നസ്സാന്നിധ്യമുണ്ടെങ്കില്‍ ആര്‍ക്കും നേടാവുന്ന ഒന്നാണ് സിവില്‍ സര്‍വീസെന്നത് ഓരോ തവണ ഫലം വരുമ്പോഴും തെളിയിക്കപ്പെടുന്ന സത്യമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി അഞ്ജലിയുടെ നേട്ടം. ജോലി ചെയ്തശേഷം ബാക്കിയുള്ള സമയം ഉറക്കമിളച്ച് പഠിച്ച അഞ്ജലിയേ തേടിയെത്തിയത് 26-ാം റാങ്കിന്റെ മധുരമാണ്. അഞ്ജലി മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു.

റിസള്‍ട്ട് വന്ന ശേഷം

ശരിക്കും സമാധാനമാണ് തോന്നുന്നത്. മൂന്നു വര്‍ഷമായി തയ്യാറെടുക്കുന്നുണ്ട്. ഇപ്പോള്‍ അതിനൊരു ക്ലൈമാക്‌സ് ആയല്ലോ. 

പഠനത്തിനുള്ള സമയം കണ്ടെത്തിയത്

ബെംഗളൂരുവിലായിരുന്നു ജോലി. അപ്പോള്‍ ജോലി കഴിഞ്ഞുള്ള സമയമായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്. രാത്രി 11 മുതല്‍ രാവിലെ മൂന്ന്, നാലുമണി വരെയായിരുന്നു പഠനം. പൊതുവേ രാത്രി ഉറങ്ങാറില്ല. ഉച്ചവരെ ഉറങ്ങാന്‍ ഓഫീസ് അനുവദിച്ചിരുന്നു. പകല്‍ 11 മണിക്ക് ജോലിക്ക് കയറിയാല്‍ മതിയായിരുന്നു. ദിവസവും മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു. പരീക്ഷയ്ക്ക് നാല് മാസം ഇങ്ങനെ തുടര്‍ച്ചയായി കിട്ടി. പിന്നെ ആഴ്ചാവസാനങ്ങളില്‍ എട്ട് മണിക്കൂറോളം കിട്ടുമല്ലോ.

Anjali 1
ഫോട്ടോ: എൻ.എം. പ്രദീപ്

പഠനരീതി

സത്യത്തില്‍ ആദ്യത്തെ രണ്ട് പ്രിലിമിനറികളും ഞാന്‍ യോഗ്യത നേടിയിരുന്നില്ല. മൂന്നാമത്തെ അവസരത്തിലാണ് വിജയിച്ചിരിക്കുന്നത്. ഓരോ പ്രിലിംസ് പരാജയപ്പെടുമ്പോഴും അടുത്ത തവണ വിജയിക്കാനായി ശ്രമം ഇരട്ടിയാക്കിയിരുന്നു. ഒന്നോ രണ്ടോ മാര്‍ക്കിന്റെ വ്യത്യാസത്തിലായിരിക്കാം ഞാന്‍ വിജയിച്ചത്. പ്രിലിംസില്‍ ഞാന്‍ ഒരിക്കലും നല്ലതായിരുന്നില്ല. അങ്ങനെ മൂന്നാമത്തെ തവണ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിനായി ലീവെടുത്ത് തിരുവനന്തപുരത്തുപോയി. അവിടെ രണ്ട് മാര്‍ഗദര്‍ശികളെ കണ്ട് ടെസ്റ്റ് എഴുതി തന്നെ പഠിക്കുകയായിരുന്നു. അവിടെ എന്‍ലൈറ്റ് എന്ന സ്ഥാപനത്തിലായിരുന്നു ജനറല്‍ സ്റ്റഡീസിന് പോയത്. കേരള സിവില്‍ സര്‍വീസ് അക്കാദമിയിലുള്ള രാധാകൃഷ്ണന്‍ സാറിന്റെ അടുത്തായിരുന്നു ഇംഗ്ലീഷിന് പോയത്. മെയിന്‍ ഓപ്ഷണല്‍ ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു. 

സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വന്നത്

ഞാന്‍ പോയ സ്‌കൂളുകളിലെ അധ്യാപകരെല്ലാം നല്ല പ്രചോദനം തരുന്നവരായിരുന്നു. പെണ്‍കുട്ടികളുടെ സ്‌കൂളായിരുന്നു. പെണ്‍കുട്ടികളാണെങ്കിലും ആഗ്രഹങ്ങളുള്ളവരായിരിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സുദേവന്‍ എന്ന സാറിനൊക്കെ എന്നെ ആ ഒരു വഴിയിലേക്ക് തിരിച്ചുവിടുന്നതില്‍ വലിയ പങ്കുണ്ട്. പക്ഷേ പിന്നീടെപ്പോഴോ എന്റെ ചിന്തകള്‍ വഴിമാറി. ശാസ്ത്രജ്ഞയാകണം എന്നൊക്കെ ചിന്തിച്ചിരുന്നു. കോളേജ് കാലം കഴിഞ്ഞപ്പോഴാണ് സിവില്‍ സര്‍വീസ് എന്ന ചിന്ത വരുന്നത്.

Anjali Family
അഞ്ജലി വീട്ടുകാർക്കൊപ്പം. ഫോട്ടോ:  എൻ.എം. പ്രദീപ്

റാങ്ക് കിട്ടും എന്ന പ്രതീക്ഷ

ഇത്ര നല്ല റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ലിസ്റ്റില്‍ കയറണമെന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.

രക്ഷിതാക്കളുടെ പ്രതികരണം

വളരെ വളരെ സന്തോഷത്തിലാണ്. കാരണം പ്രിലിംസ് കിട്ടാതെ ഞാന്‍ കരയുന്നതും കണ്ടിട്ടുണ്ട്. ഇപ്പോള്‍ സന്തോഷിക്കുന്നതും കണ്ടിട്ടുണ്ട്. 

ഇനി വരുന്ന വിദ്യാര്‍ഥികളോട് പറയാനുള്ളത്

എന്നോട് ഞാന്‍ പറയുന്ന കാര്യങ്ങളാണ് പറയാനുള്ളത്. പരാജയം വരുമ്പോള്‍ വിഷമിക്കാം പക്ഷേ പിന്മാറരുത്. പരാജയത്തില്‍ നിന്നും തിരിച്ചുവരാനും സ്വയം പ്രചോദനമാവാനും എങ്ങനെ സാധിക്കുമെന്നാണ് തിരിച്ചറിയേണ്ടത്. അതറിഞ്ഞാല്‍ ഈ പരീക്ഷയില്‍ വിജയം നേടാം. 

രക്ഷിതാക്കള്‍

അച്ഛന്റെ പേര് സുരേന്ദ്രനാഥന്‍ കെ.പി. കാലിക്കറ്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയില്‍ അക്കൗണ്ട്‌സ് ഓഫീസറായിരുന്നു. കഴിഞ്ഞവര്‍ഷം വിരമിച്ചു. അമ്മ ദേവി. ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. സഹോദരി അപര്‍ണ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്.

Content Highlights: Civil Service Rank Holder Anjali Talking