വെള്ളറട: മലയോരത്തിന് അപൂർവ നേട്ടമൊരുക്കി സിവിൽ സർവീസ് പരീക്ഷയിൽ ശ്രീതു എസ്.എസിന് 163-ാം റാങ്കിന്റെ വിജയത്തിളക്കം. വെള്ളറട സൂര്യ ട്രേഡേഴ്‌സ് ഉടമ ശ്രീകുമാരൻനായരുടെയും ശ്രീജയുടെയും മകൾ ശ്രീതുവാണ് ആദ്യത്തെ അവസരത്തിൽത്തന്നെ മലയോരത്തിലെ ഈ അപൂർവനേട്ടത്തിന് അർഹയായത്.

പ്ലസ്ടു പഠനം മുതൽ കളക്ടറാവുക എന്ന മോഹം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ശ്രീതു. ഒറ്റശേഖരമംഗം ജെ.പി.എച്ച്.എസ്‌.എസിൽനിന്ന് പത്താംക്ലാസും നെയ്യാറ്റിൻകര ഗവ. ഗേൾസ് സ്കൂളിൽനിന്ന് പ്ലസ്ടുവിനും മികച്ച വിജയം കരസ്ഥമാക്കി. പിന്നീട് മലപ്പുറം തവനൂർ കേളപ്പജി കോളേജിൽനിന്ന് അഗ്രികൾച്ചർ ബി.ടെക്. പഠിച്ച് കോളേജിൽ ഒന്നാംസ്ഥാനം നേടി. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലായാണ് സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയത്.

സ്കൂൾ പഠനകാലത്ത് പ്രസംഗമത്സരത്തിൽ ജില്ല, സംസ്ഥാനതലത്തിലും പങ്കെടുത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയുണ്ട്. തന്റെ മികച്ച വിജയത്തിന് പിന്നിൽ വീട്ടുകാരുടെ അശ്രാന്ത പരിശ്രമമാണെന്നും ശ്രീതു പറയുന്നു. ചെറുവാരക്കോണം ലോ കോളേജിലെ എൽഎൽ.ബി. നാലാംവർഷ വിദ്യാർഥിയായ ശ്രീനുവാണ് സഹോദരൻ.