കടയ്ക്കല്‍: ആദ്യശ്രമത്തിലെ പരാജയത്തില്‍ പതറാതെ രണ്ടാംവട്ടം പരീക്ഷയെഴുതി സിവില്‍ സര്‍വീസ് നേടിയ ഡോ. സദ്ദാം നവാസ് ചിതറ ഗ്രാമത്തിന് അഭിമാനമായി. പരീക്ഷ മലയാളത്തിലെഴുതി റാങ്ക് നേടിയത് ഇരട്ടി മധുരമായി.

ചിതറ ഗവ. എല്‍.പി. സ്‌കൂളിലും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ഹോമിയോപ്പതിയില്‍ ബിരുദം നേടി പ്രാക്ടീസ് തുടങ്ങി. എന്നാല്‍ കുട്ടിക്കാലത്തേയുള്ള സിവില്‍ സര്‍വീസ് മോഹം വിടാതെ പിന്തുടര്‍ന്നു.

ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് തുണച്ചില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു സദ്ദാം നവാസ്. മാതൃഭാഷയായ മലയാളം തിരഞ്ഞെടുക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ലെന്നും പറയുന്നു ഡോക്ടര്‍.

ചിതറ തലവരമ്പ് തെക്കുംകരവീട്ടില്‍ ബദറുദ്ദീന്റെ മകനാണ് ഹോമിയോ ഡോക്ടറായ സദ്ദാംനവാസ്. ഷാനവാസ്, മുബീന, റുബീന എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlights: Civil Service Toppers Speak Dr.Saddam Navas