madahavikuttyകൊല്ലം: ഭര്‍ത്താവിനെ പിന്തുടര്‍ന്ന് ഭാര്യയും സിവില്‍ സര്‍വീസിലേക്ക്. കൊല്ലം മാടന്‍നട തൊടിയില്‍വീട്ടില്‍ ആര്‍.സൂര്‍ദാസിന്റെയും എ.കെ.മിനിയുടെയും മകള്‍ എം.എസ്.മാധവിക്കുട്ടിയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 171ാം റാങ്ക് കരസ്ഥമാക്കിയത്. ഭര്‍ത്താവ് കൃഷ്ണരാജ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് റൂറല്‍ എ.എസ്.പി.യാണ്.

2015ലാണ് കൊല്ലം തട്ടാമല സ്വദേശിയായ കൃഷ്ണരാജിന് ഐ.പി.എസ്. കിട്ടിയത്. 614ാമത്തെ റാങ്കായിരുന്നു. ഇതിന് മാസങ്ങള്‍ക്കുശേഷമായിരുന്നു വിവാഹം. ചെറുപ്പം മുതലുള്ള സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് മാധവിക്കുട്ടി പറയുന്നു. 

കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍നിന്ന് 2014ല്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ മാധവിക്കുട്ടി പിന്നീട് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി. ജോലി രാജിവെച്ചശേഷമാണ് സിവില്‍ സര്‍വീസിനുള്ള പഠനത്തില്‍ ഏര്‍പ്പെട്ടത്. ആറുമാസം തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നേടി. അച്ഛന്‍ സൂര്‍ദാസ് സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ അധ്യാപകനാണ്. അമ്മ എ.കെ.മിനി തിരുവനന്തപുരത്ത് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറാണ്. സഹോദരന്‍ കൃഷ്ണനുണ്ണി അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജില്‍ മൂന്നാംവര്‍ഷ ബി.ടെക്. വിദ്യാര്‍ഥിയാണ്.