തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുൻ കളക്ടർ വാസുകിയോടും ടി.വി.അനുപമയോടും തോന്നിയ ആരാധനയായിരുന്നു വലിയൊരു സ്വപ്നം കാണാൻ അശ്വതിയെ പ്രാപ്തയാക്കിയത്.

പക്ഷേ, നിർമാണത്തൊഴിലാളിയായ പ്രേംകുമാറിന്റെയും വീട്ടമ്മയായ ശ്രീലതയുടെയും മകൾക്ക് മുന്നിൽ പരാധീനതകൾ പലകുറി തടസ്സംപിടിച്ചു. എങ്കിലും മൂന്നാം പരിശ്രമത്തിൽ സിവിൽസർവീസ് റാങ്ക് പട്ടികയിൽ അശ്വതി ഇടംപിടിച്ചു. ഈ 481-ാം റാങ്കിന് അതുകൊണ്ടുതന്നെ തിളക്കം ഏറെയാണ്.

സിവിൽ സർവീസ് പരീക്ഷാഫലം വെള്ളിയാഴ്ച പുറത്തുവന്നപ്പോൾ കരിയ്ക്കകം അറപ്പുരവിളാകം ക്ഷേത്രത്തിനടുത്തുള്ള ‘സരോവര’ത്തിൽ കഠിനാധ്വാനത്തിന്റെ വിജയവെട്ടം പരന്നു. അച്ഛൻ പ്രേംകുമാറിനും അമ്മ ശ്രീലതയ്ക്കുമാണ് അശ്വതി ഈ നേട്ടം സമർപ്പിക്കുന്നത്. 27 വയസ്സുകാരിയായ അശ്വതിക്ക് സിവിൽ സർവീസ് മോഹം സ്കൂൾ പഠനകാലത്തേ പിടികൂടിയിരന്നു. പിന്നീട്‌ മികച്ച വനിതാ ഉദ്യോഗസ്ഥമാരെക്കുറിച്ച് അറിയാൻ തുടങ്ങിയതോടെ ഗൗരവമായി പഠനം ആരംഭിച്ചു.

ആദ്യ മൂന്നു തവണയും പ്രിലിംസ് പോലും ജയിച്ചുകയറാൻ അശ്വതിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ അച്ഛനും അമ്മയ്ക്കും ആശങ്കയും വിഷമവുമായി. എന്നാൽ സഹോദരൻ അരുൺ നൽകിയ പിന്തുണയാണ് അശ്വതിക്ക് കരുത്തായത്.

കരിക്കകം ഗവ. ഹൈസ്കൂളിലും കോട്ടൺഹിൽ സ്കൂളിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ അശ്വതി എൻജിനീയറിങ് പഠിച്ചത് ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലാണ്. 481-ാം റാങ്ക് ആയതിനാൽ തന്നെ ഐ.എ.എസ്. കിട്ടാൻ സാധ്യതയില്ല. അതിനാൽ തന്നെ ഐ.എ.എസ്. കിട്ടുംവരെ പരിശ്രമം തുടരാനാണ് അശ്വതിയുടെ തീരുമാനം.