reshmaനെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേ ഓവർബ്രിഡ്ജിനു സമീപം മിന്നാരത്തിൽ ഇനി ഒരു സിവിൽ സർവീസുകാരിയും. സിവിൽ സർവീസ് പരീക്ഷയിൽ 256-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുകയാണ് സർക്കാർ സ്കൂളിൽ പഠിച്ച എ.എൽ.രേഷ്മ.

പ്ലസ്ടു വരെ നെയ്യാറ്റിൻകര ബോയ്‌സ് സ്കൂളിൽ പഠിച്ച രേഷ്മ, ഇക്കുറി സിവിൽ സർവീസ് പരീക്ഷയിൽ വിജയിയായി തീർന്നിരിക്കുകയാണ്. കഴിഞ്ഞതവണ അഭിമുഖത്തിൽ നാല് മാർക്കിനു കൈവിട്ട നേട്ടമാണ് രേഷ്മയെന്ന നാട്ടുമ്പുറത്തുകാരി കൈയെത്തിപ്പിടിച്ചിരിക്കുന്നത്.

മിന്നാരം വീട്ടിൽ റിട്ട. പ്രൊഫ. ലിഡ്‌സൺ രാജിന്റെയും കെ.എസ്.ഇ.ബി. സീനിയർ സൂപ്രണ്ട് ഡി.അജിതയുടെയും മകളാണ് രേഷ്മ. പ്ലസ്ടുവിനു ശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലായിരുന്നു തുടർപഠനം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും രേഷ്മ കരസ്ഥമാക്കി.

നാലു വർഷമായി സിവിൽ സർവീസ് പരീക്ഷയ്ക്കായി രേഷ്മ തയ്യാറെടുക്കുകയാണ്. രേഷ്മയെ കെ.ആൻസലൻ എം.എൽ.എ. വീട്ടിലെത്തി അഭിനന്ദിച്ചു. കാരക്കോണം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥിയായ രജത് സഹോദരനാണ്.