ഹൈദരാബാദ്: വന്ന വഴി എളുപ്പമായിരുന്നില്ല, വര്‍ഷങ്ങള്‍ നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് അഞ്ചാമത്തെ ശ്രമത്തില്‍ നേടിയ ആദ്യ റാങ്ക് തിളക്കമെന്ന് ദുരിഷെട്ടി അനുദീപ്. 

സിവില്‍ സര്‍വീസ് എന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ വെറുതെ ആയില്ലെന്ന സന്തോഷം ഇപ്പോള്‍ എനിക്കുണ്ട്. 

2012 മുതലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതി തുടങ്ങിയത്. മൂന്ന് തവണ പരാജയപ്പെട്ടു. നാലാം തവണ റവന്യു സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐഎഎസ് എന്ന സ്വപ്‌നം കൊണ്ടുനടക്കുന്നതിനാല്‍ അഞ്ചാംതവണയും ഭാഗ്യം പരീക്ഷിച്ചു. അത് ഫലം കാണുകയും ചെയ്തു.

എന്നാല്‍ സ്ഥിരമായി ജോലിത്തിരക്കുകള്‍ ഉള്ളതിനാല്‍ പ്രത്യേക പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സ്വയം പരിശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥനായ അനുദീപ്. 

തെലങ്കാനയിലെ ഉള്‍പ്രദേശമായ മെട്ട്പള്ളിയില്‍ ഡി.മനോഹരന്റെയും ജ്യോതിയുടെയും മകനാണ് അനുദീപ്. അച്ഛന്‍ മനോഹരന്‍ തെലങ്കാന നോര്‍ത്തേണ്‍ പവര്‍ ഡിസ്ട്രിബ്യുഷന്‍ കമ്പനിയില്‍ അസിസ്റ്റന്റ് ഡിവിഷനല്‍ എന്‍ജിനീയര്‍. ജ്യോതി വീട്ടമ്മ. മെട്ട്പള്ളിയിലെ ശ്രീ സുര്യോദയ ഹൈസ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. 

Content Highlights: UPSC Topper Durishetty Anudeep's Journey