shahanshaകേച്ചേരി: വർഷങ്ങൾ നീണ്ട മടുക്കാത്ത പരിശ്രമത്തിന്റെ ഫലമാണ് കേച്ചേരി തുവ്വാനൂർ കുറുപ്പംവീട്ടിൽ കെ.എസ്. ഷഹൻഷായുടെ റാങ്ക് തിളക്കം. 2016-ൽ കുറഞ്ഞുപോയ റാങ്ക് തിളക്കത്തിന്റെ മാറ്റ് കൂട്ടിനേടുകയായിരുന്നു ഇത്തവണ. 896-ാം റാങ്കാണ് 2016-ൽ കിട്ടിയത്. തുടർന്ന് മുംബൈ സെന്ററിൽ റെയിൽവേ പോലീസ് കമ്മിഷണറായി ജോലിചെയ്യുന്നു.

ഇതിനിടയിലായിരുന്നു റാങ്ക് മെച്ചപ്പെടുത്താനുള്ള പഠനം. കഴിഞ്ഞതവണ അഭിമുഖത്തിലാണ് പിന്നിലായത്. ഇതിനെല്ലാമുള്ള മധുരപ്രതികാരമായി ഇത്തവണത്തെ റാങ്ക്.

2013-ൽ തൃശ്ശൂർ എൻജിനീയറിങ് കോളേജിൽനിന്ന്‌ മെക്കാനിക്കൽ ബിരുദം നേടി. അത്‌ലറ്റിക് താരം കൂടിയാണ്. ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. ആറുവർഷം തൃശ്ശൂർ സായിയിലും ഉണ്ടായിരുന്നു. പിതാവ് കെ.കെ. ഷാജഹാൻ അലങ്കാർ ബസ് സർവീസുകൾ നടത്തുകയാണ്. മാതാവ് റാബിയ അൻസാർ ഹൈസ്കൂളിൽ അധ്യാപികയാണ്.

കഴിഞ്ഞ ജൂലായിൽ ഡോക്ടറായ അമീന ഷെറിനെ വിവാഹം കഴിച്ചു.സഹോദരി ഷഹബാൻ സി.എം.എ.വിദ്യാർഥിയാണ്. കായിനേട്ടങ്ങൾക്ക് ഗ്രേസ് മാർക്ക് എൻജിനിയറിങ് കോളേജിലെ കായികതാരങ്ങൾക്ക് നൽകിത്തുടങ്ങിയത് ഇദ്ദേഹത്തിന്റെ കൂടി പരിശ്രമഫലമായാണ്. യൂണിവേഴ്‌സിറ്റിയിലെ വേഗതകൂടിയ താരമായിരുന്ന ഷഹൻഷാ ഇതിനായി അധികൃതർക്കുമുന്നിൽ നിവേദനങ്ങൾ നൽകി. ഇതു വിജയംകാണുകയും ചെയ്തു.