കോലഞ്ചേരി: വടയമ്പാടി കാവനാക്കുടിയില്‍ സുരേന്ദ്രന്റെ വീട്ടില്‍ വെള്ളിയാഴ്ച ആഘോഷത്തിന്റെ ഇരട്ടിമധുരം. സുരേന്ദ്രന്റെ മകള്‍ ശിഖ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 16ാം റാങ്ക് നേടിയത് മാത്രമല്ല കാരണം. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയവരില്‍ ഒന്നാംറാങ്കുമാണ് ഈ മിടുക്കി. 

ശിഖയെ അനുമോദിച്ച് സന്തോഷത്തിന്റെ മധുരം പങ്കുവയ്ക്കാന്‍ അഭിമാനത്തോടെ വേണ്ടപ്പെട്ടവരെല്ലാമെത്തി. കുടുംബത്തിന്റെ സാമ്പത്തിക പരിമിതികളില്‍ നിന്നുകൊണ്ടാണ് ശിഖ പഠിച്ചതും വളര്‍ന്നതും. പഠനകാര്യങ്ങളില്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കി തന്നെ ഇതുവരെ എത്തിച്ചത് അച്ഛനും അമ്മയുമാണെന്ന് അഭിമാനത്തോടെയാണ് ശിഖ പറയുന്നത്. 

വെള്ളിയാഴ്ച വൈകീട്ടാണ് ശിഖ വിജയത്തിന്റെ വാര്‍ത്തയറിഞ്ഞത്. മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും പിന്നെ തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കെല്ലാം വിളിച്ച് നന്ദിപറഞ്ഞു. ഓരോ മിനിറ്റും ശിഖയ്ക്ക് തിരക്കേറിവന്നു. ഡല്‍ഹി സങ്കല്‍പ്പ ഭവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടത്തിയത്. ആദ്യ ചാന്‍സില്‍ത്തന്നെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും റാങ്കില്‍ ഇത്രയും മുമ്പിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശിഖ പറയുന്നു

ഒന്നാംക്ലാസു മുതല്‍ ഏഴാംക്ലാസുവരെ സെയ്ന്റ് പോള്‍സ് ജൂനിയര്‍ സ്‌കൂളിലും എട്ടുമുതല്‍ പത്തുവരെ കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് ശിഖ പഠിച്ചത്. പ്ലസ്ടുവിന് കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു. എസ്.എസ്.എല്‍.സി. മുതല്‍ എല്ലാ വിഷയങ്ങള്‍ക്കും ശിഖയ്ക്ക് എ പ്ലസുണ്ട്. കോതമംഗംലം എം.എ. എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്കിന് മികച്ച വിദ്യാര്‍ഥിക്കുള്ള സമ്മാനവും നേടിയിട്ടുണ്ട്.

സിവില്‍ സര്‍വീസിന്റെ പരിശീലന സമയങ്ങളില്‍ ശിഖ എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയതായി അമ്മ സിലോ പറഞ്ഞു. സഹോദരി നിവ സുനില്‍ ദുബായിലാണ്. അച്ഛന്‍ സുരേന്ദ്രനും അമ്മയും തിരുവാണിയൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. സാമ്പത്തിക പരിമിതികള്‍ക്കിടയിലും പഠിക്കാന്‍ എല്ലാസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന തിരക്കിലായിരുന്നു ഇരുവരും.