ഡല്‍ഹി: 2017 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദുരി ഷെട്ടി അനുദീപിനെ അഭിനന്ദിച്ച് 2014 സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ഇറ സിംഗാള്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഇറ സുഹൃത്ത് കൂടിയായ അനുദീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ചത്. 

2014ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ റാങ്ക് ജേതാവാണ് ഡല്‍ഹി സ്വദേശിയായ ഇറ സിംഗാള്‍. സിവില്‍ സര്‍വീസ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യത്തെ അംഗവൈകല്യമുള്ള ഒന്നാം റാങ്കുകാരിയെന്ന പ്രശസ്തിയും ഇറയ്ക്ക് തന്നെയാണ്.  

ചെറുപ്പത്തിലേ നട്ടെല്ലിനെ ബാധിച്ച സ്‌കോലിയോസിസ് എന്ന രോഗമാണ് ഇറയെ തളര്‍ത്തിയത്. രോഗത്തിന് മുന്നില്‍ ശരീരം തളര്‍ന്നു പോയെങ്കിലും ഇറാ സിംഗാളിന്റെ മനസ് തളര്‍ന്നില്ല. വയ്യാത്ത കുട്ടി എന്ന സഹതാപം ഏറ്റുവാങ്ങി ഒതുങ്ങിക്കഴിയാന്‍ ഇറ തയ്യാറായില്ല. അമ്പത് ശതമാനത്തിലധികം വൈകല്യമുള്ള ശരീരവുമായി ഐ.എ.എസ് എന്ന സ്വപ്‌നത്തിനായി അവര്‍ കഠിനാധ്വാനം ചെയ്തു. അതുകൊണ്ടുതന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇറ സിംഗാള്‍ നേടിയ ഒന്നാം റാങ്കിന് നൂറിരട്ടി തിളക്കമായിരുന്നു.

ഇറ സിംഗാള്‍ 2010ലും സിവില്‍ സര്‍വീസ് പരീക്ഷയുടെ കടമ്പ കടന്നിരുന്നു. എന്നാല്‍ 62 % ചലനേന്ദ്രിയങ്ങളുടെ വൈകല്യമുണ്ടെന്ന (ലോക്കോമോട്ടീവ് ഡിസെബിലിറ്റി) കാരണം പറഞ്ഞ് ഇറ സിംഗാളിനെ സിവില്‍ സര്‍വീസില്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. തള്ളുന്നതിനും വലിക്കുന്നതിനും ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്തുന്നതിനുമുള്ള ശേഷിക്കുറവ് ചൂണ്ടിക്കാണിച്ചായിരുന്നു ഇറ സിംഗാളിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ഥ്യമാവാതെ പോയത്. 

എന്നാല്‍ തിരിച്ചടിക്ക് മുമ്പില്‍ പതറാതെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയ ഇറ സിംഗാളിന് അനുകൂലമായി വിധിവന്നു. തുടര്‍ന്ന് 2014 ഡിസംബറില്‍ സെന്‍ട്രല്‍ എക്‌സൈസ് സര്‍വീസില്‍ അസിസ്റ്റന്റ് കമ്മീഷണറായി നിയമന ഉത്തരവ് നേടുകയായിരുന്നു. 

ആദ്യ സിവില്‍ സര്‍വീസ് പരീക്ഷയിലെ ദുരനുഭവത്തെ തുടര്‍ന്ന് റാങ്ക് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഇറ സിംഗാള്‍ മൂന്ന് തവണ കൂടി പരീക്ഷ എഴുതിയിരുന്നു. നാലാമത്തെ ശ്രമത്തിലാണ് ഇറ സിംഗാള്‍ ഒന്നാം റാങ്ക് നേടിയത്. 

ഹൈദരാബാദ് സ്വദേശിയാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അനുദീപ്. അടുത്ത സുഹൃത്തുക്കള്‍ കൂടിയായ അനുദീപിനൊപ്പവും ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദുവിനൊപ്പവുമുള്ള ചിത്രമാണ് ഇറ സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 

Content Highlights: Ira Singhal Appreciates Anudeep durishetty Civil Service