തുറവൂർ: കിട്ടിയ ജോലി രാജിവെച്ചശേഷമാണ് സിവിൽ സർവീസ് സ്വപ്നം യാഥാർഥ്യമാക്കാൻ പഠനം തുടർന്നത്. ഒടുവിൽ ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ദേവിയെന്ന ഇരുപത്തിയാറുകാരി. എഴുപുന്ന വല്ലേത്തോട് ചങ്ങരം കിഴക്കേമുറിയിൽ കെ.പി. പ്രേമചന്ദ്രന്റെയും ഗീതയുടെയും മകൾ പി. ദേവിയാണ് സിവിൽ സർവീസ് പരീക്ഷയിൽ 143-ാം റാങ്ക് നേടിയത്.

ആദ്യതവണ പരീക്ഷയെഴുതിയപ്പോൾ പ്രിലിമിനറി കടന്നു. രണ്ടാംതവണ പ്രിലിമിനറിയും പ്രധാന പരീക്ഷയിലും വിജയിച്ചെങ്കിലും അഭിമുഖപരീക്ഷയിൽ മാർക്കു കുറഞ്ഞു. നിശ്ചയദാർഢ്യത്തോടെ പഠിച്ച ദേവി മൂന്നാംതവണ വിജയം കൈപ്പിടിയിലൊതുക്കി.

പട്ടണക്കാട് പബ്ലിക് സ്കൂളിൽ പഠിച്ച് പ്ലസ്ടു വിജയിച്ചതുമുതൽ സിവിൽ സർവീസ് ദേവിയുടെ സ്വപ്നമായിരുന്നു. കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിൽനിന്നു ബി.ടെക്. പൂർത്തിയാക്കി തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലിക്കു കയറി.

സിവിൽ സർവീസ് പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമെത്തിയപ്പോൾ ജോലി രാജിവെച്ചു.

ഭൂമിശാസ്ത്രം ഐച്ഛികവിഷയമായി തിരഞ്ഞെടുത്താണ് ദേവി സ്വപ്നം സാക്ഷാത്കരിച്ചത്.