കോഴിക്കോട്: വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന് പ്രതീക്ഷിച്ചതിലും മികച്ച ഫലം ലഭിച്ചതിന്റെ സമാധാനത്തിലാണ് ബേപ്പൂര്‍ ചിത്രാഞ്ജലിയില്‍ എസ്. അഞ്ജലി. മൂന്ന് വര്‍ഷമായുള്ള സിവില്‍ സര്‍വീസ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് മികച്ച റാങ്കോടെ പരിസമാപ്തി. 26ാം റാങ്ക് നേടിയ അഞ്ജലി, സ്വപ്ന സാഫല്യമെന്നോണം ഇന്ത്യന്‍ വിദേശ സര്‍വീസില്‍ ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. 

'സമാധാനം...' സിവില്‍ സര്‍വീസ് നേട്ടത്തെക്കുറിച്ച് അഞ്ജലിയുടെ പ്രതികരണം. 'കുറച്ചു വര്‍ഷമായി പരിശ്രമിക്കുന്നു. അതു തീര്‍ന്നതിന്റെ സമാധാനമുണ്ട്. രാവിലെ മുതല്‍ രാത്രി വരെയുള്ള ഓഫീസ് ജോലിയും രാത്രിയില്‍ പഠിത്തവും... ഇതായിരുന്നു രീതി. മെയിന്‍ പരീക്ഷയ്ക്ക് മുമ്പെ മൂന്നുമാസം മാത്രമാണ് അവധിയെടുത്തത്' അഞ്ജലി പറയുന്നു. 

കാലിക്കറ്റ് എന്‍.ഐ.ടി.യില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക് എടുത്ത അഞ്ജലി ബെംഗളൂരുവിലെ ഡിലോയിട്ടില്‍ ഡിസൈന്‍ കണ്‍സല്‍ട്ടന്റാണ്. ഇംഗ്ലീഷ് സാഹിത്യമായിരുന്നു ഐച്ഛികവിഷയം. കഴിഞ്ഞ രണ്ടു പരീക്ഷകള്‍ക്കും പ്രിലിമിനറി പോലും കടക്കാനാകാത്ത നിരാശയെ മറികടന്നുകൊണ്ട് നടത്തിയ കഠിനാധ്വാനം മികച്ച വിജയത്തിലേക്ക് നയിച്ചു. തിരുവനന്തപുരം എന്‍ലൈറ്റ് അക്കാദമിയിലെ അധ്യാപകരായ മഹേഷ് കുമാര്‍ സാറും രാധാകൃഷ്ണന്‍ സാറും തന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വഴിത്തിരിവായി. ചെറുപ്പത്തിലേയുള്ള പരന്ന വായനയും മുതല്‍ക്കൂട്ടായി അഞ്ജലി ചൂണ്ടിക്കാട്ടി. 

അഞ്ജലിയുടെ നേട്ടം വീട്ടിലും സന്തോഷപ്പെരുമഴ പെയ്യിച്ചെന്ന് പറയാം. മകളുടെ കഠിനാധ്വാനത്തിന് ദൈവം നല്‍കിയ അനുഗ്രഹമാണിതെന്നായിരുന്നു അമ്മ ദേവിയുടെ പ്രതികരണം. രാത്രി വരെ ജോലി ചെയ്തതിനുശേഷം കിട്ടുന്ന സമയത്ത് ഉറക്കമിളച്ച് പഠിച്ചാണ് പരീക്ഷയെഴുതിയത്. വേണ്ടത്ര സമയം കിട്ടിയില്ലെന്ന ആവലാതിയായിരുന്നു അവള്‍ക്ക്. പഠിച്ചുതീരാത്ത പുസ്തകങ്ങള്‍ നോക്കി കരയുക പോലും ചെയ്തിരുന്നു, അമ്മ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അടച്ചുപൂട്ടിയപ്പോള്‍ തനിക്ക് നിര്‍ബന്ധിത വിരമിക്കല്‍ എടുക്കേണ്ടി വന്നതിന്റെ വിഷമം ഇതോടെ തീര്‍ന്നെന്നും അമ്മ സന്തോഷം പങ്കുവെയ്ക്കുന്നു. 

കരിങ്കല്ലായി വെനേറിനി, പ്രോവിഡന്‍സ് എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. കോഴിക്കോട് വികസന അതോറിറ്റിയില്‍ നിന്ന് അക്കൗണ്ട്‌സ് ഓഫീസറായി വിരമിച്ച കെ.പി. സുരേന്ദ്രനാഥന്‍ ആണ് അച്ഛന്‍. അനുജത്തി അപര്‍ണ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.