gokulതിരുവനന്തപുരം: ‘‘എല്ലാം തികഞ്ഞ ഒരു മനുഷ്യൻ പോലും ഈ ലോകത്തില്ല, കുറവുകളുണ്ടെന്നു കരുതി ഒന്നും അസാധ്യവുമല്ല, അത്രമേൽ ആഗ്രഹിച്ച് ഒരു കാര്യത്തിനുവേണ്ടി പരിശ്രമിച്ചാൽ നിരാശപ്പെടേണ്ടിയും വരില്ല’’ -അനുഭവങ്ങൾ പഠിപ്പിച്ച പാഠങ്ങളുടെ ഊർജമാണ് ഗോകുലിന്റെ വാക്കുകളിൽ. മുൻതവണ 804-ാം റാങ്കുകാരനായിരുന്ന ഗോകുൽ കാഴ്ചപരിമിതിയുടെ ലോകത്തിരുന്നും ഉയരങ്ങൾ താണ്ടിയപ്പോൾ 357-ാം റാങ്കിന്റെ തിളക്കത്തിലേക്കെത്തി.

പൂർണമായും കാഴ്ചശേഷിയില്ലാത്ത, കേരളത്തിൽ നിന്നുള്ള ആദ്യ സിവിൽ സർവീസ് വിജയിയെന്ന കിരീടം കഴിഞ്ഞവർഷംതന്നെ ഗോകുൽ സ്വന്തമാക്കി. എൻ.സി.സി. ഡയറക്ടറേറ്റിൽ ജീവനക്കാരനായ അച്ഛൻ സുരേഷ് കുമാറും കോട്ടൺഹിൽ സ്കൂളിൽ അധ്യാപികയായ അമ്മ ശോഭയുമാണ് വഴികളിലെല്ലാം വിളക്കായത്.

പഠനത്തിൽ സ്കൂൾതലംമുതലേ മുന്നിലായിരുന്നു ഗോകുൽ. പ്രസംഗ, സംവാദ വേദികളിൽ നേടിയത് ഒട്ടേറെ സമ്മാനങ്ങൾ. കേരള സർവകലാശാലയിലെ പഠനകാലത്തൊക്കെ ചുറ്റുമുള്ളവരെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയതും. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് മൂന്നാംറാങ്കും ബിരുദാനന്തര ബിരുദത്തിന് ഒന്നാംറാങ്കും ഗോകുലിനായിരുന്നു. ഇപ്പോൾ കേരള സർവകലാശാലയിൽ ഗവേഷകവിദ്യാർഥിയാണ്.