തിരുവനന്തപുരം: ഇതുവരെ അണിഞ്ഞിട്ടില്ലെങ്കിലും പോലീസ് യൂണിഫോം എന്നും മിന്നുവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സിവിൽ സർവീസ് പട്ടികയിൽ 150-ാം റാങ്ക് നേടിയതോടെ ആ യൂണിഫോം ബന്ധത്തിലേക്ക് കൂടുതൽ അടുക്കുകയാണ് കാര്യവട്ടം തുണ്ടത്തിൽ ജെ.ഡി.എസ്. വില്ലയിൽ പി.എം. മിന്നു. വഴുതക്കാട് പോലീസ് ആസ്ഥാനത്തെ ക്ലാർക്കാണ് മിന്നു. ഈ റാങ്ക് നേട്ടം സമർപ്പിക്കുന്നത് സർവീസിലിരിക്കെ മരിച്ച പോലീസുകാരനായ അച്ഛൻ പോൾരാജിന്റെ ഓർമകൾക്കുമുന്നിലാണ്.

minnu

ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മിന്നു 2013-ലാണ് പോലീസ്‌ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. അച്ഛന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിരുന്നു. അച്ഛന്റെ ഓർമകളുള്ള യൂണിഫോം എന്നും സ്വപ്നമായിരുന്നു. ആ സ്വപ്നത്തിലേക്ക് എത്താനുള്ള നിരന്തര പരിശ്രമത്തിന്റെ ഉത്തരമാണ് ഇത്തവണത്തെ 150-ാം റാങ്ക്. ആറാമത്തെ പരിശ്രമമാണ് ഇക്കുറി വിജയം കണ്ടത്. റാങ്ക് 150 ആയതിനാൽ ഐ.പി.എസ്. പട്ടികയിൽ പെടുമെന്ന പ്രതീക്ഷയിലാണിവർ. ഭർത്താവ് ജോഷി ഐ.എസ്.ആർ.ഒ.യിൽ ഉദ്യോഗസ്ഥനാണ്. മകൻ: ജർമിയ ജോൺ ജോഷി.