തൃശ്ശൂർ: ഇപ്പോൾ ആറാം റാങ്ക് നേടിയ കെ. മീരയുടെ വീട്ടിലേക്ക് രണ്ടുകൊല്ലംമുമ്പ് ഒരു സിവിൽ സർവീസ് റാങ്ക് വിരുന്നുവന്നിരുന്നു. 2019-ലെ സിവിൽ സർവീസ്‌ ഫലം പ്രഖ്യാപിച്ചപ്പോൾ 29-ാം റാങ്കുകാരിയായ ശ്രീലക്ഷ്‌മി, അടുത്ത കൂട്ടുകാരിയായ മീരയുടെ വീട്ടിലായിരുന്നു. ആലുവ കടുങ്ങല്ലൂർ സ്വദേശിയായ ശ്രീലക്ഷ്മി ഇപ്പോൾ മാനന്തവാടി സബ് കളക്ടറാണ്. അന്ന് ഫലപ്രഖ്യാപനദിവസം ടെൻഷൻ ഒഴിവാക്കാനാണ് ശ്രീലക്ഷ്‌മിയുടെ വീട്ടിൽ രണ്ടുദിവസം മുമ്പുതന്നെയെത്തിയത്.

രണ്ടുപേരും അക്കൊല്ലം ഇന്റർവ്യൂവിൽ എത്തിയിരുന്നു. ഇന്റർവ്യൂവിനുമുമ്പ് രണ്ടുപേരും അന്നത്തെ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമയെ കണ്ട് ഉപദേശങ്ങൾ തേടിയിരുന്നു.

ഫലം വന്നപ്പോൾ മീര പട്ടികയിൽ വന്നില്ല. എന്നാൽ, ചിരിച്ച മുഖത്തോടെ ആത്മമിത്രത്തിന്റെ വിജയത്തിനൊപ്പം മീര നിന്നു. എന്നാൽ, എന്നേക്കാൾ മുന്നിലുള്ള റാങ്ക് നിന്നെ കാത്തിരിക്കുന്നുവെന്നാണ് ശ്രീലക്ഷ്‌മി പറഞ്ഞുകൊണ്ടിരുന്നത്. ഇത്തവണത്തെ പരീക്ഷയുടെ ഓരോഘട്ടത്തിലും ശ്രീലക്ഷ്‌മിയുടെ നിർദേശങ്ങൾ മീരയ്ക്ക് കിട്ടിക്കൊണ്ടിരുന്നു.

രണ്ടുദിവസംമുമ്പ് വിളിച്ചപ്പോഴും ‘ടെൻഷൻ ആവണ്ട’ എന്നാണ് പറഞ്ഞത്. ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചു എന്നറിഞ്ഞപ്പോൾത്തന്നെ മികച്ച റാങ്ക് മീരയ്ക്ക് പ്രതീക്ഷിച്ചിരുന്നതായി ശ്രീലക്ഷ്‌മി പറഞ്ഞു.

തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനത്തിനിടെയാണ് ഇരുവരും കൂട്ടുകാരായത്. ഇരുവരും ഒരേ മുറിയിലാണ് താമസിച്ചിരുന്നതും. ശ്രീലക്ഷ്‌മി ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദാനന്തരബിരുദം നേടിയശേഷമാണ് സിവിൽ സർവീസിലെത്തിയത്.