം.

ടി.വി. സമ്മാനിച്ച വിജയം
കലൂർ പേരണ്ടൂർ ‘ശ്രീവനി’യിൽ ബാബുക്കുട്ടൻ പിള്ളയുടെയും അനിതയുടെയും മകനായ സിദ്ധാർത്ഥ് സിവിൽ സർവീസിന്റെ ലോകത്തേക്ക് പറക്കുമ്പോൾ ചിറകുകളായി ടി.വി. വന്നത് എങ്ങനെയാണ്? ആ കഥ സിദ്ധാർത്ഥ് തന്നെ പറയും: ‘‘മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് നേടി ഇ-കൊമേഴ്‌സ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് എന്റെ മനസ്സിൽ ‘സിവിൽ സർവീസ്’ എന്ന സ്വപ്നം ശക്തമാകുന്നത്. അതിന് പ്രചോദനമായത് രാജ്യസഭാ ടി.വി. യിലെ ‘ഇന്ത്യാസ് വേൾഡ്’ എന്ന പരിപാടിയാണ്. ലോകവിഷയങ്ങൾ ഇന്ത്യൻ ആംഗിളിലും അല്ലാതെയും ചർച്ച ചെയ്യുന്ന ആ പരിപാടി വിജ്ഞാനത്തിന്റെ വലിയ ലോകങ്ങളാണ് എനിക്കു സമ്മാനിച്ചത്.

പ്രശസ്തരായ നയതന്ത്രജ്ഞൻമാരടക്കം ഒരുപാട് പ്രഗത്ഭർ ഈ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു. അവർ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പലതും ഞാൻ കുറിച്ചെടുക്കുമായിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച രീതിയിൽ ഉത്തരമെഴുതാൻ ഇത്തരം ചർച്ചകൾ എനിക്ക് ഒരുപാട് സഹായകരമായിരുന്നു. പരിപാടിയുടെ അവതാരകനായിരുന്ന ഭരത് ഭൂഷൺ സാറിനെ ഞാൻ നേരിൽ പോയി കണ്ടിരുന്നു. സാർ മുഖാന്തരം ഏതാനും നയതന്ത്രജ്ഞരുമായി നേരിട്ട് സംസാരിക്കാനും അവസരം കിട്ടി. അതും എന്റെ വിജയത്തിൽ നിർണായകമായിരുന്നു...’’ 

സിലബസ് തന്നെ പ്രധാനം
‘‘സിലബസിനനുസരിച്ചുള്ള പഠനം തുടങ്ങുമ്പോഴാണ് നിങ്ങൾ സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കുള്ള കൃത്യമായ വഴികളിലെത്തുന്നത്. അനുഭവത്തിലൂടെയാണ് ഇക്കാര്യം പറയുന്നത്‌...’’ എന്ന ആമുഖത്തോടെയാണ് സിദ്ധാർത്ഥ് സിലബസിന്റെ പ്രധാന്യം വിശദീകരിച്ചത്.  ‘‘ഇ-കൊമേഴ്‌സ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് സിവിൽ സർവീസ് മോഹം ശക്തമായതെങ്കിലും ജോലിക്കിടയിൽ പരീക്ഷ എളുപ്പമാകില്ലെന്ന് എനിക്കറിയാമായിരുന്നു. 2014-ൽ ജോലി രാജിവെച്ച് ഞാൻ പരീക്ഷയെ നേരിടാൻ പരിശീലനത്തിന് ചേർന്നു.

ഒരു വർഷത്തെ പരിശീലനത്തിനു ശേഷം 2015-ൽ പരീക്ഷ എഴുതിയപ്പോൾ പ്രിലിമിനറി കിട്ടിയെങ്കിലും മെയിൻ കിട്ടിയില്ല. സിലബസ് വെച്ച് പഠിക്കാതിരുന്നതാണ് എന്റെ തോൽവിയുടെ പ്രധാന കാരണം. പൊളിറ്റിക്കൽ സയൻസ് ആയിരുന്നു ഓപ്ഷണൽ വിഷയമെങ്കിലും അതിൽ എനിക്ക് വേണ്ടത്ര ആഴം ഉണ്ടായിരുന്നില്ല. എല്ലാം എഴുതിയെടുക്കാമെന്ന ചിന്തയിലായിരുന്നു പരീക്ഷയെ നേരിട്ടതെങ്കിലും പഠിക്കേണ്ട രീതിയിൽ പഠിക്കാത്തതിന്റെ കുഴപ്പം എനിക്കു മനസ്സിലായത് ഫലം വന്നപ്പോഴാണ്. പരീക്ഷക്കായി സിലബസ് മൊത്തം കവർ ചെയ്യാനും എനിക്ക് പറ്റിയിരുന്നില്ല. അങ്ങനെ അർഹിച്ച തോൽവി എന്നെത്തേടിയെത്തി...’’ 

പുതിയ പാഠങ്ങൾ
ആദ്യ തവണ സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെട്ടത് സിദ്ധാർത്ഥിനെ പല പുതിയ പാഠങ്ങളും പഠിപ്പിച്ചു. ആദ്യത്തെ തോൽവിയാണ് ഇത്തവണത്തെ മികച്ച റാങ്കിലുള്ള വിജയത്തിനു പിന്നിലെ പ്രധാന കാരണമെന്നു പറയാനും സിദ്ധാർത്ഥിന് മടിയില്ല. ‘‘എവിടെയാണ് തെറ്റിയതെന്ന് മനസ്സിലായാൽ തിരുത്താൻ വളരെ എളുപ്പമാണല്ലോ. 2016-ൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുമ്പോൾ ഞാൻ കോച്ചിങ്ങിന് പോയിരുന്നില്ല. വീട്ടിലിരുന്നാണ് കൂടുതലും പഠിച്ചത്. ആദ്യത്തെ രണ്ടുമാസം ഷെഡ്യൂൾ ഉണ്ടാക്കി പഠിക്കാൻ ശ്രമിച്ചു. പക്ഷേ, പിന്നീട് അതിലും മാറ്റം വന്നു.

ചില ദിവസങ്ങളിൽ കൂടുതൽ പഠിച്ചു, ചില ദിവസം കുറച്ചു മാത്രം പഠിച്ചു. ഒട്ടും പഠിക്കാതിരുന്ന ദിവസങ്ങളുമുണ്ടായിരുന്നു. അപ്പോഴും സിലബസ് കൃത്യമായി മനസ്സിലാക്കി അത് പൂർത്തിയാക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നിർദേശപ്രകാരം കുറേ നല്ല പുസ്തകങ്ങൾ വായിച്ചു. പക്ഷേ, അപ്പോഴും പഠനത്തിന് കൃത്യമായ ഒരു ക്രമമുണ്ടായിരുന്നില്ല. വീട്ടിൽ കൂട്ടുകാരൊക്കെ വന്നാൽ ഞാൻ അവരോടൊത്ത് പുറത്ത് കറങ്ങാനൊക്കെ പോകുമായിരുന്നു. പക്ഷേ, പഠിക്കാൻ കിട്ടുന്ന സമയം എത്ര ചെറുതായാലും വലുതായാലും അത് പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അതാണ് ഒടുവിൽ വിജയത്തിൽ നിർണായകമായത്...’ 

ഓപ്ഷണൽ കൃത്യമാകുമ്പോൾ
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ സിദ്ധാർത്ഥ് ഏറ്റവും ശ്രദ്ധിച്ചത് ഓപ്ഷണൽ വിഷയമായിരുന്നു. പൊളിറ്റിക്കൽ സയൻസ് ഓപ്ഷണലായി എടുത്ത് പഠിക്കാൻ സിദ്ധാർത്ഥിന് വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. ‘‘ഐ.എ.എസിനേക്കാൾ എനിക്ക് ഇഷ്ടം ഐ.എഫ്.എസാണ്. അതുകൊണ്ടു തന്നെയാണ് ഞാൻ പൊളിറ്റിക്കൽ സയൻസ് ഓപ്ഷണലായി തിരഞ്ഞെടുത്തത്. 

ഒന്നാം പേപ്പറായ ഇന്റർനാഷണൽ റിലേഷൻസിന്റെയും രണ്ടാം പേപ്പറായ പൊളിറ്റിക്കൽ സയൻസിന്റെയും സിലബസ് കണ്ടപ്പോൾ എനിക്ക് പറ്റുമെന്ന് മനസ്സ് പറഞ്ഞു. പഠിക്കുമ്പോൾ ഇഷ്ടപ്പെട്ടത് പഠിക്കണം. ജനറൽ സ്റ്റഡീസിൽ ഒരു പേപ്പർ ഉള്ളതിലും പൊളിറ്റിക്കൽ സയൻസ് വരുന്നുണ്ട്. അതും കൃത്യമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പിച്ചാണ് ഞാൻ ഓപ്ഷണൽ വിഷയം തിരഞ്ഞെടുത്തത്...’’

‘ഹാപ്പി’യായ ഇന്റർവ്യൂ
പണ്ടുമുതലേ ബാലികേറാമലയായിരുന്ന ഇന്റർവ്യൂ...’ സിവിൽ സർവീസ് പരീക്ഷ നേരിടുമ്പോൾ സിദ്ധാർത്ഥിന്റെ പ്രധാന ആശങ്ക അതുതന്നെയായിരുന്നു. ‘‘ഇന്റർവ്യൂ എന്നും എനിക്ക് ഒരു പ്രശ്നമായിരുന്നു. പണ്ട് കാറ്റ്, ഐ.ഐ.എം. പരീക്ഷകൾ നന്നായി എഴുതിയപ്പോഴും ഇന്റർവ്യൂ എനിക്കൊരു പ്രശ്നമായിരുന്നു. ഇത്തവണ അത് പരിഹരിക്കാൻ എന്നെ സഹായിച്ചത് മിനേഷ് ഹാപ്പി എന്ന അധ്യാപകനായിരുന്നു.

പേരിൽ തന്നെ ‘ഹാപ്പി’ ഉള്ള മിനേഷ് സാറിനൊപ്പം ബാംഗ്ലൂരിൽ താമസിച്ചാണ് ഞാൻ ഇന്റർവ്യൂ നേരിടാൻ പരിശീലിച്ചത്. ഹാപ്പി സാർ കുറേ ടെക്‌നിക്കുകളൊക്കെ എനിക്കു പറഞ്ഞുതന്നിരുന്നു. ‘മോക്ക് ഇന്റർവ്യൂ’ കഴിഞ്ഞാൽ ഞാൻ എന്നും സാറുമായി സംസാരിക്കുമായിരുന്നു. ഇന്റർവ്യൂ അര മണിക്കൂറാണെങ്കിൽ സാറുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നത് ഒന്നര മണിക്കൂറായിരുന്നു. ഒടുവിൽ ഹാപ്പി സാറിന്റെ സഹായത്താൽ സിവിൽ സർവീസ് ഇന്റർവ്യൂവും എനിക്ക് ഹാപ്പിയായി...’’

ലക്ഷ്യവും ഉപദേശവും 
ഐ.എ.എസ്. കിട്ടുമെന്ന കാര്യം ഉറപ്പാണെങ്കിലും ഐ.എഫ്.എസ്. ആണ് സിദ്ധാർത്ഥിന്റെ ലക്ഷ്യം. മികച്ച നയതന്ത്രജ്ഞനാകുന്നതാണ് രാജ്യത്തിന് നൽകാവുന്ന വലിയ സേവനമെന്നാണ് സിദ്ധാർത്ഥ് പറയുന്നത്. സിവിൽ സർവീസിലേക്ക് കടന്നുവരുന്ന പുതിയ കുട്ടികളോടും സിദ്ധാർത്ഥിന് ചില കാര്യങ്ങൾ പറയാനുണ്ട്: ‘‘സിലബസ് വെച്ചുള്ള പഠനമാണ് ഏറ്റവും പ്രധാനം. ചെറുപ്പംമുതലേ പത്രം വായിക്കുന്ന ശീലം വളർത്തിയെടുക്കണം. 

പഠനത്തിനായി നോട്ടുകൾ തയ്യാറാക്കുമ്പോൾ അത് നമുക്ക് റിവൈസ് ചെയ്യാൻ പറ്റുന്നതാകുമെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ സമയനഷ്ടമാകും ഫലം. ഒത്തിരി എഴുതുന്നതിലല്ല, ഉള്ളത് എങ്ങനെ എഴുതി പ്രതിഫലിപ്പിക്കുന്നു എന്നതാണ് കാര്യം. ആസൂത്രണത്തോടെ പഠിച്ചാൽ ഉറപ്പിച്ചോളൂ... വിജയം നിങ്ങളുടെ സ്വന്തമായിരിക്കും...’’