തിരുവനന്തപുരം:  ചെറുപ്പം മുതലുള്ള സിവില്‍ സര്‍വീസ് മോഹം കൈപ്പിടിയിലൊതുക്കാന്‍ ഉണ്ടായിരുന്ന ജോലിയും ഉപക്ഷിച്ചാണ് നിർമാണത്തൊഴിലാളിയായ പ്രേംകുമാറിന്റെ മകള്‍ അശ്വതി രണ്ടും കല്‍പ്പിച്ചിറങ്ങിയത്. പഠനകാലത്ത് മികവു പുലര്‍ത്തിയിരുന്ന, റാങ്കോടെ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ അശ്വതിക്ക് പക്ഷെ സിവില്‍ സര്‍വീസ് കീറാമുട്ടിയായി. ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ടിസിഎസില്‍ നല്ലൊരു ജോലിയും നേടിയതിന് ശേഷമാണ് സിവില്‍ സര്‍വീസ് മോഹങ്ങള്‍ അശ്വതി പൊടിതട്ടിയെടുത്തത്.

ജോലി ചെയ്യുന്നതിനിടെ രണ്ടുതവണ അശ്വതി സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. രണ്ടുതവണയും പ്രിലിമിനറി കടക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മാസം 25,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവന്‍ സമയ പരിശീലനത്തിലേക്ക് കടന്നു. എന്നാല്‍ മൂന്നാം തവണയും പരാജയപ്പെട്ടതോടെ വീട്ടുകാരിലാകെ നിരാശ പടര്‍ന്നു.

കൂടെയുണ്ടായിരുന്നവര്‍ നല്ല ജോലിയുമായി മുന്നോട്ടുപോയപ്പോള്‍ ഉണ്ടായിരുന്ന ജോലിയും മൂന്നുവര്‍ഷവും നഷ്ടപ്പെടുത്തിയതിലായിരുന്നു രക്ഷിതാക്കളുടെ ആശങ്ക. എന്നാല്‍ അപ്പോഴും സഹോദരന്‍ പിന്തുണയും പ്രോത്സാഹനവുമായി ഒപ്പം നിന്നു. സഹോദരന്റെ പ്രോത്സാഹനം കിട്ടിയതോടെ ഒന്നുകൂടി പരിശ്രമിക്കാന്‍ അശ്വതി തീരുമാനിച്ചു. 

aswathiസിവില്‍ സര്‍വീസ് അക്കാദമിയിലടക്കം പരിശീലനം നേടിയതിന് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുത്തു. പ്രിലിമനറി കടന്നതോടെ ആത്മവിശ്വാസമേറി. ഇപ്പോള്‍ അവസാന ഘട്ട കടമ്പയും കടന്ന് ഫലം വന്നപ്പോള്‍ കരിക്കകത്തെ സരോവരമെന്ന ഇവരുടെ വീട്ടിലേക്ക് 481-ാം റാങ്കെന്ന തിളങ്ങുന്ന സന്തോഷവാര്‍ത്തയെത്തി. 

പിന്നാലെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും അഭിനന്ദനപ്രവാഹമെത്തി. രാഷ്ട്രീയ രംഗത്തുള്ളവരും മന്ത്രിമാരും അഭിനന്ദനവുമായെത്തി. മലയാളം ഐഛിക വിഷയമായെടുത്താണ് അശ്വതി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആദ്യത്തെ ഒപ്ഷന്‍ ഐഎഎസും രണ്ടാമത്തെ ഒപ്ഷനായി ഐആര്‍എസുമാണ് അശ്വതി നല്‍കിയിരുന്നത്. അതിനാല്‍ 481-ാം റാങ്ക് ആയതിനാല്‍ ഐആര്‍എസ് ആകും ലഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 

നിര്‍മാണ തൊഴിളിലാളിയായ പ്രേംകുമാറിനും ഭാര്യ ശ്രീലതയ്ക്കും ഇപ്പോള്‍ സന്തോഷം മാത്രം.