ന്നാം റാങ്ക് കിട്ടുന്നത് പോയിട്ട് റാങ്ക് ലിസ്റ്റില്‍ കടക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല- ഇക്കൊല്ലത്തെ സിവില്‍ സര്‍വീസസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ശുഭം കുമാറിന്റെ വാക്കുകളാണിത്. ഇന്ത്യാ ടുഡേയോട് ആയിരുന്നു ശുഭത്തിന്റെ പ്രതികരണം. ബിഹാറിലെ കുമാരിപുര്‍ ഗ്രാമ സ്വദേശിയാണ് ശുഭം. 24-കാരനായ ശുഭം, ഇത്തവണത്തേതു കൂടി ചേര്‍ത്ത് മൂന്നുതവണയാണ് സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ 290-ാം റാങ്ക് നേടാനായി. നിലവില്‍ പുണെയില്‍ ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട് സര്‍വീസസിന്റെ പരിശീലനം നേടുകയാണ് ശുഭം.

ഐ.ഐ.ടി. ബോംബെയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2018-ലാണ് ശുഭം ആദ്യമായി സിവില്‍ സര്‍വീസസ് പരീക്ഷ എഴുതുന്നത്. എന്നാല്‍ ആദ്യത്തെ ശ്രമത്തില്‍ പ്രിലിമിനറി പരീക്ഷ പാസാകാന്‍ ശുഭത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ പിന്മാറാന്‍ ശുഭം തയ്യാറായിരുന്നില്ല. 2019-ല്‍ രണ്ടാമത്തെ ശ്രമത്തില്‍ 290-ാം റാങ്ക് നേടി. മൂന്നാംതവണ ഓള്‍ ഇന്ത്യ ടോപ്പറുമായി. ദിവസം 7-8 മണിക്കൂറാണ് പഠിച്ചിരുന്നതെന്ന് ശുഭം പറയുന്നു. മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും മാതൃകാ പരീക്ഷകളും പരിശീലിച്ചിരുന്നു. 

സിവില്‍ സര്‍വീസസിനു വേണ്ടി തയ്യാറെടുക്കുന്ന കാലത്ത് ശുഭം, ജോലിക്കു പോയിരുന്നില്ല. ആന്ത്രോപ്പോളജി ആയിരുന്നു മെയിന്‍സ് പരീക്ഷയ്ക്കായി ശുഭം തിരഞ്ഞെടുത്തത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്ന് ബിഹാറിലെ ഗ്രാമീണമേഖലയുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കാനുമാണ് ശുഭം താല്‍പര്യപ്പെടുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുപ്രായം മുതല്‍ക്കേ ഗ്രാമീണ മേഖലയിലുള്ളവരുടെ വേദന ഞാന്‍ കണ്ടിരുന്നു. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതു മാത്രമായിരുന്നു സിവില്‍ സര്‍വീസസില്‍ ചേരാന്‍ തനിക്കുള്ള ഏക പ്രചോദനം- ശുഭം പറയുന്നു. ഗ്രാമീണ മേഖലയിലുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതു കൂടാതെ തന്റെ മാതൃസംസ്ഥാനമായ ബിഹാറിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കണമെന്നും ശുഭം കൂട്ടിച്ചേര്‍ക്കുന്നു.

കടപ്പാട്: www.indiatoday.in, www.indiatvnews.com

 

content highlights: success story of shubham kumar all india civil services exam topper