മുതുകുളം: ഐ.എഫ്.എസ്. ആയിരുന്നു വീണ എസ്. സുതന്റെ ചെറുപ്പംമുതലേയുള്ള സ്വപ്നം. അതിനായി കഠിനാധ്വാനം ചെയ്തു. ഇത്തവണ ആ മോഹം സഫലീകരിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. സിവിൽ സർവീസ് പരീക്ഷയിൽ തുടർച്ചയായി മൂന്നാംതവണയും റാങ്ക് എന്ന അപൂർവനേട്ടമാണ് ഈ കണ്ടല്ലൂരുകാരി കൈവരിച്ചിരിക്കുന്നത്. ആദ്യതവണ 299-ാം റാങ്കായിരുന്നു. രണ്ടാംതവണ 124-ലായി മെച്ചപ്പെടുത്തി. ഇത്തവണ 57-ലെത്തിച്ചു.

മുന്നുതവണയും ഐ.എഫ്.എസ്. ആയിരുന്നു ആദ്യഓപ്ഷൻ നൽകിയിരുന്നത്. ഭൂമിശാസ്ത്രമായിരുന്നു മുഖ്യവിഷയം. ആദ്യതവണ ഐ.ആർ.ടി.എസ്. ആണ് കിട്ടിയത്. കഴിഞ്ഞതവണ ഐ.പി.എസ്. ലഭിച്ചു. രാജസ്ഥാനിൽ ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്താണ് മൂന്നാംവട്ടം പരീക്ഷയെഴുതിയത്.

മിലിട്ടറിയിൽ ലെഫ്.കേണലായി വിരമിച്ച കണ്ടല്ലൂർ തെക്ക് കടയിൽത്തറയിൽ വീട്ടിൽ ശ്രീസുതന്റെ മകളാണ് വീണ എസ്. സുതൻ.

ഇന്ത്യയിലെ വിവിധയിടങ്ങളിലെ ആർമി പബ്ലിക് സ്കൂളുകളിലായിരുന്നു പഠനം. തുടർന്നു കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ മികച്ചവിജയം കരസ്ഥമാക്കി. സിവിൽസർവീസ് മോഹവുമായി കേരളാ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. ഒരുവർഷത്തെ പരിശീലനത്തിനുപിന്നാലെ 299-ാം റാങ്കും നേടി.