സ്വപ്‌നം സ്വന്തമാക്കാനുള്ള യാത്രയ്ക്കിടയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ വെല്ലുവിളികള്‍ക്ക് മുന്നില്‍ കാലിടറി സ്വപ്‌നം പോലും ഉപേക്ഷിച്ച് പിന്തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നവര്‍ ഈ ഇരുപത്തിയെട്ടുകാരന്റെ ജീവിത പോരാട്ടത്തിന്റെ കഥയൊന്ന് കേള്‍ക്കണം. കഷ്ടപ്പെട്ട് നേടിയ സിവില്‍ സര്‍വീസ് വിജയത്തിന്റെ മധുരമൊന്ന് അറിയണം.

ഒന്നോ രണ്ടോ തവണയല്ല ആറ് തവണയാണ് വടകര തിരുവള്ളൂര്‍ സ്വദേശി ഷാഹിദ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ജീവിതത്തിലെന്ന പോലെ പരീക്ഷയിലും തോല്‍പ്പിച്ച് തോല്‍പ്പിച്ച് വിധി പോലും ഈ യുവാവിന് മുന്നില്‍ തോറ്റ് മടങ്ങിയപ്പോള്‍ കാലം ഷാഹിദിന് മുന്നില്‍ കാത്തുവെച്ചത് നിശ്ചയദാര്‍ഢ്യത്തിനുള്ള പ്രതിഫലമായിരുന്നു, സിവില്‍ സര്‍വീസ് എന്ന സ്വപ്‌നസാക്ഷാത്കാരം.

യത്തീം ഖാനയിലെ ജീവിതത്തിനിടെ 2012ലാണ് ഷാഹിദ് ആദ്യമായി സിവില്‍ സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയത്. എന്നാല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തി കൂട്ടിനോക്കിയപ്പോള്‍ മാര്‍ക്ക് കോളത്തില്‍ പൂജ്യമല്ലാതെ മറ്റൊരക്കവും ബാക്കിയായിരുന്നില്ല.പൂജ്യം മാര്‍ക്കില്‍ തുടങ്ങിയ സിവില്‍ സര്‍വീസ് പോരാട്ടം 2017ല്‍ 693ആം റാങ്കിലെത്തി നില്‍ക്കുമ്പോള്‍ ഈ വിജയത്തിന് ഒന്നാം റാങ്കിനേക്കാള്‍ തിളക്കമുണ്ടെന്ന് ഷാഹിദ് പറയും. 

സിവില്‍ സര്‍വീസില്‍ മികച്ച വിജയം എന്നത് മാത്രമല്ല, അറബിക് കോളേജ് സമ്പ്രദായത്തില്‍ പഠിച്ച് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തി, ഡിസ്റ്റന്റ് എജ്യുക്കേഷന്‍ സിസ്റ്റത്തില്‍ പഠിച്ച് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തി എന്നീ പ്രശസ്തിയും ഇനി ഷാഹിദിന് സ്വന്തം. 

സിവില്‍ സര്‍വീസ് വിജയം കൈയ്യെത്തി പിടിച്ചവരുടെ വിജയകഥകള്‍ക്കിടെ ആരാലും ചര്‍ച്ച ചെയ്യപ്പെടാതെ, ആഘോഷിക്കപ്പെടാതെ മറഞ്ഞിരുന്ന ഷാഹിദിന്റെ ജീവിതകഥ സുഹൃത്തായ ജോബിഷാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. യത്തീം ഖാനയിലാരംഭിച്ച വിദ്യാഭ്യാസം മുതല്‍, മൊയ്‌ല്യായാറായി തിരിച്ചു വരാന്‍ മതപഠനം ആരംഭിച്ച് പിന്നാലെ മാധ്യമപ്രവര്‍ത്തനവും കടന്ന് ജീവിതം സിവില്‍ സര്‍വ്വീസിനു മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍ സിനിമയെ വെല്ലും ട്വിസ്റ്റാണ് ഈ ജീവിതകഥയിലെമ്പാടും. സിവില്‍ സര്‍വീസ് വിജയത്തെ കുറിച്ച് ഷാഹിദ് മാതൃഭൂമി.കോമിനോട് സംസാരിക്കുന്നു.

 

ഉപ്പ പറഞ്ഞു, 'ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം' 

സിവില്‍ സര്‍വീസ് വിജയം ഞാന്‍ സമര്‍പ്പിക്കുന്നത് എന്റെ ഉപ്പാന്റെ കാല്‍ക്കീഴിലാണ്. വിജയം മുന്നിലെത്തുമ്പോള്‍ ആദ്യമായി ഓര്‍മ്മയിലെത്തുന്നത് ഉപ്പ തന്നെ. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ വിവാഹ മോചനം നടന്നുവെങ്കിലും ഉപ്പയും ഞാനും തമ്മിലെ ബന്ധം എന്നും ഊഷ്മളമായിരുന്നു. ഒരു യാഥാസ്ഥിതിക മുസ്ലിം പണ്ഡിത കുടുംബത്തിലെ അംഗമായിരുന്നു ഞാനെങ്കിലുംസര്‍ക്കാര്‍ ജോലി ലഭിക്കേണ്ടതിന്റെ ആവശ്യം ഉപ്പയാണ് എനിക്ക് മനസിലാക്കി തന്നത്. എന്റെ വലിയ ചെലവുകളെല്ലാം നോക്കിയിരുന്നത് ഉപ്പയായിരുന്നു. വിവാഹ സമയത്ത് മഹര്‍ അടക്കമുള്ള എനിക്കാവശ്യമായ ചെലവുകള്‍ പോലും അദ്ദേഹമായിരുന്നു ഏറ്റെടുത്തിരുന്നത്. 

ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്കു തിരക്കുമ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം ഇപ്പോഴും ഓര്‍മയുണ്ട്. 'ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം' ഇന്റര്‍വ്യൂ കഴിയും വരെ ആ വാക്കുകള്‍ തന്ന ഊര്‍ജം ചില്ലറയല്ല. അതു കൊണ്ട് തന്നെ ഈ വിജയവും ആ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണ്. ഒരു മകനോട് ഉപ്പ ചെയ്യേണ്ട കാര്യങ്ങളത്രയും നിര്‍വഹിച്ചിരുന്നുവെന്നു അഭിമാനപൂര്‍വ്വം അദ്ദേഹത്തിന് അവകാശപ്പെടാമെന്നതിനു ഈ മകന്‍ സാക്ഷിയാണ്.

പാരിതോഷികമായി പുസ്തകം മതി

സിവില്‍ സര്‍വീസ് വിജയത്തില്‍ അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്. ഒരുപാട് നേതാക്കളും മന്ത്രിമാരും അഭിന്ദനമറിയിച്ചു. ബന്ധുക്കളും കൂട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം വിജയത്തില്‍ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. സ്വീകരണ പരിപാടികള്‍ മുറയ്ക്ക് നടക്കുന്നുണ്ട്. 

693 ആം റാങ്കിന് ഒന്നാം റാങ്കിനേക്കാള്‍ മധുരമുണ്ടെന്ന് തിരിച്ചറിഞ്ഞ മൂന്നു നാളുകള്‍ ആയിരുന്നു എന്റെ ജീവിതത്തിലേ കഴിഞ്ഞ ദിവസങ്ങള്‍. നിരവധി സ്‌നേഹ കൂട്ടായ്മകളുടെ ഭാഗവാക്കാകാനും അവരുടെ സ്‌നേഹോപഹാരങ്ങള്‍ സ്വീകരിക്കാനും സാധിച്ചു.പക്ഷെ ഒരു ചെറിയ സങ്കടം. ഈ ഫലകങ്ങള്‍ക്ക് പകരം നല്ല പുസ്തകങ്ങള്‍ ആയിരുന്നെങ്കില്‍ നല്ല ഒരു നാളേക്ക് കൂടി അത് പ്രയോജനപെടുമായിരുന്നു.ചിലവ് ഫലകങ്ങളെക്കാള്‍ കുറവ് ഫലം അതി സുന്ദരമായ വായനകളും..!

ജീവിക്കുന്ന ചുറ്റുപാടല്ല,ആ ചുറ്റുപാടിനെ നമ്മള്‍ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് കാര്യം

ഒരു കഥ കേള്‍ക്കൂ, മുഴുക്കുടിയനായ ഒരു പിതാവ്, അദ്ദേഹത്തിന് രണ്ട് ആണ്‍ മക്കള്‍. അതിലൊരുവന്‍ മുഴുക്കുടിയന്‍, അടുത്തവന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നല്ല നിലയില്‍ ജീവിക്കുന്നു. രണ്ടു പേരോടും ചോദിക്കുന്നു നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ആയെന്ന്. എന്റെ പിതാവ് കുടിയനായിരുന്നു അതുകൊണ്ട് ഞാനും കുടിയനായി എന്നായിരുന്നു ആദ്യത്തെ ആളുടെ മറുപടി, എന്റെ അച്ഛന്‍ കുടിയനായിരുന്നു, അതിന്റെ പ്രശ്‌നങ്ങള്‍ എനിക്കറിയാം, അതുകൊണ്ട് എനിക്കൊരു കുടിയനാവേണ്ട, എന്നായിരുന്നു രണ്ടാമന്റെ മറുപടി. നോക്കൂ, ഓരോരുത്തരുടേയും കുടുംബ പശ്ചാത്തലവും സാമൂഹിക പശ്ചാത്തലവുമൊക്കെ വ്യത്യസ്തമാവും. അതില്‍ വിഷമിച്ചിട്ടോ അമിതമായി ആശങ്കപ്പെട്ടിട്ടോ കാര്യമില്ല. നമ്മള്‍ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് കാര്യം. എന്റെ പശ്ചാത്തലം വളരെ നെഗറ്റീവ് ആയിരുന്നു, എന്നാല്‍ അതില്‍ ആശങ്കപ്പെട്ടിരുന്ന് എന്ത് കിട്ടാനാണ്. അത് മാറ്റിയെടുക്കാനായിരുന്നു എന്റെ ശ്രമങ്ങളെല്ലാം. അതാണ് ഇപ്പോള്‍ ഫലം കണ്ടത്. 

കണ്ണൂര്‍ രാഷ്ട്രീയവും പ്രിയാ വാര്യരും മദ്രസ ജീവിതവും ചോദ്യങ്ങളായ ഇന്റര്‍വ്യൂ

മാര്‍ച്ച് എട്ട്, വനിതാ ദിനത്തിലായിരുന്നു എനിക്ക് ഇന്റര്‍വ്യൂ ഉണ്ടായിരുന്നത്. ഏകദേശം 35 മിനുട്ടോളം നീണ്ടു നിന്ന ഇന്റര്‍വ്യൂവില്‍ എന്റെ മദ്രസ ജീവിതത്തെ കുറിച്ചും കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചും ചോദ്യങ്ങളുണ്ടായി. മദ്രസ അധ്യാപകനായി ജോലി ചെയ്തതിനാല്‍ പതിനഞ്ച് മിനുട്ടോളം അതിനെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. മദ്രസയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, എന്തുകൊണ്ട് അവിടെ ഭീകരവാദം ഉയരുന്നു, അത് തടയാന്‍ മാര്‍ഗങ്ങള്‍ ഉണ്ടോ, ഒരേ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഒരിടത്ത് പഠിക്കാനെത്തുമ്പോള്‍ അത് സോഷ്യല്‍ ഹാര്‍മണിയെ ബാധിക്കുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ മദ്രസ പ്രാബല്യത്തില്‍ വരുത്തണം എന്നതടക്കം ഭരണഘടനപരമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള എന്റെ ഉത്തരങ്ങള്‍ അവര്‍ക്ക് ഏറെ ബോധിച്ചുവെന്നാണ് എനിക്ക് മനസ്സിലായത്. 

കണ്ണൂര്‍ പാപ്പിനിശ്ശേരിയിലാണ് മദ്രസ അധ്യാപകനായി ജോലി ചെയ്തിരുന്നത് എന്ന് പറഞ്ഞപ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ചായി പിന്നീടുള്ള ചോദ്യങ്ങള്‍. കണ്ണൂരില്‍ എന്തുകൊണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടുന്നു എന്ന ചോദ്യത്തിന് കുടിപ്പക, രാഷ്ട്രീയക്കാരുടെ ക്രിമിനല്‍ ബന്ധം തുടങ്ങി അഞ്ചോളം കാരണങ്ങള്‍ ഞാന്‍ വിശദീകരിച്ചു. എന്തുകൊണ്ട് കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചേക്കറല്‍ വര്‍ധിക്കുന്നു, ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹിക സ്വാധീനം എന്താണ്, കേരളത്തില്‍ എന്തുകൊണ്ട് കേരളത്തില്‍ ബിസിനസ് വളരുന്നില്ല, ട്രേഡ് യൂണിയനുകളുടെ അതിപ്രസരം എന്തുകൊണ്ട് തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നുവരെ ചോദ്യങ്ങളുണ്ടായി. ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും ഞാന്‍ ആത്മവിശ്വാസത്തോടെ തന്നെയാണ് മറുപടി നല്‍കിയത്. 

ഇന്റര്‍വ്യൂ ബോര്‍ഡിനെ ചിരിപ്പിച്ച ഉത്തരം 'കല്ല്യാണം',  ചോദ്യങ്ങളില്‍ പ്രിയ പ്രകാശും

പ്രിയ പ്രകാശ് വാര്യരുടെ വിഷയം എന്താണെന്നും പാട്ടുമായി ബന്ധപ്പെട്ട വിവാദത്തിന് മതവുമായി ബന്ധമുണ്ടോ എന്നും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ കേരളത്തില്‍ നിന്നും എന്തുകൊണ്ട് യുവാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന എന്ന ചോദ്യത്തിനുള്ള എന്റെ ഉത്തരം ബോര്‍ഡിനെ ചിരിപ്പിച്ചു. ഗള്‍ഫില്‍ ജോലിയുള്ള യുവാക്കള്‍ക്ക് വധുവിനെ കിട്ടാന്‍ ഈസിയായിരിക്കും എന്നായിരുന്നു എന്റെ മറുപടി. വളരെ സീരിയസായുള്ള ഇന്റര്‍വ്യൂനിടെ ഉണ്ടായ ഈ ചിരി സത്യത്തില്‍ എന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്തത്. സല്‍മാന്‍ റുഷ്ദിയെ കുറിച്ചുള്ള ചോദ്യത്തിന് ആദ്യമൊന്ന് പതറി, രണ്ടോ മൂന്നോ ചോദ്യങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു എന്റെ മറുപടി.

ഇഷ്ടം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്

സിവില്‍ സര്‍വീസ് പാസായാല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ജോലി ചെയ്യാനാണ് എനിക്ക് താല്‍പര്യം. ഫോറിന്‍ സര്‍വീസില്‍ ചേരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കിട്ടിയില്ലെങ്കില്‍ അടുത്ത തവണയും പരീക്ഷ എഴുതാനാണ് ഉദ്ദേശിക്കുന്നത്.

സര്‍വ്വീസില്‍ മുന്‍തൂക്കം' അഡ്മിനിസ്‌ട്രേഷണല്‍ എത്തിക്‌സ്'

സുസ്ഥിര വികസനം, അഡ്മിനിസ്‌ട്രേഷണല്‍ എത്തിക്‌സ്, എത്തിക്കല്‍ കണ്ടക്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാവും എന്റെ പ്രവര്‍ത്തനങ്ങള്‍. അതാണ് ലക്ഷ്യമിടുന്നത്. 

സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവരോട്.. 

സിവില്‍ സര്‍വീസ് ഒരു ബാലികേറാമല ആണെന്ന് വിചാരിക്കരുത്. പരിശ്രമിച്ചാല്‍ സ്വന്തമാക്കാന്‍ കഴിയുന്ന വിജയം മാത്രമാണ് സിവില്‍ സര്‍വീസും. പത്രവായന ഒരു ശീലമാക്കുക. എന്നു ചായകുടിക്കുന്നവര്‍ക്ക് ചായ കിട്ടാത്ത പോലെയാവണം ഒരു ദിവസം പത്രം വായന മുടങ്ങുന്നത്. വിഷയങ്ങളെ വിശദമായി കൃത്യമായി പഠിക്കുക. ഫോക്കസ് ചെയ്യുക. 

നമുക്ക് ചുറ്റുമുള്ളതിനെ, നമ്മുടെ സാഹചര്യങ്ങളെ പോസിറ്റീവായി കാണുക. നിശ്ചയദാര്‍ഢ്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്കും സിവില്‍ സര്‍വീസ് സ്വന്തമാക്കാം..

വിധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ജീവിത പോരാട്ടം ഷാഹിദ് സുഹൃത്തായ ജോബിഷുമായി പങ്കുവെച്ചതിങ്ങനെ, 

ദാരിദ്ര്യത്തിന്റെ ആ വലിയ ക്യാന്‍വാസില്‍ നിന്നാണ് ഞാന്‍ സ്‌കൂള്‍ ജീവിതം പോലും തുടങ്ങിയത്. നാട്ടിലെ നിടുമ്പ്രമണ്ണ സ്‌കൂളിലെ എല്‍ പി സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ കാപ്പാട് യത്തീംഖാനയിലേക്ക് മാറുകയായിരുന്നു.അവിടുന്ന് ഒരു മൊയില്യാറായി തിരിച്ചു വരാം എന്ന പ്രതീക്ഷയായിരുന്നു.അതു കൊണ്ട് മതപഠനത്തിലായിരുന്നു കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മതപഠനത്തോടൊപ്പം അവിടുന്ന് പ്ലസ്ടുവും ഡിഗ്രിയുമൊക്കെ ഡിസ്സ്റ്റന്‍സായി ചെയ്തു.ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം എടുത്തത്. അപ്പോഴേക്കും പൊതു വായനയിലും സജീവമായിരുന്നു.

ഇതിനിടയില്‍ അറബി ട്രാന്‍സലേഷനും ഇംഗ്ലീഷ് ട്രാന്‍സലേഷനുമൊക്കെ നടത്തിയാണ് വീട്ടു ചിലവിന് പണം കണ്ടെത്തിയിരുന്നത്.ചെറു മാസികള്‍ക്കും മറ്റും മതപരവും അല്ലാത്തതുമായ ധാരാളം ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ദാരിദ്ര്യം കഠിനമായതിനാല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കഷ്ടപ്പെട്ട് നോം ചോംസ്‌കിയുടെ ലേഖനം വരെ ഉറക്കമൊഴിച്ച് ഒരു ഡിക്ഷണറിയും വെച്ച് വിവര്‍ത്തനം ചെയ്തിരുന്നതോര്‍മ്മയുണ്ട്.!ദാരിദ്ര്യമാണ് ആ സാഹസത്തിനൊക്കെ എന്നെ പ്രേരിപ്പിച്ചത്.ഇതിനിടയില്‍ 'എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത് ' എന്ന ഒരു നോവലുമെഴുതി പ്രസിദ്ധീകരിച്ച് അതു വിറ്റു നടന്നു.ഇമാംഗസ്വാലി എന്ന ബാഗ്ദാദി എഴുത്തുകാരന്റെ യഹിയക്കഥകളൊക്കെ ഈ സമയത്താണ് ഞാന്‍ മലയാളത്തിലാക്കിയത്.ചുരുക്കത്തില്‍ എഴുത്തും വായനയുമൊക്കെയായി സങ്കടങ്ങളെല്ലാം മറന്ന കാലം.

ഡിഗ്രി പഠനത്തിനു ശേഷം ഒന്നര വര്‍ഷത്തോളം ചന്ദ്രിക ദിനപത്രത്തില്‍ കോഴിക്കോട് പത്രപ്രവര്‍ത്തകനായി മറ്റൊരു ജീവിതം തുടങ്ങി. അതോടൊപ്പം റിലീജിയസ് പി.ജി എടുത്ത് ഹസനി ബിരുദവും നേടി.ശേഷം പ്രവാസ ചന്ദ്രികയുടെ എഡിറ്റര്‍ തസ്തികയിലേക്കു മാറി. ജീവിതം മെല്ലെ മെല്ലെ കരകയറി വരുകയായിരുന്നു.പക്ഷെ സിവില്‍ സര്‍വീസ് എന്ന സ്വപ്നം മനസിലുള്ളതുകൊണ്ട് ഈ തൊഴിലില്‍ ഞാന്‍ അസംതൃപ്തനായിരുന്നു.അങ്ങനെ ഇടയ്ക്ക് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് മനസില്‍ പുതിയ പദ്ധതികളൊക്കെയായി നാട്ടിലേക്കു വന്നു.

അങ്ങനെയിരിക്കുമ്പോഴാണ് 2014ല്‍ പാലയിലെ സിവില്‍ സര്‍വീസ് അക്കാദമിയുടെ പരസ്യം കണ്ട് അവിടെ ഒരാഴ്ചത്തെ ക്യാമ്പിനു പോയത്. അവിടെ രണ്ടു ദിവസം ക്യാമ്പില്‍ നില്‍ക്കുകയും പണമില്ലാത്തതു കൊണ്ട് ക്യാമ്പ് പൂര്‍ത്തിയാക്കാതെ മൂന്നാം ദിവസം തിരിച്ചുപോരുകയും ചെയ്തു. പക്ഷെ ആ പോക്ക് വെറുതെയായില്ല.രണ്ടു ദിവസത്തെ ആ ക്യാമ്പാണ് ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് നമ്മുടെ വഴിയും വന്നേക്കാം എന്ന ശക്തമായ തോന്നല്‍ എന്നിലുണ്ടാക്കിയത്.അവിടുന്ന് കിട്ടിയ അനുഭവം വെച്ച് ഡല്‍ഹിയിലെ ഒരു കോച്ചിംഗ് സെന്ററുകാര്‍ നടത്തിയ പരീക്ഷയ്ക്ക് തുണയാകുകയും സൗജന്യ പഠനത്തിന് സെലക്ഷന്‍ കിട്ടുകയും ചെയ്തു.അവിടെ പഠിക്കാന്‍ എം.എസ്.എഫിന്റെ സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു.പിന്നെ ആറുമാസം ക്ലാസ്, പഠനം അങ്ങനെ പോയി. ആ സമയത്തെ ഡല്‍ഹി ജീവിതം ഇംഗ്ലീഷ് ഭാഷയിലും ഹിന്ദിയിലുമൊക്കെയുള്ള എന്റെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കാനിടയാക്കി. അങ്ങനെ പരീക്ഷ വന്നു. പക്ഷെ പ്രിലിമിനറി വീണ്ടും തോറ്റു. ആ തോല്‍വിയൊന്നും എന്നെ തളര്‍ത്തിയില്ല. അങ്ങനെ ഡല്‍ഹി ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വന്ന് കണ്ണൂരില്‍ പാപ്പിനിശേരിക്കടുത്ത് ഒരു മദ്രസയില്‍ ഉസ്താദായി ഒരു വര്‍ഷക്കാലം ജോലി ചെയ്തു.നാട്ടുകാരുടെ മൊയ്‌ല്യാരായി നടക്കുമ്പോഴും മനസില്‍ നിറയെ സിവില്‍ സര്‍വീസ് എന്ന സ്വപ്നമായിരുന്നു.!

സിവില്‍ സര്‍വീസില്‍ പല വിഷയങ്ങളുണ്ടല്ലോ. അതില്‍ പ്രിലിമിനറിയില്‍ കണക്കിനും റീസണിംഗിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്.ഇപ്പോഴങ്ങനെയല്ല.എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ കണക്കൊരു കീറാമുട്ടിയായിരുന്നു.അതിനെ എങ്ങനെ മറികടക്കാമെന്നായി പിന്നീടുള്ള ചിന്ത.ഓരോ ദിവസവും അതിനായി കഷ്ടപ്പെട്ടു തുടങ്ങി.ഒടുക്കം കണക്കിനെ വരുതിയിലാക്കാന്‍ മൊയ്‌ല്യാരുപണി തന്നെ ഞാനുപേക്ഷിച്ചു.! അങ്ങനെ തിരുവനന്തപുരത്തേക്ക് കണക്ക് പഠിക്കാനുള്ള ലക്ഷ്യവുമായി മിച്ചമുള്ള പണവുമായി ഞാന്‍ വണ്ടി കയറി.അവിടെ കരീംസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പകല്‍ കണക്കു പഠനവും രാത്രി ബ്രില്യന്‍സില്‍ ഈവനിംഗ് കോച്ചിംഗ് ക്ലാസും. ഒരു ഗവ: തൊഴിലായിരുന്നു ആദ്യ ലക്ഷ്യം.എന്നാല്‍ സിവില്‍ സര്‍വ്വീസും ട്രൈ ചെയ്യാലോ എന്നു കരുതിത്തന്നെ പഠിച്ചു. അങ്ങനെ കുറേ പരീക്ഷകള്‍ എഴുതി. ഇടയില്‍ അടുത്ത സിവില്‍ സര്‍വീസ് പരീക്ഷയും വന്നു.എന്നാല്‍ ആ വര്‍ഷവും പ്രിലിമിനറി പൊട്ടി.!പക്ഷെ രണ്ട് മാര്‍ക്കിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.അത് എനിക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി.ലക്ഷ്യത്തോടടുക്കുന്നു എന്ന തോന്നല്‍. ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് കൂടെപ്പോരുമെന്ന വിശ്വാസം പിന്നെയും എന്നില്‍ ശക്തമായി.പക്ഷെ ഹോസ്റ്റല്‍ ഫീസും പഠനവുമൊക്കെയായി അവിടെ നില്‍ക്കാന്‍ പണമില്ലായിരുന്നു.അങ്ങനെ അവിടുന്ന് തിരിച്ചു വരികയും വയനാട്ടിലൊരിടത്ത് അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ തുച്ഛമായ വരുമാനത്തില്‍ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയും ചെയ്തു. പകല്‍ പണിയും രാത്രി ഉറക്കമൊഴിച്ച് പഠിപ്പും.!

നാട്ടില്‍ വന്നാല്‍ ഞാന്‍ ഡല്‍ഹിയില്‍പ്പോയ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടുകാര്‍ നിരന്തരമായി ചോദ്യങ്ങളാണ്.പലരും വിചാരിച്ചത് ഡല്‍ഹിയില്‍ ജോലി കിട്ടിയിട്ട്‌പോയതാണെന്നാണ്. കളക്ടറാവില്ലേ? എന്താ കിട്ടാഞ്ഞത്? എന്നിങ്ങനെ അനേകം ചോദ്യങ്ങളാണ്. സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നാല്‍ സിവില്‍ സര്‍വീസ് കിട്ടി എന്നാണ് പലരുടെയും ധാരണ.ആ സന്ദര്‍ഭത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഐ.ബിയിലേക്ക് സെലക്ഷന്‍ കിട്ടിയത്. കഷ്ടപ്പാടിനിടയില്‍ ഇത് വലിയ ആശ്വാസമായി. പക്ഷെ എന്റെ പേഴ്‌സണല്‍ പ്രൊഫൈല്‍ പൂരിപ്പിച്ചതിലെ അശ്രദ്ധ കാരണം ആ പണി കൈവിട്ടുപോയി.!പിന്നെയും ഒരു വട്ടംകൂടി പ്രിലിമിനറി എഴുതിത്തോറ്റു. അപ്പോഴും നിരാശയൊന്നുമുണ്ടായില്ല.അതേസമയം വയനാട്ടിലെ മേപ്പാടിയിലെ ഒരു ദരിദ്രകുടുംബത്തില്‍ നിന്ന് ഷംന ഷെറീനെ ഞാന്‍ വിവാഹം കഴിച്ചു.അവളും പഠിക്കുകയാണ്.പിന്നീട് കുടുംബ ജീവിതവും പ്രാരാബ്ധവുമൊക്കെയായി നാട്ടില്‍ക്കഴിഞ്ഞു കൂടി.കോഴിക്കോട് ഒരു മദ്രസയില്‍ കുട്ടികളെ പഠിപ്പിക്കലും മറ്റുമായി വീണ്ടും ആ മുസലിയാരു പണി.പക്ഷെ എന്റെ സ്വപ്നം കൂടെത്തന്നെയുണ്ടായിരുന്നു.!

അപ്പോഴേക്കും കൂടെ പഠിച്ചവരും മറ്റും വലിയ ജീവിതങ്ങളിലേക്ക് എത്തിപ്പെട്ടിരുന്നു. നിരാശയ്ക്ക് വഴിപ്പെടുന്നവട്ടം അറബി എഴുത്തുകാരനായ ആയിദ് അല്‍ ഖര്‍നിയുടെ 'ഡോണ്‍ട് ബി സാഡ്' എന്ന പുസ്തകം ഇടയ്ക്കിടയ്ക്ക് ഞാന്‍ മറിച്ചു നോക്കി.അതൊരു പ്രതീക്ഷയായിരുന്നു.പിന്നെയും അടുത്ത തവണ പ്രിലിമിനറിക്കായി കാത്തിരുന്നു.പരീക്ഷ എഴുതി.റിസല്‍റ്റ് വന്നപ്പോള്‍ 0.66 മാര്‍ക്കിന് നഷ്ടപ്പെട്ടു.അങ്ങനെ അഞ്ചാം വട്ടവും കൈവിട്ടു.പക്ഷെ അപ്പോഴാണ് ഇതിനെ മറികടക്കാന്‍ എനിക്ക് കഴിയും എന്ന വിശ്വാസം എന്നില്‍ പൂര്‍ണ്ണമായത്.

ഈ സമയത്താണ് ഹൈദരാബാദിലെ മൗലാനാ നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ സര്‍വ്വീസിന്റെ ഫ്രീ കോഴ്‌സിന്റെ പരസ്യം പത്രത്തില്‍ കണ്ടത്.അങ്ങനെ അപേക്ഷ കൊടുത്തു.അത് കിട്ടി.അവിടെയെത്തിയപ്പോള്‍ ക്ലാസിനൊന്നും പങ്കെടുക്കാന്‍ താല്‍പ്പര്യം തോന്നിയില്ല.ക്ലാസിനു പോകാതെ ഹോസ്റ്റല്‍ റൂമില്‍ത്തന്നെ ഇരുന്നു പഠിക്കുകയായിരുന്നു ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍.അതൊരു പ്രശ്‌നമായി.ക്ലാസില്‍ ഹാജരില്ല എന്ന കാരണത്താല്‍ അവര്‍ അവിടുന്നെന്നെ പുറത്താക്കി. തിരിച്ച് കയറാന്‍ പല ശ്രമങ്ങള്‍ നടത്തി നോക്കി.പക്ഷെ നടന്നില്ല.പിന്നെയും നാട്ടിലേക്ക് തിരിച്ചു വന്നു.ആളുകള്‍ ഒരേ ചോദ്യം.സിവില്‍ സര്‍വ്വീസ് എന്തായി.? ജോലി കിട്ടില്ലേ... എന്നൊക്കെ.ഈ ചോദ്യങ്ങള്‍ കേട്ട് കേട്ട് മടുത്തിരുന്നു.എങ്ങനേലും പിന്നെയും നാട്ടില്‍ നിന്ന് രക്ഷപ്പെടണമെന്നായി.

ആയിടയ്ക്ക് ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റി നടത്തുന്ന കോച്ചിംഗിന് അപേക്ഷ കൊടുത്തു.ഭാഗ്യത്തിനവിടെ സെലക്ഷന്‍ കിട്ടി.പിന്നെ ഒന്‍പത് മാസം ഡല്‍ഹിയില്‍ താമസം. അവിടെ നിന്നാണ് ഇപ്പോള്‍ കാണുന്ന ഈ അത്ഭുതങ്ങളെല്ലാം സംഭവിച്ചത്.2017ല്‍ നടന്ന പ്രിലിമിനറി പരീക്ഷ എനിക്കു കിട്ടി.അതോടെ വലിയ പ്രതീക്ഷയായി. ഞാന്‍ ലക്ഷ്യത്തിലേക്കടുക്കുന്നു എന്നും ദൈവം എനിക്കു വേണ്ടി കരുക്കള്‍ നീക്കിത്തുടങ്ങി എന്നും ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം.!

പ്രിലിമിനറി പാസായതില്‍പ്പിന്നെ മെയിന്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പായി.ഡല്‍ഹിയിലെ കൊടും തണുപ്പില്‍ പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റ് രാത്രി പത്തു മണിവരെ ഒരേ പഠനം.മെയിന്‍ പരീക്ഷയില്‍ ഒന്‍പത് പേപ്പറാണുള്ളത്.നേരത്തെ വാരികകളിലും മറ്റും വിവര്‍ത്തനവും മറ്റും നടത്തുകയും ലേഖനമെഴുതുകയുമൊക്കെ ചെയ്തതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.മലയാളമായിരുന്നു ഓപ്ഷണലായി എടുത്തത്.മലയാള സാഹിത്യത്തിലും ചരിത്രത്തിലും നേരത്തെ തന്നെ എനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു.പരീക്ഷ കഴിഞ്ഞപ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു എന്നൊരു തോന്നല്‍.ഒടുക്കം ഇന്റര്‍വ്യൂവിന് കാര്‍ഡ് വന്നതോടെ എന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. സുഹൃത്തുക്കളൊക്കെ വലിയ സപ്പോര്‍ട്ട് തന്നു. എനിക്കു വേണ്ടി എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. നിങ്ങളുടെ പ്രാര്‍ത്ഥനയില്ലാത്തതു കൊണ്ട് എനിക്കീ ജോലി കിട്ടാതെ പോകരുതെന്ന് സുഹൃത്തുക്കളോടൊക്കെ പറഞ്ഞു.

വലിയ ടെന്‍ഷനോടെയായിരുന്നു ഇന്റര്‍വ്യു ബോര്‍ഡിനു മുന്നില്‍ ഞാന്‍ എത്തിയത്. ആദ്യമായിട്ടല്ലേ.! 
/ബോര്‍ഡില്‍ അഞ്ചുപേര്‍.പക്ഷെ അഭിമുഖം നല്ല അനുഭവമായിരുന്നു.ആ ഇന്റര്‍വ്യൂ കഴിഞ്ഞതോടെ എന്റെ പ്രതീക്ഷ പരകോടിയിലെത്തിയിരുന്നു.ദൈവം എന്റെ കൂടെയുണ്ടെന്ന തോന്നല്‍ ശക്തമായി.റിസല്‍റ്റ് വരുന്നതിനു മുമ്പും സുഹൃത്തുക്കളോടൊക്കെ പിന്നെയും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഒടുക്കം എന്റെ വേദനകളില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ ദൈവം കഴിഞ്ഞ ദിവസം എന്റെയടുത്തേക്ക് റിസല്‍റ്റുമായി വന്നു.693 ആം റാങ്ക്.എന്നെപ്പോലൊരാള്‍ക്ക് ആ പൂജ്യത്തില്‍ നിന്ന് ഇവിടം വരെ എത്താമെങ്കില്‍ മനസ് വെച്ചാല്‍ ലോകത്തെത്തിപ്പിടിക്കാന്‍ പറ്റാത്ത ഒന്നും തന്നെയില്ല എന്ന ആത്മവിശ്വാസവും.'....

ഷാഹിദ് പറഞ്ഞു നിര്‍ത്തുമ്പോള്‍, ജോബിഷ് എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ഒരു പക്ഷെ ബാക്കിയാവുന്നത് ഒരു പ്രതീക്ഷയാണ്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളര്‍ന്നു പോകുന്നവര്‍ക്ക്, വെല്ലുവിളികള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്നവര്‍ക്ക്, സങ്കടക്കടലില്‍ മുങ്ങിത്താഴുന്നവര്‍ക്ക് ജീവിക്കാന്‍ പ്രചോദനമേകുന്ന പ്രത്യാശയുടെ വെള്ളിവെളിച്ചം. ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടിന്റേയും നടുവില്‍ വേദനയുണ്ട് വളര്‍ന്ന യുവാവിന്റെ ഈ വിജയഗാഥ ആഘോഷിക്കപ്പെട്ടില്ലെങ്കില്‍ പിന്നെന്താണ് നമ്മള്‍ ആഘോഷിക്കുക.