ഹരിപ്പാട്: ഒന്നാംക്ലാസ് മുതൽ ബിരുദംവരെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചിറങ്ങിയ നീനാ വിശ്വനാഥിന് സിവിൽസർവീസിൽ 496-ാം റാങ്കിന്റെ പൊൻതിളക്കം. മലയാളം മീഡിയത്തിൽ പഠിച്ചാൽ മത്സരപരീക്ഷകളിൽ പിന്തള്ളപ്പെട്ടുപോയേക്കാമെന്നു ഭയക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഉത്തരംകൂടിയാണു നീന.

കാർത്തികപ്പള്ളി മഹാദേവികാട് ശിവഗംഗയിൽ കെ. വിശ്വനാഥിന്റെയും ആശാ ജയലേഖയുടെയും മൂത്തമകൾ. ഒന്നുമുതൽ ഏഴുവരെ പഠിച്ചതു വീട്ടിനടുത്തുള്ള കാർത്തികപ്പള്ളി ഗവ. യു.പി. സ്കൂളിൽ. ഹൈസ്കൂൾ പഠനം നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സ്കൂളിലായിരുന്നു. എല്ലാവിഷയങ്ങൾക്കും എ പ്ലസിൽ വിജയിച്ചശേഷം ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിനു ചേർന്നു. അവിടെയും എ പ്ലസ് വിജയം. തുടർന്ന് ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ് പഠിച്ചു. 75 ശതമാനം മാർക്കോടെ പഠിച്ചിറങ്ങയതിനുപിന്നാലെ തിരുവനന്തപുരത്ത് കേരള സർവകലാശാലയിൽ അസിസ്റ്റന്റായി ജോലികിട്ടി.

സിവിൽ സർവീസിലേക്ക് ആദ്യശ്രമത്തിൽ പ്രിലിമിനറി കടന്നെങ്കിലും മെയിൻപരീക്ഷ ജയിക്കാൻ കഴിഞ്ഞില്ല. രണ്ടാമത് മെയിനും കഴിഞ്ഞ് അഭിമുഖംവരെയെത്തി. ഇത്തവണ എല്ലാകടമ്പകളും കടന്നു.

ആദ്യഘട്ടത്തിൽ കോവിഡിനെ പ്രതിരോധിച്ച കേരളം ഇപ്പോൾ എന്താണു പ്രതിരോധത്തിൽ പിന്നാക്കം പോയതെന്ന ചോദ്യമാണ് അഭിമുഖത്തിൽ നീന പ്രധാനമായും അഭിമുഖീകരിച്ചത്. ജനങ്ങളുടെ പേടിമാറിയതും ജാഗ്രത ഇല്ലാതായതും തനിക്ക് രോഗംവരില്ലെന്ന് ഓരോരുത്തരും സ്വയം വിശ്വസിക്കുന്നതുമാണ് ഇതിനു കാരണമെന്ന് നീന വിശദീകരിച്ചു.