തൃശ്ശൂർ: തൃശ്ശൂർ തിരൂർ പോട്ടോർ കണ്ണമാട്ടിൽ കെ. രാംദാസിന്റെയും കെ. രാധികയുടെയും മൂത്തമകളായ മീര നാലാമത്തെ ശ്രമത്തിലാണ് ആറാം റാങ്കിലെത്തിയത്.

രണ്ടാംവട്ടം ഇന്റർവ്യൂവരെ എത്തിയിരുന്നു. കഴിഞ്ഞതവണ ഒരു മാർക്കിന്റെ കുറവിൽ പ്രിലിമിനറി കാണാതെ പുറത്തായ സാഹചര്യത്തിൽനിന്നുള്ള തിളക്കമാർന്ന തിരിച്ചുവരവായിരുന്നു ഇക്കുറി മീരയെ കാത്തിരുന്നത്.

തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷം സിവിൽ സർവീസ് പരിശീലനം തുടങ്ങി. ആദ്യത്തെ രണ്ടുവർഷം വിവിധ സ്ഥാപനങ്ങളിൽനിന്നു പരിശീലനം നേടി. പിന്നീടുള്ള വർഷങ്ങളിൽ തനിയെ പഠിക്കുകയായിരുന്നു.

ഇളയസഹോദരി കെ. വൃന്ദ ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലിചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മീരയെ ഫോണിൽവിളിച്ച് അഭിനന്ദിച്ചു. മന്ത്രി കെ. രാജൻ, 2012-ലെ സിവിൽ സർവീസ് ഒന്നാം റാങ്കുകാരിയും തൃശ്ശൂർ കളക്ടറുമായ ഹരിത വി. കുമാർ, 2014-ലെ സിവിൽ സർവീസ് രണ്ടാം റാങ്കുകാരിയും നഗരവികസനവിഭാഗം ഡയറക്ടറുമായ ഡോ. ആർ. രേണുരാജ്‌ എന്നിവർ മീരയെ വീട്ടിലെത്തി അഭിനന്ദിച്ചു.