മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ ഒരേ സ്‌കൂളിലും കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ജില്ലയിലെ രണ്ട് സുഹൃത്തുക്കള്‍ക്ക് മികച്ച നേട്ടം. 200ാം റാങ്ക് നേടിയ പി.പി. മുഹമ്മദ് ജുനൈദും 613ാം റാങ്ക് നേടിയ സി.എം. ഇര്‍ഷാദും ഒരേസമയം പി.കെ.എം.എം.എച്ച്.എസ്.എസ്. എടരിക്കോട്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചവരാണ്. രണ്ടിടത്തും ഇര്‍ഷാദിന്റെ ജൂനിയറായിരുന്നു ജുനൈദ്. 808ാം റാങ്ക് നേടിയ ജിതിന്‍ റഹ്മാനും എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതാണ്.

വേങ്ങര ഊരകം സ്വദേശിയായ അബ്ദുല്‍ ജബ്ബാറിന്റെയും സയ്യിദയുടെയും മകനാണ് ജുനൈദ്. മദ്രസ അധ്യാപകനാണ് പിതാവ് ജബ്ബാര്‍. ജി.എല്‍.പി. സ്‌കൂള്‍ നെല്ലിപ്പറമ്പ്, എം.യു.എച്ച്.എസ്. ഊരകം, പി.കെ.എം.എം.എച്ച്.എസ്.എസ്. എടരിക്കോട്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ചെമ്മാട് സ്വദേശി അബ്ദുല്‍സമദ്-കദീജ ദമ്പതിമാരുടെ മകനാണ് സി.എം. ഇര്‍ഷാദ്. ജി.വി.എച്ച്.എസ്.എസ്. വേങ്ങര, പി.കെ.എം.എം.എച്ച്.എസ്.എസ്. എടരിക്കോട്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. രണ്ടാമത്തെതവണ എഴുതിയപ്പോഴാണ് നേട്ടം. കഴിഞ്ഞതവണ മെയിന്‍ കിട്ടിയില്ല. ചെറുപ്പംമുതലുള്ള താത്പര്യമായിരുന്നു സിവില്‍ സര്‍വീസ്.

രണ്ടുവര്‍ഷം ദുബായില്‍ എന്‍ജീനിയറായി ജോലിചെയ്തു. അപ്പോഴാണ് വിദേശകാര്യ സര്‍വീസില്‍ ചേരാനുള്ള ആഗ്രഹമുണ്ടായത്. പിന്നീട് നാട്ടില്‍വന്ന് ഇതിനായുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞതവണത്തെ റാങ്കനുസരിച്ച് ഫോറിന്‍ സര്‍വീസ് കിട്ടേണ്ടതാണ്. ഓഗസ്റ്റിലായിരിക്കും പരിശീലനം. ഭാര്യ: റഫീന ഖുല്‍ഷന്‍.

നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി അസീസ് റഹ്മാന്‍-സുബൈദ ദമ്പതിമാരുടെ മകന്‍ ജിതിന്‍ റഹ്മാന് 808ാം റാങ്കാണ് ലഭിച്ചത്. മൂന്നാമത്തെ തവണയാണ് എഴുതിയത്. രണ്ടുതവണയും അഭിമുഖപ്പരീക്ഷ കിട്ടിയില്ല. ഐ.എ.എസ്. ആണ് ലക്ഷ്യം. അടുത്തതവണ വീണ്ടും എഴുതി അതുനേടാനാണ് ശ്രമം. നിലമ്പൂര്‍ ലിറ്റില്‍ഫഌര്‍ സ്‌കൂള്‍, ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി, ഗവ. എന്‍ജീനീയറിങ് കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: സാദിയ സിറാജ്. രണ്ടുമാസം മുന്‍പായിരുന്നു വിവാഹം.