കൂരോപ്പട: പഞ്ചായത്തിൽ ആദ്യമായി സിവിൽ സർവീസ് വിജയം എത്തിച്ച ആര്യ ആർ. നായർക്ക് രണ്ടാം ഊഴത്തിൽമികച്ച നേട്ടം. 113-ാം റാങ്ക് നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്. 2019-ൽ 301-ാം റാങ്ക് നേടിയിരുന്നു.

ഇന്ത്യൻ പോസ്റ്റൽ സർവീസിൽ േസവനം അനുഷ്ഠിക്കുന്നതിനിടയിലാണ് രണ്ടാമതും സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടുന്നത്‌. മധ്യപ്രദേശിൽ ഇന്റലിജൻസ് ബ്യൂറോയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ്‌ ആദ്യം സിവിൽ സർവീസ് പരീക്ഷ പാസായത്. കഠിനാധ്വാനവും അർപ്പണബോധവും സഹായകമായെന്ന് ആര്യ പറഞ്ഞു.

വിദ്യാഭ്യാസം മുഴുവനും കോട്ടയത്താണ് നടത്തിയത്. പ്രയത്‌നിച്ചാൽ ആർക്കും സിവിൽ സർവീസ് പരീക്ഷ പാസാകാനാകും. വീട്ടുകാരുടെ പ്രചോദനമാണ് വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ കാരണം. ഐ.എ.എസിനോടാണ് താത്പര്യമെന്നും ആര്യ പറഞ്ഞു.

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ യു.പി. സ്‌കൂൾ വിദ്യാഭ്യാസവും കൂരോപ്പട സാന്താമരിയ സ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും നടത്തി. കിടങ്ങൂർ എൻജിനീയറിങ്‌ കോളേജിൽനിന്നു ബി.ടെക്‌ ബിരുദവും നേടി. ആദ്യം പാലാ സിവിൽ സർവീസ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. അരവിന്ദനാണ് സഹോദരൻ.