കൊച്ചി: മലയാളത്തിന്റെ മധുരം അറിഞ്ഞും സ്‌നേഹിച്ചും നേടിയതാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ശിഖ സുരേന്ദ്രന്റെ റാങ്ക്. പ്ലസ്ടുവിന് മലയാളത്തില്‍ നൂറില്‍ നൂറ് നേടിയതോടെ സിവില്‍ സര്‍വീസസിന് മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കുന്നതില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ലെന്ന് 16ാം റാങ്ക് ജേതാവായ ശിഖ പറയുന്നു!. 

പുസ്തകങ്ങളെ കൂട്ടുകാരാക്കിയത് അച്ഛനാണ്. പത്രവായനയും ഉപകാരപ്പെട്ടു. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ആനുകാലികസംഭവങ്ങള്‍ ആസ്പദമാക്കിയുള്ളതായിരുന്നു 50 ശതമാനം ചോദ്യങ്ങള്‍. 

ദിവസവും നാലുമുതല്‍ അഞ്ചുമണിക്കൂര്‍വരെ പഠിക്കും. പരീക്ഷയടുത്ത ദിവസങ്ങളില്‍ എഴുതാനുള്ള പരിശീലനമായിരുന്നു. അതിനാല്‍ ഒറ്റച്ചോദ്യംപോലും ഒഴിവാക്കാതെ പൂര്‍ത്തിയാക്കാനായി. ഇന്റര്‍വ്യൂവും സഹായകരമായി. വ്യക്തിയെ മനസ്സിലാക്കാനാണ് അവര്‍ ശ്രമിച്ചത്. കേരളത്തെക്കുറിച്ചും ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തികസ്ഥിതികളെക്കുറിച്ചും ഗള്‍ഫില്‍നിന്ന് വരുന്ന പണം സംബന്ധിച്ചും ചോദ്യമുണ്ടായതായി ശിഖ പറഞ്ഞു. 

സ്ത്രീശാക്തീകരണം സംബന്ധിച്ച ചോദ്യമായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. അമ്മയില്‍നിന്നാണ് കുഞ്ഞുങ്ങള്‍ എല്ലാം പഠിക്കുന്നത്. സ്ത്രീയിലൂടെ ഒരു തലമുറതന്നെ ശാക്തീകരിക്കപ്പെടും. ഇതുവഴി നല്ല തലമുറയെ വാര്‍ത്തെടുക്കാമെന്ന് മറുപടി നല്‍കി. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്നാണ് ശിഖയുടെ വാഗ്ദാനം.

നാട്ടുകാരുടെയും കൂട്ടുകാരുടെയും ചിക്കുവാണ് ശിഖ. നന്നായി പാടും. റിസള്‍ട്ട് വന്നപ്പോള്‍ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ടെത്തിയും ഫോണിലൂടെയും അഭിനന്ദനം അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഫോണിലൂടെ അഭിനന്ദിച്ചു. നിറഞ്ഞ ചിരിയും ലഡുവുമാണ് ശിഖയുടെ വീട്ടില്‍ എത്തുന്ന എല്ലാവരെയും സ്വീകരിച്ചത്.

Content Highlights: Civil Service Toppers Speak Sikha Surendran