alexതൃശ്ശൂർ: ചേർപ്പ് സ്വദേശി അലക്സ് എബ്രഹാമിന് (28) സിവിൽ സർവീസ് പരീക്ഷയിൽ 299-ാം റാങ്ക്. പെരുമ്പിള്ളിശ്ശേരി പള്ളിപറമ്പിൽ ജോയ്സിന്റെയും ജിജിയുടെയും മകനാണ്. ഭൂമിശാസ്ത്രം ആയിരുന്നു വിഷയം. ചേർപ്പ് ലൂർദ് മാതാ, കുരിയച്ചിറ സെയ്ൻറ് ജോസഫ്, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് (സി.ഇ.ടി.) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. തിരുവനന്തപുരം ഐലേൺ എന്ന സ്ഥാപനത്തിലായിരുന്നു സിവിൽ സർവീസ് പരിശീലനം. ഐലേണിൽതന്നെ ഇപ്പോൾ അധ്യാപകനാണ്.

തിരുവനന്തപുരത്തേക്ക് പോയത് സൈക്കിളിൽ

പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിൽനിന്ന് സൈക്കിളിലാണ് അലക്സ് എബ്രഹാം തിരുവനന്തപുരത്തേക്ക് പോയത്. ചവിട്ടുംതോറും മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസം നൽകുന്ന സൈക്ലിങ്ങിനോട് വലിയ ഹരമുള്ള അലക്സ് പറയുന്നു, ഇനി ഐ.പി.എസ്. ആണ് ലക്ഷ്യം. അപ്പച്ചന്റെ പാതയിലെത്തണം. പുതുക്കാട് എസ്.ഐ. ആയിരുന്ന അപ്പച്ചൻ ജോയ്സിന്റെ ആഗ്രഹം കൂടിയാണ് മകൻ ഐ.പി.എസുകാരൻ ആകണമെന്നത്. 2018-ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയിരുന്നു. പക്ഷേ ഇൻറർവ്യൂവിൽ നിസ്സാര മാർക്കിനാണ് നഷ്ടപ്പെട്ടത്. വാശിയോടെ വീണ്ടും പരീക്ഷയെഴുതിയ അലക്സിന് ഇക്കുറി നല്ലൊരു നേട്ടം കൈവരിക്കാനായി. തിരുവനന്തപുരത്ത് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം നടത്തുന്ന അതേ സ്ഥാപനത്തിൽ ഇപ്പോൾ പരിശീലകനാണ്. അപ്പച്ചൻ ജോയ്സ് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ പരിശീലകനാണ്. അമ്മ ജിജി വീട്ടിൽ കേക്ക് നിർമാണരംഗത്ത് സജീവമാണ്. അപ്പൂപ്പൻ അബ്രഹാം അമ്മാടം സ്കൂളിലെ പ്രധാനാധ്യാപകൻ ആയിരുന്നു. അലക്സ് കോളേജിൽ പഠിക്കുമ്പോൾ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറുകളിൽ പങ്കെടുക്കാറുണ്ട്. കാമ്പസ് സെലക്ഷൻ മുഖേന ഖത്തറിൽ ജോലി ലഭിച്ചു. സിവിൽ എൻജിനീയറായി രണ്ട് വർഷം ജോലി ചെയ്തു. മടങ്ങിയെത്തിയ ശേഷം തന്റെ ആഗ്രഹസഫലീകരണത്തിനായി തിരുവനന്തപുരത്ത് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് ചേർന്നു. ‘ചേർപ്പ് ഓൺ വീൽസ്’ എന്ന സൈക്ലിങ്‌ കൂട്ടായ്മയിൽ അംഗമാണ് അലക്സ്