മാവേലിക്കര: സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനായി നാലുതവണനടത്തിയ പരിശ്രമം റാങ്ക് നേട്ടത്തിലെത്തിയതിന്റെ ആഹ്ലാദത്തിലാണു എസ്. മാലിനി (29). സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 135-ാം റാങ്കാണു മാലിനിക്ക്‌.

പ്രശസ്ത സാഹിത്യകാരൻ പരേതനായ പ്രൊഫ. എരുമേലി പരമേശ്വരൻപിള്ളയുടെ ചെറുമകളും മാവേലിക്കര ചെട്ടിക്കുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഡ്വ. പി. കൃഷ്ണകുമാറിന്റെയും നൂറനാട് പടനിലം എച്ച്.എസ്.എസ്.എസ്. റിട്ട. അധ്യാപിക ശ്രീലതയുടെയും മകളുമാണു മാലിനി.

മുത്തച്ഛന്റെ സ്വപ്നമാണ് മാലിനി സഫലമാക്കിയത്. സ്കൂൾ, കോളേജ് പഠനകാലത്ത് മുത്തച്ഛനുമായി നടത്തിയ സാഹിത്യചർച്ചകളിൽനിന്നാണു ഭാഷാപഠനത്തിനുള്ള പ്രചോദനം ലഭിച്ചതെന്നു മാലിനി പറഞ്ഞു. ചെറുമകൾ സിവിൽ സർവീസ് നേടുന്നതു സ്വപ്നംകണ്ട മുത്തച്ഛന്റെ ഡയറിക്കുറിപ്പുകളിൽ പലയിടത്തും അതേക്കുറിച്ചു പറഞ്ഞിട്ടുണ്ടെന്നും മാലിനി അനുസ്മരിച്ചു.

ചിട്ടയായപഠനമാണ് ഈ ഓണാട്ടുകരക്കാരിയെ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലെത്തിച്ചത്.

മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം, കായംകുളം എസ്.എൻ. സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി.

ഡൽഹിയിൽ സ്വകാര്യസ്ഥാപനത്തിൽ അധ്യാപികയായി പ്രവർത്തിക്കവെയാണ് സിവിൽ സർവീസിനോട് അഭിനിവേശം തോന്നുന്നത്. 2017-ൽ നാട്ടിലെത്തി തിരുവനന്തപുരത്തു പിതൃസഹോദരി പ്രീതയ്‌ക്കൊപ്പം താമസിച്ചു സിവിൽ സർവീസ് പരിശീലനം തുടങ്ങി. ആദ്യ രണ്ടുതവണ അഭിമുഖ തലത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. നിരാശയാകാതെ പരിശീലനം തുടരവേ 2020-ൽ ഹൈക്കോടതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്തു പഠനം തുടർന്നാണു നേട്ടം കൈവരിച്ചത്.

പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ ചരിത്ര ഗവേഷക വിദ്യാർഥിനി നന്ദിനി സഹോദരിയാണ്.