സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം സ്വന്തമാക്കാനാണ് ജാഗൃതി അവസ്തി എന്ന സിവില്‍ എന്‍ജിനീയര്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ നിന്ന് ജോലി രാജിവെച്ചത്. ദൃഢനിശ്ചയത്തിനൊപ്പം കഠിനപരിശ്രമവും ഒത്തു ചേര്‍ന്നപ്പോള്‍ ജാഗൃതി നേടിയത് ദേശീയതലത്തിലെ രണ്ടാം റാങ്കാണ്. വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും രണ്ടാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജാഗൃതി പറയുന്നു.

കോവിഡ് പശ്ചാത്തലമായതിനാല്‍ ഭോപ്പാലിലെ വീട്ടിലിരുന്നായിരുന്നു ജാഗൃതിയുടെ പഠനം. അതിനാല്‍ തന്നെ മറ്റാരുടേയും സഹായമില്ലാതെ ജാഗൃതി നേടിയ വിജയത്തിന് തിളക്കമേറെയാണ്. ദിവസം 8-10 മണിക്കൂര്‍ നീണ്ട ചിട്ടയായ പഠനമാണ് ജാഗൃതിയെ രണ്ടാം റാങ്കിനുടമയാക്കിയത്. ഭോപ്പാലിലെ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ജാഗൃതി ഇലക്ട്രിക് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത്. 2019 ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെങ്കിലും വിജയം നേടാനായില്ല. തുടര്‍ന്നായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. 

രാജ്യത്തെ മികച്ച വ്യവസായസ്ഥാപനത്തില്‍ ജോലി നേടിയെങ്കിലും സ്‌കൂള്‍ കാലം മുതല്‍ കണ്ടു വന്ന സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം ജാഗൃതിയെ പിന്തുടര്‍ന്നു. ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ജാഗൃതി തീരുമാനിച്ചു. 2020 ഒക്ടോബറില്‍ നടന്ന എഴുത്തുപരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടിയ ജാഗൃതിയുടെ അഭിമുഖ പരീക്ഷ 45 മിനിട്ടോളം നീണ്ടു. അഭിമുഖ പരീക്ഷയില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിന് ശേഷം സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഇടം നേടാമെന്ന ജാഗൃതിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചതായി അമ്മ മധുലത അവസ്തി പറഞ്ഞു. മകളുടെ മികച്ച വിജയത്തിലുള്ള ആഹ്‌ളാദം അച്ഛന്‍ ഡോക്ടര്‍ സുരേഷ് ചന്ദ്ര അവസ്തിയും പങ്കു വെച്ചു. 

സ്‌കൂള്‍ കാലം മുതല്‍ മികച്ച പഠനമികവ് പുലര്‍ത്തിയിരുന്ന ജാഗൃതി 2017 ലാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. ഏഴ് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് ഒരേ സമയം തൊഴിലവസരം തേടിയെത്തിയെങ്കിലും BHEL തിരഞ്ഞെടുത്തു. രണ്ട് കൊല്ലത്തിന് ശേഷം 2019 ല്‍ ജോലി ഉപേക്ഷിച്ചു. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നെങ്കിലും കേവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭോപ്പാലില്‍ മടങ്ങിയെത്തി. കഠിനപരിശ്രമം, ചിട്ടയായ പഠനം, ആത്മവിശ്വാസം, അതിയായ ആഗ്രഹം എന്നിവ ഒത്തുചേര്‍ന്നപ്പോള്‍ കുട്ടിക്കാലം മുതല്‍ കൂടെക്കൂടിയ സ്വപ്‌നം ജാഗൃതിയ്ക്ക് സ്വന്തമായി. 

 

Content Highlights: Electrical engineer from Bhopal emerges UPSC Civil Services 2020 woman topper in her second attempt