തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തലയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം. 210-ാം റാങ്കാണ് രമിത്തിന്. ഐ.പി.എസ്‌ കിട്ടാന്‍ സാധ്യതയുണ്ടെങ്കിലും മുന്‍ പോലീസ് മന്ത്രിയുടെ മകന് കാക്കിയോടല്ല താത്പര്യം. ഇഷ്ടം ഐ.എ.എസ്സിനോടുതന്നെ.

ഇതിനായി വീണ്ടും പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ് രമിത്. ഡല്‍ഹിയില്‍ സെയ്ന്റ് കൊളംബസ് സ്‌കൂളിലായിരുന്നു രമിത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദംനേടി. തുടര്‍ന്ന് കാമ്പസ് പ്ലെയ്‌സമെന്റ് വഴി ജോലി ലഭിച്ചെങ്കിലും സിവില്‍ സര്‍വീസിനോടായിരുന്നു താത്പര്യം. രണ്ടുപ്രാവശ്യം മുമ്പ് പരീക്ഷ എഴുതി. പ്രാഥമിക പരീക്ഷ മുമ്പ് പാസായിരുന്നു. ഇത്തവണ ആദ്യമായാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

അഭിമുഖത്തില്‍ രാഷ്ട്രീയ നേതാവായ അച്ഛനെക്കുറിച്ച് ചോദ്യമൊന്നുമുണ്ടായിരുന്നില്ലെന്ന് രമിത് പറഞ്ഞു. പല വിഷയങ്ങളിലും തന്റെ അഭിപ്രായം തേടുന്ന ചോദ്യങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.