കോട്ടയം: റാഞ്ചിയിലെ സ്‌കൂൾ വിദ്യാഭ്യാസകാലത്ത്‌ ക്വിസ്‌ മത്സരങ്ങളായിരുന്നു റെക്സിന്‌ പ്രിയം. എല്ലാ മത്സരങ്ങളിലും വിജയം. തുടർച്ചയായി സമ്മാനങ്ങൾ. സമ്മാനങ്ങൾ നൽകാൻ സ്‌കൂളിലെത്തിയവരെല്ലാം ഐ.എ.എസ്‌. ഉദ്യോഗസ്ഥർ. അവരുടെ വാക്കുകൾ കേട്ട്‌ അവരെപ്പോലെയാകാനായിരുന്നു റെക്സിന്‌ മോഹവും.

തലപ്പലം പ്ലാശനാൽ സ്വദേശി ചെങ്ങഴശേരിൽ സി.ബി.റെക്സിെന്റ മനസ്സിൽ സിവിൽ സർവീസ്‌ എന്ന മോഹമുദിച്ചത്‌ അവിടെനിന്നാണ്‌. സിവിൽ സർവീസ്‌ പരീക്ഷയിൽ 293-ാം റാങ്ക്‌ നേടി റെക്സ്‌ വിജയവഴിയിലെത്തി. രണ്ടാം ശ്രമത്തിലാണ്‌ ‌റെക്സിന്റെ നേട്ടം.

‘ലക്ഷ്യം ഐ.എ.എസ്‌. തന്നെ. അടുത്ത ചാൻസിൽ അതിനായി ശ്രമിക്കും’-കോട്ടയത്ത്‌ ‌ചാലുകുന്നിൽ സഹോദരന്റെ വീട്ടിലിരുന്ന്‌ ആഹ്ളാദം പങ്കുവെച്ചുകൊണ്ട്‌ റെക്സ്‌ പറഞ്ഞു. റാഞ്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ സി.വി.ബേബിയുടെയും റാഞ്ചിയിൽ അധ്യാപികയായിരുന്ന പരേതയായ ലിസമ്മയുടെയും മകനാണ്. അമ്മ അഞ്ചുവർഷം മുമ്പ്‌ മരിച്ചു. പ്ലസ്‌ടൂ വരെ റാഞ്ചിയിൽ പഠിച്ച റെക്സ്‌ കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ്‌ നേടിയത്‌ കുസാറ്റിൽനിന്നാണ്‌. 2016-ൽ പഠനം പൂർത്തിയാക്കിയശേഷം ഒന്നരവർഷം പുണെയിൽ എൻജിനീയറായി ജോലി ചെയ്തു. പിന്നീട്‌ ജോലി രാജിവെച്ച്‌ സിവിൽ സർവീസ്‌ എന്ന ലക്ഷ്യത്തിനായി ശ്രമം തുടങ്ങി. ജ്യോഗ്രഫി ഓപ്‌ഷണലായി എടുത്തായിരുന്നു പഠനം.

ഐ ലേൺ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തായിരുന്നു പരിശീലനം. റെക്‌സിന്റെ നേട്ടത്തിൽ നേരിട്ട്‌ അഭിനന്ദിക്കാൻ അച്ഛൻ ബേബി ഇപ്പോൾ സ്ഥലത്തില്ല. ഇപ്പോൾ റാഞ്ചിയിലായതിനാൽ അദ്ദേഹം വിവരം അറിഞ്ഞത്‌ ഫോണിലൂടെ. സഹോദരൻ ഡോ. സി.ബി.റോമി ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലും റോമിയുടെ ഭാര്യ അമൃത കിംസിലും ഡോക്ടർമാരാണ്‌.