കായംകുളം: ക്ലാസുകളിളെല്ലാം ഒന്നാമനായി പഠിച്ച അനന്ദ് ചന്ദ്രശേറിന് എന്നും നയതന്ത്രവിഷയങ്ങളിലായിരുന്നു താത്പര്യം. അത് 145-ാം റാങ്കോടെ സിവിൽ സർവീസ് നേടാൻ പ്രാപ്തനാക്കുകയും ചെയ്തു. രാമപുരം കീരിക്കാട് പത്തിയൂർക്കാല വടക്കേ അരിവന്നൂർ ഉണ്ണികൃഷ്ണൻനായരുടെയും എൽ. ബിനുവിന്റെയും മകനാണ് അനന്ദ് ചന്ദ്രശേഖർ. ഐ.സി.ഡബ്ലു.ഐ. ക്കാരനായ ഉണ്ണികൃഷ്ണൻനായർ പ്രവാസിയാണ്. അമ്മ ബിനു കാലടി മാണിക്യമംഗലം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്. സഹോദരൻ മിഥുൻചന്ദ്രശേഖർ ഭുവനേശ്വർ ഐ.ഐ.ടി.യിലെ വിദ്യാർഥി.

അനന്ദ് കുവൈത്തിലും അബുദാബിയിലും ഖത്തറിലുമായാണ് ഏഴാംക്ലാസുവരെ പഠിച്ചത്. തുടർന്ന് നാട്ടിലെത്തി പത്താംക്ലാസുവരെ തിരുവല്ല അമൃതവിദ്യാലയത്തിൽ പഠിച്ചു. പ്ലസ്ടുവിനു ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാറിലായിരുന്നു. പിന്നീട് ഗോവ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ടോണിക്‌സിൽ ബി.ടെകിനു പഠിച്ചു. രണ്ടരവർഷമായി സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നുണ്ട്. രണ്ടാംശ്രമത്തിലാണു നേടിയത്.

ഇപ്പോൾ ഡൽഹിയിൽ സാമൂഹിക നീതിശാക്തീകരണ മന്ത്രാലയത്തിൽ തമിഴ്‌നാട് സംസ്ഥാനത്തിന്റെ കോ - ഓർഡിനേറ്ററായി താത്കാലിക ജോലിയുണ്ട്. കഴിഞ്ഞാഴ്ച വീട്ടിലെത്തിയിരുന്നു. അനന്ദ് ഫുട്ബോൾ പ്രേമികൂടിയാണ്.