ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐ.ഐ.ടി. മുംബൈയിലെ ബിരുദധാരി ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും നേടി. തൃശ്ശൂർ സ്വദേശിയായ കെ. മീരയ്ക്ക് ആറാം റാങ്കുണ്ട്.

ആദ്യ ആറു റാങ്കുകളിൽ അഞ്ചും വനിതകൾക്കാണ്. ഒന്നും രണ്ടും റാങ്കുകൾ നേടിയത് എൻജിനിയറിങ് ബിരുദധാരികളും. ഭോപാലിലെ മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന്‌ ഇലക്‌ട്രിക്കൽ എൻജിനിയറിങ് ബിരുദധാരിയാണ് ജാഗൃതി അവസ്തി. ശുഭം കുമാർ നരവംശശാസ്ത്രവും ജാഗൃതി സാമൂഹികശാസ്ത്രവുമായിരുന്നു സിവിൽ സർവീസിനായി തിരഞ്ഞെടുത്ത ഐച്ഛികവിഷയങ്ങൾ.

ആദ്യ പത്തുപേരിൽവന്ന മീര കെ. തൃശ്ശൂർ കോലഴി സ്വദേശിനിയാണ്. കോഴിക്കോട് വടകര സ്വദേശി മിഥുൻ പ്രേംരാജ് 12-ാം റാങ്കും പാലക്കാട് സ്വദേശിനിയും മുംബൈ മലയാളിയുമായ കരിഷ്മ നായർ 14-ാം റാങ്കും പി. ശ്രീജ 20-ാം റാങ്കും നേടി പട്ടികയിലെ മലയാളിത്തിളക്കങ്ങളായി.

545 ആൺകുട്ടികളും 216 പെൺകുട്ടികളും അടക്കം 761 പേരാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.